Flash News

6/recent/ticker-posts

മുടികൊഴിച്ചിലിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി; ഡോക്ടർക്കെതിരെ ആത്മഹത്യ കുറിപ്പ്

Views
കോഴിക്കോട്: മുടികൊഴിച്ചിലില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി.  Aകോഴിക്കോട് നോര്‍ത്ത് കന്നൂര്‍ സ്വദേശി പ്രശാന്തിനെയാണ് ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിന് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ മുടികൊഴിച്ചിലിന് ചികിത്സിച്ച ഡോക്ടറുടെ പേരെഴുതിയ ആത്മഹത്യകുറിപ്പ് ലഭിച്ചിട്ടും പൊലീസ് അന്വേഷണം വൈകുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.

യുവാവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ അത്തോളി പൊലീസിൽ പരാതി നല്‍കിയിരുന്നു. എന്നാൽ ആത്മഹത്യാകുറിപ്പിൽ ഡോക്ടറുടെ പേരുണ്ടായിട്ടും കാര്യമായ അന്വേഷണം നടത്താൻ പൊലീസ് തയ്യാറായില്ലെന്നാണ് ആരോപണം. അതേസമയം അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

2014 മുതലാണ് പ്രശാന്ത് മുടികൊഴിച്ചിന് ചികിത്സ തേടിയത്. മരുന്ന് ഉപയോഗിച്ചു തുടങ്ങിയാൽ ആദ്യം മുടിയെല്ലാം കൊഴിയുമെന്നും പിന്നീട് നല്ല മുടി വരുമെന്നും ഡോക്ടര്‍ പ്രശാന്തിനെ പറഞ്ഞു വിശ്വസിപ്പിച്ചു. മരുന്ന് കഴിക്കാൻ തുടങ്ങിയതോടെ മുടി നല്ലതുപോലെ കൊഴിയാന്‍ തുടങ്ങി. തലയിൽ മാത്രമല്ല, കൈയിലെയും പുരികത്തിലെയും വരെ രോമം കൊഴിയാന്‍ തുടങ്ങി. ഇതോടെയാണ് യുവാവ് ജീവനൊടുക്കിയത്.

ആത്മഹത്യാകുറിപ്പിൽ ഇക്കാര്യങ്ങളെല്ലാം വിശദമായി പരാമർശിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. കൈയിലെയും പുരികത്തിലെയും രോമം കൊഴിഞ്ഞത് കണ്ടുനില്‍ക്കാന്‍ കഴിയുന്നില്ലെന്നും പുറത്തിറങ്ങി ആളുകളെ അഭിമുഖീകരിക്കാന്‍ വരെ പ്രയാസം തോന്നുന്നതായും പ്രശാന്ത് എഴുതിയ ആത്മഹത്യകുറിപ്പിലുണ്ട്.

പ്രശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാർ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. ആദ്യം അത്തോളി പൊലീസിലാണ് പരാതി നല്‍കിയത്. നടപടിയൊന്നും ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് കോഴിക്കോട് റൂറൽ എസ്.പിക്ക് പരാതി നല്‍കി. എന്നാൽ പ്രാഥമിക അന്വേഷണം നടത്തിയതിൽ ഡോക്ടർക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്നും, വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പൊലീസ് പറയുന്നത്.



Post a Comment

0 Comments