Flash News

6/recent/ticker-posts

വിമാനമാര്‍ഗം രക്ഷയില്ല; സ്വര്‍ണക്കടത്തുകാര്‍ ഗള്‍ഫ് വിട്ട് മ്യാന്‍മാറിലേക്ക്

Views ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള സ്വർണക്കടത്തുകാർ ഗൾഫ് മേഖലയിൽനിന്ന് പിന്തിരിയുന്നു. വിമാനമാർഗം കടത്ത് സുരക്ഷിതമല്ലെന്നുകണ്ട് അവർ മ്യാൻമാർ അതിർത്തിയിലേക്ക് ചുവടുമാറ്റുന്നു. വിമാനത്താവളത്തിൽ അന്വേഷണ ഏജൻസികളുടെ നിരീക്ഷണം ശക്തമായതും കോവിഡ് അടച്ചിടലും ഇതിന് കാരണമായെന്ന് റവന്യൂ ഇന്റലിജൻസ് വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.

വരുന്ന വഴി

ചൈനയിൽനിന്നാണ് മ്യാൻമാറിലേക്ക് അനധികൃതമായി സ്വർണമെത്തുന്നത്. തുടർന്ന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പുർ, മിസോറം എന്നിവിടങ്ങളിലേക്ക് റോഡ് മാർഗം എത്തുന്നു. ഇന്ത്യാ- മ്യാൻമാർ അതിർത്തിയിലെ നിബിഢവനമേഖലയും സ്വർണക്കടത്തുകാർക്ക് ഈ മാർഗം പ്രിയപ്പെട്ടതാക്കുന്നു.

വടക്കുകിഴക്കൻ മേഖലയിൽ മ്യാൻമാർ, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, ചൈന എന്നീ രാജ്യങ്ങളുമായി ഇന്ത്യ അതിർത്തി പങ്കിടുന്നു. അതിർത്തിയിൽ ചൈനയുടെ ഭാഗത്തുള്ള റൂയിലി, മ്യാൻമാറിൽ വരുന്ന മ്യൂസ് എന്നീ നഗരങ്ങൾ വഴിയാണ് കടത്ത്.

മ്യൂസിൽനിന്ന് മാൺഡലേ-കലേവാ റൂട്ട് വഴി ഇന്ത്യാ-മ്യാൻമാർ അതിർത്തിയിലെത്തിക്കും. മ്യാൻമാർ-ഇന്ത്യ അതിർത്തിമേഖലയിലുള്ളവരുടെ സ്വതന്ത്രസഞ്ചാരം അനുവദനീയമാണ്. പാസ്പോർട്ടോ വിസയോ ഇല്ലാതെ ഇരുരാജ്യക്കാർക്കും പരസ്പരം 16 കിലോമീറ്റർ വരെ മറുരാജ്യത്തേക്ക് കടന്നുചെല്ലാം. അതിനാൽ അതിർത്തിമേഖലയിൽ താമസിക്കുന്നവരെ സ്വർണക്കടത്തുകാർ തങ്ങളുടെ ലക്ഷ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നു.


മ്യാൻമാറിൽ പലയിടത്തായി നേരത്തേ പ്രവർത്തനം അവസാനിപ്പിച്ച സ്വർണഖനികളുണ്ട്. ഇവിടെനിന്നുള്ള കണക്കില്ലാത്ത സ്വർണഖനനവും മ്യാൻമാറിനെ കള്ളക്കടത്തുകാരുടെ ഇഷ്ടകേന്ദ്രമാക്കുന്നു. ചൈന കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ ഇറക്കുമതിക്കാരാണ് ഇന്ത്യ. വർഷം ഏതാണ്ട് 900 ടൺ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. 2021-ൽ ഇന്ത്യയുടെ സ്വർണ ഉപഭോഗം 797.3 ടണ്ണാണ്. കഴിഞ്ഞ അഞ്ചുവർഷത്തെ കൂടിയ കണക്കാണിത്.

മയക്കുമരുന്നു കടത്ത്: വമ്പൻമീനുകളെ പിടിക്കണം -നിർമല സീതാരാമൻ

ന്യൂഡൽഹി: രാജ്യത്തേക്ക് മയക്കുമരുന്നിന്റെ പർവതമാണ് കടത്തുന്നതെന്നും അതിനു പിന്നിൽ പ്രവർത്തിക്കുന്ന വമ്പൻമീനുകളെ പിടികൂടണമെന്നും അന്വേഷണഏജൻസികളോട് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ.

മയക്കുമരുന്നു കടത്തിന്റെ അണിയറയിൽ ആഗോളമാഫിയയാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലേക്ക് കൊക്കെയിൻകടത്ത് മുമ്പെങ്ങുമില്ലാത്തവിധം വർധിച്ചിട്ടുണ്ട്. അന്വേഷണ ഏജൻസികളെ കബളിപ്പിച്ചുകൊണ്ടാണ് കടത്തുകാരുടെ പ്രവർത്തനം. എന്നാൽ, മയക്കുമരുന്ന് ചെറുപൊതികളിലാക്കി ചില്ലറവിൽപ്പന നടത്തുന്നവരാണ് പിടിയിലാകുന്നത്. മയക്കുമരുന്നിന്റെ പർവതങ്ങൾ ഇന്ത്യയിലേക്ക് കടത്തുന്നവരെയും അതിന് പണമൊഴുക്കുന്നവരെയുമാണ് പിടികൂടേണ്ടത് -നിർമല പറഞ്ഞു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ 65-ാം സ്ഥാപനകദിനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.



Post a Comment

0 Comments