Flash News

6/recent/ticker-posts

സന്തോഷ് ട്രോഫി: കേരളത്തെ മിഥുൻ നയിക്കും; 22 അംഗ ടീമിനെ പ്രഖ്യാപിച്ചു

Views
കൊച്ചി: 76ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ മത്സരങ്ങൾക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. യുവ താരങ്ങൾക്ക് മുൻതൂക്കമുള്ള 22 അംഗ ടീമിനെ ഗോൾ കീപ്പറും പരിചയസമ്പന്നനുമായ വി. മിഥുനാണ് (കണ്ണൂർ) നയിക്കുന്നത്. ഡിസംബർ 26 മുതൽ ജനുവരി എട്ടുവരെ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് നിലവിലെ ചാമ്പ്യൻമാരായ കേരളത്തിന്‍റെ ഗ്രൂപ് മത്സരങ്ങൾ. ആദ്യയോഗ്യത മത്സരത്തിൽ രാജസ്ഥാനെ നേരിടും. 29ന് രണ്ടാം മത്സരത്തിൽ ബിഹാറാണ് എതിരാളികൾ. പുതുവത്സര ദിനത്തിലും കേരള ടീമിന് മത്സരമുണ്ട്. ആന്ധ്രയാണ് എതിരാളി. ജനുവരി അഞ്ചിന് ജമ്മുകശ്മീരിനെ നേരിടും. ഗ്രൂപ് ഘട്ടത്തിലെ അവസാന മത്സരം ജനുവരി എട്ടിന് മിസോറമുമായാണ്. ഗ്രൂപ് ചാമ്പ്യൻമാരാകുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് ക്യാപ്റ്റൻ മിഥുൻ പറഞ്ഞു.
ബി. നരേഷാണ് (19) ടീമിലെ ബേബി. നരേഷ് ഗൂഡല്ലൂർ സ്വദേശിയാണ്. ക്യാപ്റ്റനും ഗോൾ കീപ്പറുമായ മിഥുനാണ് പ്രായത്തിൽ മുന്നിൻ -29 വയസ്സ്. മിഥുന്‍റെ എട്ടാം സന്തോഷ് ട്രോഫിയാണിത്. 2017ലും 2021ലും കിരീടം നേടിയ കേരള ടീമിലും അംഗമായിരുന്നു. 22 അംഗ ടീമിൽ 16 പുതുമുഖങ്ങളെ അണിനിരത്തിയാണ് ഇക്കുറി കേരളം സന്തോഷ് ട്രോഫിക്കിറങ്ങുന്നത്. പോയ വർഷം കിരീടം നേടിയ ടീമിലെ മിഥുൻ, എം. വിഗ്നേഷ്, നിജോ ഗിൽബർട്ട് എന്നിവർ മാത്രമാണ് പുതിയ ടീമിലുള്ളത്.എട്ടുപേർ ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ വെള്ളി നേടിയ ടീമിലെ അംഗങ്ങളാണ്. ആറ് താരങ്ങൾക്ക് മുമ്പ് സന്തോഷ് ട്രോഫി കളിച്ച പരിചയവുമുണ്ട്.

കേരള ടീമംഗങ്ങൾ: ഗോൾകീപ്പർമാർ -വി. മിഥുൻ കണ്ണൂർ (ക്യാപ്റ്റൻ), പി.എ. അജ്മൽ -മലപ്പുറം, ടി.വി. അൽകേഷ് രാജ് -തൃശൂർ.

പ്രതിരോധനിര -എം. മനോജ് -തിരുവനന്തപുരം, ആർ. ഷിനു -തിരുവനന്തപുരം, കെ. അമീൻ -മലപ്പുറം, ബെൽജിൻ ബോൽസ്റ്റർ -തിരുവനന്തപുരം, യു. മുഹമ്മദ് സലീം -മലപ്പുറം, സച്ചു സിബി -ഇടുക്കി, അഖിൽ ജെ. ചന്ദ്രൻ -എറണാകുളം, ജെ. ജെറീട്ടൊ -തിരുവനന്തപുരം. മധ്യനിര: ഋഷിദത്ത് -തൃശൂർ, എം. റാഷിദ് -കാസർകോട്, ഗിഫ്റ്റി സി. ഗ്രേഷ്യസ് -വയനാട്, നിജോ ഗിൽബർട്ട് -തിരുവനന്തപുരം, പി. അജീഷ് -തിരുവനന്തപുരം, റിസ്വാൻ അലി -കാസർകോട്, വൈശാഖ് മോഹനൻ -എറണാകുളം, കെ.കെ. അബ്ദുറഹീം -മലപ്പുറം, മുന്നേറ്റനിര: എം. വിഗ്നേഷ് -തിരുവനന്തപുരം, ബി. നരേഷ് -തിരുവനന്തപുരം, ജെ. ജോൺപോൾ -തിരുവനന്തപുരം.ടീം ഒഫീഷ്യൽസ്: പി.ബി. രമേഷ് -കൊല്ലം (മുഖ്യ പരിശീലകൻ), ബിനീഷ് കിരൺ -കണ്ണൂർ (സഹ പരിശീലകൻ) കെ.കെ. ഹമീദ് -തൃശൂർ (ഗോൾ കീപ്പർ കോച്ച്), മുഹമ്മദ് റഫീഖ് -കാസർകോട് (മാനേജർ), ആർ. അക്ഷയ് -വയനാട് (ടീം ഫിസിയോ). റിസർവ്ഡ് താരങ്ങൾ: ഹജ്മൽ എസ് -പാലക്കാട് (ഗോൾ കീപ്പർ), ഒ.എം. ആസിഫ് -എറണാകുളം (മിഡ്ഫീൽഡർ ), കെ. ശ്രീരാജ് -കാസർകോട് (സ്ട്രൈക്കർ ), വി. അർജുൻ -എറണാകുളം (മിഡ്ഫീൽഡർ).രാംകോ സിമന്റ്സാണ് ഇക്കുറിയും കേരള ടീമിന്‍റെ മുഖ്യ സ്പോൺസർ. രാംകോ മാർക്കറ്റിങ് ജനറൽ മാനേജർ ഗോപകുമാർ, കേരള ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് പി. പൗലോസ്, ജനറൽ സെക്രട്ടറി പി. അനിൽകുമാർ, ട്രഷറർ എം. ശിവകുമാർ, സ്കോർ ലൈൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഫിറോസ് മീരാൻ എന്നിവർ ടീം പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു. ഇതോടൊപ്പം ടീമിന്‍റെ ജഴ്സിയും പുറത്തിറക്കി.




Post a Comment

0 Comments