Flash News

6/recent/ticker-posts

ഒറ്റ ഫ്രീകിക്കിലൂടെ എത്തിച്ചേർന്നത് ഖത്തറിന്റെ ലോകകപ്പ് വേദിയിൽ. കൺമുൻപിലെ കളിക്കളത്തിൽ ഇഷ്ട താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കണ്ടത് ഇപ്പോഴും അവിശ്വസനീയം.

Views ദോഹ: ഒറ്റ ഫ്രീകിക്കിലൂടെ എത്തിച്ചേർന്നത് ഖത്തറിന്റെ ലോകകപ്പ് വേദിയിൽ. കൺമുൻപിലെ കളിക്കളത്തിൽ ഇഷ്ട താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കണ്ടത് ഇപ്പോഴും അവിശ്വസനീയം. കണ്ണുകളെ വിശ്വസിക്കാൻ പറ്റാത്ത അത്രയും സന്തോഷം എന്നാണ് മലപ്പുറം തിരൂർക്കാട് എഎംഎച്ച്എസ്സിലെ 9-ാം ക്ലാസ് വിദ്യാർഥിനിയായ ഫിദ ഫാത്തിമയ്ക്ക് പറയാനുള്ളത്.

മലപ്പുറത്തിന്റെ ഭാവി ഫുട്ബോൾ താരമായ ഫിദ ഫാത്തിമ ഇന്നലെ ഖത്തറിലെ ലോകകപ്പ് ഫൈനൽ വേദിയായ ലുസെയ്ൽ സ്റ്റേഡിയത്തിൽ പോർച്ചുഗലും ഉറുഗ്വെയും തമ്മിലുള്ള ലോകകപ്പ് മത്സരമാണ് കണ്ടത്. ഈ മാസം 26 നാണ് ഫിദ ദോഹയിൽ എത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഫിഫ ഫാൻ ഫെസ്റ്റിവലിലെയും മറ്റ് ഫാൻ സോണുകളിലെയും ലോകകപ്പ് കാഴ്ചകൾ കണ്ടു. ഖത്തറിലെ ട്രാവൽ ഏജൻസിയായ ഗോ മുസാഫിറിന്റെ ജനറൽ മാനേജർ ഫിറോസ് നാട്ടു ആണ് ഫിദയ്ക്ക് ലോകകപ്പ് മത്സരം കാണാനുള്ള അവസരമൊരുക്കിയത്.
സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഫിദയുടെ ഫ്രീ കിക്കിലൂടെ ടീം വിജയിച്ചതിന്റെ വിഡിയോ തരംഗമായിരുന്നു. അതോടെ ഫിദയെ തേടി ഫിറോസിന്റെ വിളിയെത്തി. ക്രിസ്റ്റ്യാനോയുടെ മത്സരം കാണാനുള്ള ടിക്കറ്റെടുത്ത ശേഷമാണ് ഫിറോസ് ക്ഷണിച്ചത്.

പഠനത്തിനാണ് മുൻതൂക്കം. പക്ഷേ, ഫുട്ബോൾ വിട്ടൊരു കളിയില്ല. ഡോക്ടറായാലും എൻജിനീയറായാലും ഒപ്പം ഫുട്ബോളും ഉണ്ടാകും. പ്രഫഷനൽ ഫുട്ബോൾ താരമാകണം എന്നു തന്നെയാണ് ഫിദയുടെ ആഗ്രഹം. മേലെ അരിപ്ര എം.വി. ഷിഹാഹുദ്ദീന്റെയും ബുഷ്റ മേച്ചേരിയുടെയും മകളാണ്. സ്വപ്നം യാഥാർഥ്യമാക്കിയതിന്റെ സന്തോഷത്തിലാണ് നാളെ ഫിദ നാട്ടിലേക്ക് മടങ്ങുന്നത്.


Post a Comment

0 Comments