Flash News

6/recent/ticker-posts

ലോക ഫുട്ബോളിനെ വിസ്മയിപ്പിച്ച പലർക്കും ഇത് അവസാന ലോകകപ്പാണ്.world cup

Views താരകങ്ങൾ പാദുകമഴിക്കുന്നു
നക്ഷത്രങ്ങളേ, ഒന്നുകൂടി മിന്നാമോ?* ഖത്തർ ലോകകപ്പോടെ ബൂട്ടഴിക്കുന്നവരുടെ പേരുകൾ കേട്ടാൽ ആരും ചോദിച്ചുപോകും. ലോക ഫുട്ബോളിനെ വിസ്മയിപ്പിച്ച പലർക്കും ഇത് അവസാന ലോകകപ്പാണ്. ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്‌മർ, റോബർട്ട് ലെവൻഡോവ്സ്‌കി, ലൂയിസ് സുവാരസ്, ലൂകാ മോഡ്രിച്ച്, ഡാനി ആൽവേസ്, മാനുവൽ നോയെ, തോമസ് മുള്ളർ എന്നിവരൊന്നും ഇനിയൊരു ലോകകപ്പ് വേദിയിൽ ഉണ്ടാകില്ല. ഖത്തറിൽ ഹംസഗാനം പാടി വിടപറയുന്നവർ ഇനിയുമുണ്ടാകാം. അവരുടെയെല്ലാം മിന്നലാട്ടങ്ങൾ ഒരിക്കൽക്കൂടി കാണാൻ അറബ് നാട്ടിൽ കളം നിറയുകയാണ്.

അർജന്റീന ജേഴ്സിയിൽ മെസിക്കിത് വൈകാരിക ലോകകപ്പാണ്. മുപ്പത്തഞ്ചാംവയസ്സിൽ ലോകകിരീടം മാത്രമാണ് മനസ്സിലുള്ളത്. മാറഡോണയെപ്പോലെയല്ലെങ്കിലും അതിനരികത്ത് ചിരപ്രതിഷ്ഠ നേടാൻ ലോകകപ്പ് അനിവാര്യം. കോപ അമേരിക്ക കിരീടം ചൂടി മെസി ആരാധകരെ ഭ്രമിപ്പിക്കുന്നു. മെസിക്കിത് അഞ്ചാംലോകകപ്പാണ്. 19 കളിയിൽ ആറ് ഗോളടിച്ചു. മാറഡോണ നേടിയത് 21 കളിയിൽ എട്ട് ഗോൾ. ദേശീയ കുപ്പായത്തിൽ 165 കളിയിൽ 90 ഗോൾ. ലോകകപ്പിനുശേഷം അർജന്റീന കുപ്പായത്തിൽ തുടരാനിടയില്ല. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിട്ടാലും കുറച്ചുകാലംകൂടി മെസിയുടെ കളി കാണാൻ അവസരമുണ്ടായേക്കാം. ബാഴ്സലോണയിൽനിന്ന്‌ കൂടുമാറിയശേഷം ഗോളടിച്ചും അടിപ്പിച്ചും മികച്ച ഫോമിലാണ്.

പോർച്ചുഗൽ എന്നാൽ റൊണാൾഡോയാണ്.  മുപ്പത്തേഴാംവയസ്സിലും ആരാധകരെ കോരിത്തരിപ്പിക്കാനും ടീമിനെ മുന്നോട്ടുനയിക്കാനും സാധിക്കുന്നത് അത്ഭുതകരം തന്നെ. കളിച്ച നാല് ലോകകപ്പിലും ഗോളടിച്ചു. 17 കളിയിൽ ഏഴ് ഗോൾ. പോർച്ചുഗൽ ജേഴ്സിയിൽ 191 കളിയിൽ 117 ഗോളടിച്ചു.

