Flash News

6/recent/ticker-posts

ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി സുവനീര്‍ 'ഡ്രിസ്സില്‍' സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു

Views

ദുബൈ: പ്രവാസ വായനയിലൂടെ പുതുതലമുറക്ക് പോയ കാലത്തിന്റെ ചരിത്രം പറഞ്ഞു കൊടുക്കുന്ന സമുജ്വല ഗ്രന്ഥമാണ് ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി പ്രസിദ്ധീകരിച്ച 'ഡ്രിസ്സില്‍' സുവനീറെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. നാടിനോടുള്ള ആദരവും പ്രതിജ്ഞാബദ്ധതയും പ്രതിഫലിക്കുന്ന ചാറ്റല്‍ മഴ എന്നര്‍ത്ഥമുള്ള ഈ വിശിഷ്ട ഗ്രന്ഥം അനുവാചക സമൂഹത്തിന് മുന്നില്‍ സമര്‍പ്പിക്കാന്‍ അതിയായ ആഹ്‌ളാദമാണുള്ളതെന്നും തങ്ങള്‍ പറഞ്ഞു. ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച 'മലപ്പുറോല്‍സവ് 2022 ചടങ്ങിൽ ഡ്രിസ്സിൽ സുവനീറിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുസ്‌ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി അഡ്വ: പി.എം.എ സലാം, ദേശീയ ഉപാധ്യക്ഷന്‍ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം,പി.വൈ:പ്രസിഡന്റ് ഡോ: സി.പി.ബാവ ഹാജി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം നിര്‍വഹിക്കപ്പെട്ടത്. 
സൂഫിവര്യന്മാരും പണ്ഡിതന്മാരും എഴുത്തുകാരും സ്വാതന്ത്ര്യ സമര സേനാനികളും നന്മയുടെ സ്വരമാധുര്യം തീര്‍ത്ത മണ്ണാണ് മലപ്പുറം.അഭിപ്രായ വ്യത്യാസങ്ങളും അഭിപ്രായ സ്വാതന്ത്ര്യവുമാണ് ജനാധിപത്യത്തെ സുന്ദരവും വ്യത്യസ്തവുമാക്കുന്നത്.വൈവിധ്യമാര്‍ന്ന സാംസ്‌കാരികതയെ നെഞ്ചോടു ചേര്‍ത്ത പാരമ്പര്യമാണ് ഇന്ത്യയുടേത്. ആ സംസ്‌കൃതിയെ ഏകാശയത്തിലേക്ക് നയിക്കുകയെന്നാല്‍ സംസ്‌കാരത്തിന്റെ ശവഭൂമി ഒരുക്കുന്നതിന് തുല്യമാണ്. ചിന്തകളുടെ ഊഷ്മളത ഏറ്റെടുക്കാന്‍ നാമെല്ലാം സന്നദ്ധമാവണമെന്നും അത്തരം വിചാര ലോകത്തേക്ക് സമൂഹത്തെ നയിക്കുന്ന അപൂര്‍വ റഫറന്‍സ് ഗ്രന്ഥമാണിതെന്നും പറഞ്ഞ സാദിഖലി തങ്ങള്‍ ഈ മഹത്തായ നന്മ നിര്‍വഹിച്ച ദുബൈ-മലപ്പുറം ജില്ലാ കെ.എം.സി.സിയെ മുക്തകണ്ഠം പ്രശംസിച്ചു. 'മലപ്പുറോല്‍സവ് 2022'ന്റെ ഉദ്ഘാടനവും സാദിഖലി തങ്ങള്‍ നിര്‍വഹിച്ചു. 

