Flash News

6/recent/ticker-posts

ആഫ്രിക്കയിലെ യുദ്ധം നിർത്തിച്ചു; കാൽപന്തുകൊണ്ട് അമേരിക്കയും കീഴടക്കി: ‘ചാംപ്യനായി മരിക്കാം’

Views
ആഫ്രിക്കയിലെ യുദ്ധം നിർത്തിച്ചു; കാൽപന്തുകൊണ്ട് അമേരിക്കയും കീഴടക്കി: ‘ചാംപ്യനായി മരിക്കാം’

‘‘എന്റെ പേര് റൊണാൾഡ് റീഗൻ, യുഎസ്എയുടെ പ്രസിഡന്റാണ്. എന്നാൽ പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത ആളാണു താങ്കൾ, കാരണം പെലെ ആരാണെന്ന് എല്ലാവർക്കും അറിയാം.’’– വൈറ്റ് ഹൗസിനു മുന്നിലുള്ള റോസ് ഗാർഡനിലെ പുൽത്തകിടിയിൽ, യുഎസ് പ്രാദേശിക യൂത്ത് ഫുട്ബോൾ ടീം അംഗങ്ങളുമായുള്ള ആശയവിനിമയത്തിനു മുന്നോടിയായി റൊണാൾഡ് റീഗൻ 1982ൽ പെലെയെ അവതരിപ്പിച്ചത് ഇങ്ങനെ. 1971ൽ രാജ്യാന്തര ഫുട്ബോളിൽനിന്നും 1977ൽ ക്ലബ് ഫുട്ബോളിൽനിന്നും കളമൊഴിഞ്ഞതിനു ശേഷവും ഒരുപക്ഷേ പെലെയ്ക്കു മാത്രം അവകാശപ്പെടാവുന്ന അദ്ഭുതാവഹമായ ജനസമ്മതിയുടെ ആകെത്തുകയായി റൊണാൾഡ് റീഗന്റെ ഈ വാചകങ്ങളെ ചുരുക്കാം.

വിശന്നൊട്ടിയ വയറുമായി, സാവോപോളോയിലെ ബാവുരു തെരുവിൽനിന്ന്, ലോകത്തിന്റെ കായികഭൂപടത്തിലേക്കു പന്തടിച്ചു കയറിയതു മുതൽ സമാനതകൾ ഇല്ലാത്ത ആ രണ്ട് അക്ഷരങ്ങൾക്കു പിന്നിൽ ആദ്യം ഒരു രാജ്യം അണിനിരന്നു, പിന്നെ ലോകത്തെ എണ്ണിയാൽ ഒടുങ്ങാത്ത കായിക ആരാധകരും! ഫുട്ബോൾ കരിയറിലെ സമാനതകൾ ഇല്ലാത്ത നേട്ടങ്ങൾ, എല്ലാറ്റിനും മീതെ ‘എക്കാലത്തെയും മികച്ച താരം’ (ദ് ഗ്രേറ്റസ്റ്റ്) എന്ന ഫിഫയുടെ ടാഗ്‌ലൈൻ.

താരപ്പൊലിമയും ക്ലബ് ട്രാൻസ്ഫർ തുകയിലെ വലുപ്പവും പറഞ്ഞ് മേനി നടിക്കുന്ന സമകാലിക താരങ്ങൾക്ക് എന്നും അസൂയയോടെ മാത്രം നോക്കിക്കാണാവുന്ന സംഭവ ബഹുലമായ 20 വർഷത്തെ കരിയർ. ഇതിനിടെ 1,363 കളികൾ, 1,279 ഗോൾ. ഇതിനും എത്രയോ അപ്പുറമാണു പെലെ എന്ന യാഥാർഥ്യം! 3 ഫുട്ബോൾ ലോകകപ്പുകൾ (1958, 1962, 1970) നേടിയിട്ടുള്ള ഒരേയൊരു താരമായ പെലെ, കളിക്കളത്തിനു പുറത്ത് രാഷ്ട്രങ്ങളുടെയും ആരാധകരുടെയും മനസ്സും നിറച്ചു കൊടുത്തതിന് എത്രയധികം ഉദാഹരണങ്ങളുണ്ട് നമുക്കു മുന്നിൽ!

1969ൽ നൈജീരിയൻ ആഭ്യന്തര യുദ്ധം നിർത്തിവയ്പിച്ച താരമാണു പെലെ. ഒരുപക്ഷേ, ലോകത്തെ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടം! നൈജീരിയയുടെ തെക്കുകിഴക്കൻ തീരപ്രദേശമായ ബിയാഫ്ര റിപ്പബ്ലിക്കും ഫെഡറൽ സർക്കാരും തമ്മിൽ നിലനിന്നിരുന്ന യുദ്ധത്തിനാണു പെലെയുടെ വരവോടെ തൽക്കാലം വിരാമമായത്.

നൈജീരിയയുടെ വടക്കൻ മേഖലയിൽനിന്നുള്ളവർ കൂടുതലായി ഉൾപ്പെട്ട ഭരണകൂടം വിവേചനപരമായി പെരുമാറുന്നെന്നും അടിച്ചമർത്തൽ സഹിക്കാനാകില്ലെന്നുമുള്ള വാദത്തോടെ ബിയാഫ്ര നൈജീരിയയിൽനിന്ന് 1967 ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെയാണു പോരാട്ടം രക്തരൂഷിതമായത്. തുടർ‌ന്നു 1967 മുതൽ 1970 വരെ സമാനതകളില്ലാത്ത അക്രമ പരമ്പരകൾക്കാണു നൈജീരിയ സാക്ഷിയായത്. 300 ൽപരം ആഭ്യന്തര– സാംസ്കാരിക വിഭാഗങ്ങളിൽപ്പെട്ട 60 ദശലക്ഷത്തോളം ആളുകൾ യുദ്ധത്തിൽ അണിനിരന്നു.