കളിജീവിതത്തിലാകെ നേടിയത് 818 ഗോൾ! പോളണ്ട് ക്യാപ്റ്റൻ ലെവൻഡോവ്സ്കിക്ക് പ്രായം 34 ആയി. 134 തവണ പോളണ്ടിനായി കളിച്ച് 76 ഗോൾ നേടി. പക്ഷേ, ആകെ കളിച്ചത് ഒറ്റ ലോകകപ്പ്. 2018ൽ റഷ്യയിൽ ഗ്രൂപ്പുഘട്ടത്തിൽ മടങ്ങി. മൂന്ന് കളിയിൽ ഗോളടിക്കാനായില്ല. വയസ്സ് 30 ആയിട്ടേയുള്ളുവെങ്കിലും ഇനിയൊരു ലോകകപ്പിനില്ലെന്ന് നെയ്‌മർ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുപക്ഷേ ബ്രസീലിന്റെ മഞ്ഞക്കുപ്പായവും അഴിച്ചേക്കാം. ഇക്കുറി മൂന്നാമത്തെ ലോകകപ്പാണ്. 2014ൽ അഞ്ച് കളിയിൽ നാല് ഗോൾ. കഴിഞ്ഞതവണ രണ്ട്. പരിക്ക് വേട്ടയാടിയ കളിജീവിതമാണ്. 2014 ലോകകപ്പിലെ പരിക്കിൽനിന്ന്‌ മോചിതനാകാൻ സമയമെടുത്തു. ക്വാർട്ടർ ഫൈനലിൽ കൊളംബിയക്കെതിരായ മത്സരത്തിൽ കാമിലോ സുനിഗയാണ് ചവിട്ടിവീഴ്ത്തിയത്. അതോടെ നെയ്‌മറുടെയും ബ്രസീലിന്റെയും ആ ലോകകപ്പ് അവസാനിച്ചു. നെയ്‌മറില്ലാത്ത ബ്രസീൽ സെമിയിൽ ജർമനിയോട് 7–-1ന് ദയനീയമായി തോറ്റു.

ലൂകാ മോഡ്രിച്ചാണ് ക്രൊയേഷ്യയെ കഴിഞ്ഞതവണ ഫൈനലിലെത്തിച്ചത്. മുപ്പത്തേഴുകാരന്റെ നാലാംലോകകപ്പാണ്. 12 കളിയിൽ രണ്ട് ഗോൾ. ഉറുഗ്വേയുടെ ലൂയിസ് സുവാരസ് നാലാം ലോകകപ്പിനെത്തുന്നു. രണ്ട് ലോകകപ്പുകളിൽ സുവാരസിനൊപ്പം വിവാദമുണ്ടായിരുന്നു. 2010ൽ ഘാനക്കെതിരെ ഗോൾ ഒഴിവാക്കാൻ പന്ത് കൈകൊണ്ട് തട്ടിയകറ്റി. 2014ൽ ഇറ്റാലിയൻ പ്രതിരോധക്കാരൻ ജോർജിനോ ചില്ലിനിയെ കളിക്കിടെ കടിച്ചു. രണ്ടുതവണയും ചുവപ്പ് കാർഡ് കണ്ട് പുറത്തായി. 13 കളിയിൽ മൂന്ന് ഗോൾ.ജർമനി ഇത്തവണ രണ്ട് താരങ്ങൾക്ക് വിടചൊല്ലും. ഗോളി മാനുവൽ നോയെയും സ്ട്രൈക്കർ തോമസ് മുള്ളറും. നാലാംലോകകപ്പ് കളിക്കുന്ന ‘ജർമൻ മതിലിന്' പ്രായം 36. മുള്ളർ മുപ്പത്തിമൂന്നാംവയസ്സിൽ നാലാംലോകകപ്പ് കളിക്കും. 16 കളിയിൽ 10 ഗോൾ. 24 കളിയിൽ 16 ഗോളടിച്ച നാട്ടുകാരനായ മിറോസ്ലാവ് ക്ലോസെയെ മറികടക്കുമോയെന്നാണ് കൗതുകം. ബ്രസീലിന്റെ പ്രതിരോധക്കാരൻ ഡാനി ആൽവേസിന് 39 വയസ്സായി. തിയാഗോ സിൽവക്ക് 38.Post a Comment

0 Comments