മലപ്പുറത്തിന്റെ സകല മേഖകളെയും തൂലികയിലൂടെ അനാവരണം ചെയ്ത 'ഡ്രിസ്സില്‍' കെട്ടിലും മട്ടിലും എഴുത്തിലും മികവു പുലര്‍ത്തിയിട്ടുണ്ട്. ഇന്തോ-അറബ് ബന്ധവും ഇമാറാത്തി സംസ്‌കാരവും കെഎംസിസി-മുസ്‌ലിം ലീഗ് ചരിത്രവും വര്‍ത്തമാനവും ഇതില്‍ വായനക്കാര്‍ക്കായി ഉള്‍പ്പെടുത്തിയിരിക്കുന്നു. 
ജില്ലാ പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്റെ അധ്യക്ഷതയില്‍ അബ്ദുല്ല മഹമ്മദ് അന്‍വറിന്റെ ഖിറാഅത്തോടെ ആരംഭിച്ച പ്രൗഢ ചടങ്ങില്‍ ജില്ലാ ജന.സെക്രട്ടറി പി.വി നാസര്‍ സ്വാഗതമാശംസിച്ചു. യു.എ.ഇ.കെ.എം.സി.സി ജന.സെക്രട്ടറിയും 'ഡ്രിസ്സില്‍' ചീഫ് എഡിറ്ററുമായ പി.കെ അന്‍വര്‍ നഹ ആമുഖ ഭാഷണം നടത്തി. മാഗസിന്‍ എഡിറ്റര്‍ എ.പി.മുഹമ്മദ് നൗഫല്‍ ഗ്രന്ഥപരിചയം നടത്തി. യു.എ.ഇ.കെ.എം.സി.സി. പ്രസിഡന്റ് ഡോ: പുത്തൂര്‍ റഹ്മാന്‍, ദുബൈ കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ ആശംസ നേര്‍ന്നു. 
ബിസിനസ്, വ്യവസായ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സുബൈര്‍ നുറുക്കുപറമ്പില്‍, സെയ്ദ് മുഹമ്മദ് അല്‍തഖ്‌വ,ഫിറോസ് കരുമണ്ണില്‍ എന്നിവരെ ചടങ്ങില്‍ സയ്യിദ് ശിഹാബ് ഔട്‌സ്റ്റാന്റിംഗ് പേഴ്‌സണാലിറ്റി അവാര്‍ഡ് നല്‍കി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആദരിച്ചു.അബ്ദുള്ള ഫാറൂഖി,നിസാർ തളങ്കര,സി.വി.എം. വാണിമേൽ, അഹമ്മദ് ഷാജു,മുസ്തഫ തിരൂർ,പി.കെ. ഇസ്മായിൽ,റാഷിദ് ബിൻ അസ്ലം,സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍,റിയാസ് ചേലേരി,പി.കെ.എ കരീം,ടി.വി നസീര്‍, ആർ.ശുക്കൂർ, കെ.പി.എ.സലാം, അവയിൽ ഉമ്മർ ഹാജി, ബക്കർ ഹാജി കരേക്കാട് തുടങ്ങിയ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ദുബൈ-മലപ്പുറം ജില്ലാ കെ.എം.സി.സി.ട്രഷറര്‍ സിദ്ദീഖ് കാലൊടി നദി പറഞ്ഞു. വി.കെ റഷീദ് പരിപാടിയുടെ അവതാരകനായിരുന്നു. ഫാസില ബാനു, അബ്‌ലജ മുജീബ്, നൗഷാദ് ('പട്ടുറുമാല്‍' ഫെയിം) എന്നിവരുടെ നേതൃത്വത്തിൽ ഇശൽ രാവ് അരങ്ങേറി.

ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി പ്രസിദ്ധീകരിച്ച സുവനീര്‍ 'ഡ്രിസ്സില്‍' മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യുന്നു

