Flash News

6/recent/ticker-posts

രാജ്യത്ത് ഡിജിറ്റൽ രൂപ ഇന്ന് മുതൽ പുറത്തിറങ്ങും

Views
ന്യൂഡൽഹി: റീട്ടെയിൽ ഉപഭോക്താക്കൾക്കായി പരീക്ഷണം എന്ന നിലയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച ഡിജിറ്റൽ രൂപ ഇന്ന്  പുറത്തിറങ്ങും. സാമ്പത്തിക രംഗത്തെ കുതിച്ചുചാട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിആർഡിസി) എന്ന ഇ-രൂപ ഡിജിറ്റൽ ടോക്കൺ രൂപത്തിലാകും ഉപഭോക്തക്കൾക്ക് ലഭിക്കുക. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത സ്ഥലങ്ങളിലാകും ഇ-രൂപ ലഭിക്കുകയെന്നും ആർബിഐ അറിയിച്ചിട്ടുണ്ട്. എസ്ബിഐ അടക്കം നാല് ബാങ്കുകളാണ് ഡിജിറ്റൽ രൂപ ലഭ്യമാക്കുകയെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ തന്നെ ഏറെ മാറ്റങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ഈ സുപ്രധാന പ്രഖ്യാപനത്തിന് പിന്നാലെ നിരവധി  സംശയങ്ങളാകാം ജനങ്ങൾക്കുള്ളത്. അവയ്‌ക്കുള്ള പരിഹാരമിതാ.

*എന്താണ് ഡിജിറ്റൽ രൂപ* :-

ഇന്ത്യൻ രൂപയുടെ ഇലക്ട്രേണിക് പതിപ്പിനെയാണ് ഡിജിറ്റൽ രൂപയെന്നും സിആർഡിസിയെന്നും ഇ-രൂപയെന്നും വിളിക്കുന്നത്. ഡിജിറ്റൽ ടോക്കൺ രൂപത്തിലാകും ആർബിഐ ഇത് ലഭ്യമാക്കുക. നിലവിൽ പേപ്പർ കറൻസികളും നാണയങ്ങളും വിതരണം ചെയ്യുന്ന അതേ മൂല്യത്തിൽ തന്നെയാകും ഡിജിറ്റൽ രൂപയും പുറത്തിറങ്ങുക.

*എവിടെ ഡിജിറ്റൽ രൂപ ലഭ്യമാകും* :- 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നീ നാല് ബാങ്കുകളാകും ആദ്യഘട്ടത്തിൽ ഡിജിറ്റൽ രൂപ ലഭ്യമാക്കുന്നത്. ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, കോറ്റക് മഹീന്ദ്ര ബാങ്കും വൈകാതെ ഇതിന്റെ ഭാഗമാകും.

മുംബൈ,ന്യൂഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിലാകും ആദ്യഘട്ടത്തിൽ ഡിജിറ്റൽ രൂപ ലഭിക്കുക. രണ്ടാം ഘട്ടത്തിൽ അഹമ്മദാബാദ്, ഗുവാഹട്ടി, ഹൈദരാബാദ്, കൊച്ചി, ലക്‌നൗ, ഗാംഗ്‌ടോക്ക്,പാട്‌ന, ഷിംല എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും. ഘട്ടം ഘട്ടമായി വിവിധ ബാങ്കുകളിലേക്കും നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

എങ്ങനെ ഡിജിറ്റൽ രൂപ ലഭ്യമാകും? പ്രവർത്തന രീതി എങ്ങനെ :-

നിലവിൽ ലഭ്യമാകുന്ന പേപ്പർ കറൻസിക്ക് സമാനമായ രീതിയിലാകും ഡിജിറ്റൽ രൂപയും ലഭ്യമാകുക. ബാങ്കുകൾ വഴിയാകും ലഭിക്കുക. തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന ഡിജിറ്റൽ വാലറ്റ് ഉപയോഗിച്ചാകും ഇടപാടുകൾ നടത്തുക. ഡിജിറ്റൽ വാലറ്റുകൾ മൊബൈൽ ഫോണുകളിലും ഉപകരണങ്ങളിലും ആപ്ലിക്കേഷനുകളുടെയും സമാന പ്ലാറ്റ്‌ഫോമുകളുടെയും രൂപത്തിൽ സൂക്ഷിക്കേണ്ടതുണ്ട്. വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കും വ്യക്തിയിൽ നിന്ന് വ്യാപാരിയിലേക്കും ഇടപാടുകൾ നടത്താനാകും. ഉപയോക്താക്കൾക്ക് ക്യൂആർ കോഡ് വഴി വ്യാപാരികൾക്ക് പേയ്‌മെന്റുകൾ നടത്താം.  ഡിജിറ്റൽ രൂപയ്‌ക്ക് പലിശ ലഭ്യമാകില്ല.

*ഡിജിറ്റൽ രൂപ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ* :-

ഇപ്പോൾ പ്രചാരത്തിലുള്ള ഇന്ത്യൻ രൂപയ്‌ക്ക് സമാനമായ തരത്തിലാകും ഡിജിറ്റൽ രൂപയും. പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റൽ രൂപ പുറത്തിറക്കുന്നത്. ഈ ഘട്ടത്തിൽ നടത്തുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാകും രണ്ടാം ഘട്ടം വിപുലമാക്കുക. വളരെ പെട്ടെന്ന് സംഭവിക്കുന്ന കാര്യമാവില്ല ഇതെന്നും സമയമെടുത്താകും വികസിപ്പിക്കുകയെന്നും ആർബിഐ അറിയിച്ചിട്ടുണ്ട്. ലോകത്തിൽ ആദ്യമായാണ് ഇത്തരം ഡിജിറ്റൽ രൂപ പുറത്തിറക്കുന്നതെന്നും അതിനാൽ വളരെ ജാഗ്രതയോടെയാകും ഓരോ നീക്കവുമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.



Post a Comment

0 Comments