Flash News

6/recent/ticker-posts

‘ലോകകപ്പിൽ ടീമുകൾ തോൽക്കുന്നതിനനുസരിച്ച് ഫ്ലക്സുകൾ മാറ്റണം’; ആരാധകരോട് എംബി രാജേഷ്

Views


തിരുവനന്തപുരം: ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഉയർന്നിട്ടുളള ഫ്ലക്സുകൾ ഫൈനൽ മത്സരം കഴി‍ഞ്ഞാൽ മാറ്റണമെന്ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എംബി രാജേഷ്. ടീമുകൾ പുറത്താകുന്നതിന് അനുസരിച്ച് ബോർഡുകൾ നീക്കം ചെയ്യാൻ ആരാധകർ തയ്യാറാകണം. പ്ലാസ്റ്റിക് അധിഷ്ഠിത പ്രന്റിങ് രീതികൾ കഴിവതും ഒഴിവാക്കണം. കോട്ടൺ തുണി, പേപ്പർ അധിഷ്ഠിത പ്രിന്റിങ് രീതികൾ എന്നിവക്ക് പരി​ഗണന നൽകണം. ലോകകപ്പിന്റെ പ്രചരണാർത്ഥം നിരോധിത വസ്തുക്കൾ ഉപയോ​ഗിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഫൈനൽ കഴിഞ്ഞാൽ ഫ്ലക്സുകൾ നീക്കം ചെയ്തെന്ന് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു. ഈ ലോകകപ്പ് മയക്കുമരുന്ന് വിരുദ്ധവും മാലിന്യമുക്തവുമായി ആഘോഷിക്കണം. ഇതിനായി എല്ലാവരും സഹകരിക്കണമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ക്ലബ്ബുകളുടേയും വിവിധ കൂട്ടായ്മകളുടേയും യോ​ഗം വിളിച്ചു ചേർക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഹരിത ചട്ടം പാലിച്ച് ഫുട്ബോൾ ആഘോഷം സംഘടിപ്പിക്കുന്ന കൂട്ടായ്മകളെ ശുചിത്വമിഷന്റെ നേതൃത്വത്തിൽ ജില്ലാ തലത്തിൽ ആദരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒറ്റത്തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റികും, പിവിസി ഫ്ലക്സുകളും നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. പിവിസി ഫ്ലക്സുകൾക്ക് പകരമായി പുനചംക്രമണത്തിന് സാധ്യമാകുന്ന പോളി എഥിലിൻ മെറ്റീരിയലുകൾ ഉപയോ​ഗിച്ച് പരസ്യം ചെയ്യാം. ഇവ സമയബന്ധിതമായി നീക്കം ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു. ബോർഡുകളും ഫ്ലക്സുകളും യാത്ര മറയ്ക്കുന്ന തരത്തിൽ സ്ഥാപിക്കരുത്. നിരോധിത പിവിസി ഫ്ലക്സുകൾ പ്രിന്റ് ചെയ്യുന്ന സ്ഥലങ്ങളിൽ പരിശോധന കർശനമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Post a Comment

0 Comments