മലപ്പുറത്തിന്റെ മഹാ നന്മകളെ തകര്‍ക്കാനാവില്ല: സമദാനി 
ദുെൈബ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തണല്‍ മരമാണ് കെ.എം.സി.സി.യെന്ന് മുസ്‌ലിം ലീഗ് ദേശീയ ഉപാധ്യക്ഷന്‍ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എംപി. ദുബൈ-മലപ്പുറം ജില്ലാ കെ.എം.സി.സി.ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച 'മലപ്പുറോല്‍സവ് 2022'ല്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എഴുത്തിന്റെയും വായനയുടെയും മഹത്വത്തിലേക്ക് മനുഷ്യ നന്മയുടെ ചാറ്റല്‍മഴയായി പെയ്യാന്‍ ഈ ഗ്രന്ഥത്തിന് കഴിയുമെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നുവെന്ന് സമദാനി പറഞ്ഞു. ശാസ്ത്രം ഒരു വിജ്ഞാന ശാഖയായി വികസിക്കാത്ത കാലത്ത് ജീവന്‍ ജലത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ടുവെന്ന ഖുര്‍ആന്റെ വിശ്വ പ്രഖ്യാപനം ശ്രദ്ധേയമാണ്. വെറുപ്പുല്‍പാദനത്തിന്റെ യാന്ത്രിക സംവിധാനങ്ങള്‍ വളര്‍ച്ച പ്രാപിച്ച പുതിയ കാലത്ത് അവ അനാവരണം ചെയ്യാനും സത്യം തുറന്നെഴുതാനും എഴുത്ത് കാരണമാകുന്നു. സ്വാതന്ത്ര്യ സമരത്തിലും സാംസ്‌കാരിക-രാഷ്ട്രീയ-മത മേഖലകളിലും എണ്ണിയാലൊടുങ്ങാത്ത അടയാപ്പെടുത്തലുകള്‍ നടത്തിയ മണ്ണാണ് മലപ്പുറത്തിന്റേത്. വള്ളത്തോളും മേല്‍പ്പത്തൂരും പൂന്താനവും ഇടശ്ശേരിയും ഉറൂബും കുട്ടികൃഷ്ണ മാരാരും എം.ഗോവിന്ദനും എം.പി നാരായണ മേനോനും എ.വി മുഹമ്മദും കോട്ടക്കല്‍ പി.എസ് വാരിയരും ഡോ. പി.കെ വാരിയരും മോയിന്‍കുട്ടി വൈദ്യരും 
മഹാ ഗിരി ശൃംഗ സമാനരായി തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുന്ന മണ്ണാണിത്. പി.സി കുട്ടികൃഷ്ണനിലെ ഉറൂബ് അസ്തമനം എന്ന അറബി വാക്കില്‍ നിന്നുള്ളതാണ്. ഭാരതത്തിന്റെ വടക്കൊരു ജാലിയന്‍ വാലാബാഗെങ്കില്‍ തെക്ക് ഇങ്ങ് തിരൂരില്‍ വാഗണ്‍ കൂട്ടക്കൊലയുണ്ടായി. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ജയില്‍ ശിക്ഷയിലായിരുന്നപ്പോള്‍ അദ്ദേഹത്തിന് ഇംഗ്‌ളീഷില്‍ കത്തെഴുതിയ മാളു ഹജ്ജുമ്മ ജീവിച്ച 100 വര്‍ഷം മുമ്പുള്ള ആ സംഭവം എത്ര അല്‍ഭുതകരവും ആവേശദായകവുമാണ്.മലപ്പുറത്തെ മോശമാക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്ന ഇക്കാലത്ത് അതൊന്നും വിലപ്പോവില്ലെന്നാണ് ഓര്‍മിപ്പിക്കാനുള്ളതെന്നും ഹിന്ദുവും മുസ്‌ലിമും ഒന്നായി നിന്ന് നേടിയ സ്വാതന്ത്ര്യവും സൗഹാര്‍ദ്ദവും തകര്‍ക്കാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. 'ഡ്രിസ്സില്‍' മികച്ചൊരു അസാധാരണ ഗ്രന്ഥമെന്നതില്‍ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ദുബൈ-മലപ്പുറം ജില്ലാ കെ.എം.സി.സി.ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച 'മലപ്പുറോല്‍സവ് 2022'ല്‍ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എംപി മുഖ്യ പ്രഭാഷണം നടത്തുന്നു

കെഎംസിസി ലോക നിലവാരമുള്ള പ്രസ്ഥാനം: പി.എം.എ സലാം 
ദുബൈ:പാവങ്ങളെ സഹായിച്ചും വേദനിപ്പിക്കുന്നവരെ സമാശ്വസിപ്പിച്ചും ചേര്‍ന്നു നിന്നു ലോക നിലവാരമുള്ള പ്രസ്ഥാനമായി കെ.എം.സി.സി. മാറിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. ദുബൈ-മലപ്പുറം ജില്ലാ കെഎംസിസിയുടെ മലപ്പുറോല്‍സവില്‍ ആശംസ നേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് എന്ന ചേതോവികാരം പകര്‍ന്നു നല്‍കിയത് സേവനം മാത്രമല്ല, സംഘബോധവും ഐക്യപ്പെടലും കൊണ്ട് മുസ്‌ലിം-ന്യൂനപക്ഷ-പിന്നാക്ക-ദളിത് സമൂഹങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതിലും അത് മികച്ച സംഭാവനയായെന്നും അദ്ദേഹം വ്യക്തമാക്കി. 'ഡ്രിസ്സില്‍' സുവനീര്‍ മികച്ച ഉപഹാരമാണെന്നും അദ്ദേഹം പ്രകീര്‍ത്തിച്ചു. 

ദുബൈ-മലപ്പുറം ജില്ലാ കെഎംസിസിയുടെ മലപ്പുറോല്‍സവില്‍ ആശംസ നേര്‍ന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി അഡ്വ. പി.എം.എ സലാം സംസാരിക്കുന്നുPost a Comment

0 Comments