Flash News

6/recent/ticker-posts

കരിപ്പൂര്‍ റൺവേ വികസനം; പള്ളിക്കൽ, നെടിയിരുപ്പ് പഞ്ചായത്തുകളിൽ നിന്നായി 14.5 ഏക്കർ ഭൂമി ഏറ്റെടുക്കും

Views

 റവന്യു വകുപ്പ് നടപടി ആരംഭിച്ചു

കരിപ്പൂർ : വിമാനത്താവളത്തിന്റെ റൺവേ വികസനത്തിനായി ഭൂമിയേറ്റെടുക്കാൻ റവന്യു വകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിയിലെ പരിസ്ഥിതി ആഘാത പഠനം നടത്താൻ ഏജൻസികളിൽ നിന്നു അപേക്ഷ ക്ഷണിച്ചു. 31ന് അകം അപേക്ഷിക്കാനാണ് അറിയിപ്പ്. ഭൂമിയേറ്റെടുക്കുന്നതിന് കണ്ടിൻജൻസി ചാർജ് ഒഴിവാക്കി കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണു റവന്യു വകുപ്പ് ഏറ്റെടുക്കൽ നടപടികളിലേക്കു കടന്നത്.

പള്ളിക്കൽ, നെടിയിരുപ്പ് പഞ്ചായത്തുകളിൽ നിന്നായി 14.5 ഏക്കർ ഭൂമിയാണു ഏറ്റെടുക്കുന്നത്. ഇതിനായി സംസ്ഥാന സർക്കാർ നേരത്തേ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. നെടിയിരുപ്പിൽ ഒരു ബ്ലോക്കിൽ 11 റീസർവേ നമ്പറുകളിൽ നിന്നുള്ള ഭൂമിയും പള്ളിക്കൽ പഞ്ചായത്തിൽ 3 റീ സർവേ നമ്പറുകളിലുള്ള ഭൂമിയുമാണു ഏറ്റെടുക്കുന്നത്.

ചുമതലപ്പെടുത്തുന്ന ഏജൻസി പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് സംസ്ഥാന സർക്കാരിനു കൈമാറിയതിനു ശേഷമായിരിക്കും ഭൂമിയേറ്റെടുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം പുറത്തിറക്കുക.

റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) വികസിപ്പിക്കുന്നതിനാണു ഭൂമിയേറ്റെടുക്കുന്നത്. വലിയ വിമാന സർവീസുകൾ പുനരാരംഭിക്കണമെങ്കിൽ റിസ വികസിപ്പിക്കണമെന്നു എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിരുന്നു. അടുത്ത മാർച്ചിനകം ഭൂമിയേറ്റെടുത്തു നൽകിയില്ലെങ്കിൽ റൺവേയുടെ നീളം  കുറച്ച് റിസ വികസിപ്പിക്കേണ്ടിവരുമെന്നു നിലപാടെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെ സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുക്കലിനു 74 കോടി അനുവദിച്ചു.

ഭൂമിയേറ്റെടുത്തു വിമാനത്താവള അതോറിറ്റിക്കു കൈമാറാനാണു സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇത് മണ്ണിട്ടു നികത്തുന്നതുൾപ്പെടെയുള്ള ചുമതലകൾ അതോറിറ്റിയുടേതാണെന്നാണു നിലപാട്. വിമാനത്താവള മേഖലയിൽ നിർമാണം നടത്താനുള്ള അധികാരം അതോറിറ്റിക്കാണ്.


Post a Comment

0 Comments