ഇതിനിടെ, പെലെയുടെ ബ്രസീലിയൻ ക്ലബായ സാന്റോസ് പ്രദർശന മത്സരങ്ങൾക്കായി ഒരു ലോക പര്യടനം നടത്താൻ നിശ്ചയിച്ചു. 1958, 1962 വർഷങ്ങളിലെ ലോകകപ്പ് നേട്ടത്തോടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തി നിൽക്കുന്ന പെലെയെ ഒരു നോക്കു കാണാൻ ലോകത്തെങ്ങുമുള്ള ആരാധകർ കാത്തിരുന്ന നാളുകളാണ്. പെലെയുടെ സാന്നിധ്യം ‘പരമാവധി’ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുതന്നെയാണു ക്ലബിന്റെ ലോക പര്യടനം. നൈജീരിയയിൽ ആഭ്യന്തര യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ, സാന്റോസിന്റെ പര്യടനം ആഫ്രിക്കൻ ഭൂഖണ്ഡത്തിലുമെത്തി. കോംഗോ, മോസാംബിക്, ഘാന, അൽജീരിയ, നൈജീരിയ എന്നിവിടങ്ങളിലാണു മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്.
 
2 വർഷം പിന്നിട്ട ആഭ്യന്തര യുദ്ധം നാശോന്മുഖമാക്കിയ അവസ്ഥയിലാണു നൈജീരിയ. ഏകദേശം 20 ലക്ഷം പേർ യുദ്ധത്തിൽ മരിച്ചു, 45 ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. കൊടും പട്ടിണിയിലാണു രാജ്യം. ഇതിനിടെയാണു നൈജീരിയയിലേക്കു പ്രദർശന മത്സരം കളിക്കാൻ സാന്റോസിനൊപ്പം പെലെയുടെ വരവ്. അങ്ങനെ, ജനുവരി 26നു സാന്റോസും സൂപ്പർ ഈഗിൾസ് എന്ന് അറിയപ്പെട്ടിരുന്ന നൈജീരിയൻ ദേശീയ ടീമും തമ്മിലുള്ള മത്സരം നടത്താൻ അധികൃതർ നിശ്ചയിച്ചു.

എന്നാൽ പിന്നീടു നടന്നതാണു ചരിത്രം. മത്സരം ഏതു വിധേനയും നടക്കണം എന്നതിനാൽ 48 മണിക്കൂർ സമയത്തേക്കു വെടിനിർത്താൻ സർക്കാരും ബിയാഫ്രയും തമ്മിലുള്ള ചർച്ചയിൽ ധാരണയായി. തുടർന്നു നടന്ന മത്സരം 2–2 സമനിലയിലായി. ഇരട്ട ഗോൾ നേട്ടത്തോടെ തിളങ്ങിയ പെലെയെ കരഘോഷങ്ങളോടെയാണ് ആരാധകർ യാത്രയാക്കിയത്. ഇക്കാര്യം പിന്നീടു പെലെ തന്നെയാണു സ്ഥിരീകരിച്ചത്. പരസ്പരം യുദ്ധം ചെയ്തിരുന്ന നൈജീരിയ, ബിയാഫ്ര വിഭാഗത്തിൽപ്പെട്ട സേനാ ഉദ്യോഗസ്ഥർ സംയുക്തമായി സുരക്ഷ ഒരുക്കിയ മത്സരം കാണാൻ 25,000ൽ അധികം കാണികൾ എത്തിയതായും റിപ്പോർട്ടുകളുണ്ട്.

മത്സരം അവസാനിക്കുന്നതു വരെ മാത്രമേ വെടിനിർത്തൽ നിലനിന്നിരുന്നുള്ളുവെന്നും മത്സരത്തിനു ശേഷം ടീമിന്റെ വിമാനം പറന്നുയർന്നപ്പോൾ വെടിയൊച്ചകൾ കേൾക്കാമായിരുന്നെന്നും പെലെയുടെ സഹ താരങ്ങളായിരുന്ന ഗിൽമാർ, കുടീഞ്ഞോ എന്നിവർ പിന്നീടു പറഞ്ഞു.

‘‘ആഫ്രിക്ക കണ്ട ഏറ്റവും ദുരന്തപൂർണമായ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാൻ അധികൃതർ 2 വർഷം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. പക്ഷേ, ഫുട്ബോൾ ഇതിഹാസം പെലെയുടെ വരവോടെ യുദ്ധത്തിനു 3 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിക്കാനായി’’– 2005ൽ ടൈം മാസികയിൽ അച്ചടിച്ചുവന്ന ലേഖനത്തിൽ യുദ്ധത്തിലെ പെലെയുടെ ഇടപെടലിനെക്കുറിച്ചു പറയുന്നത് ഇങ്ങനെ. എന്നാൽ തന്റെ ആത്മകഥയായ ‘പെലെ ദ് ഓട്ടോബയോഗ്രഫി’യിൽ സംഭവത്തെക്കുറിച്ചുള്ള പരാമർശം പെലെ ഒറ്റ വാക്യത്തിലൊതുക്കി– ‘ മത്സരം നടക്കുമ്പോൾ ബിയാഫ്ര വിഭാഗത്തിൽപ്പെട്ടവർ ഗ്രൗണ്ടിലേക്കു കടക്കില്ലെന്ന് അധികൃതർ ഉറപ്പുവരുത്തി.’

ഏതായാലും സാന്റോസിന്റെ മത്സരം പിന്നിട്ട് ഒരു വർഷത്തിനു ശേഷം 1970 ജനുവരി 15നു ബിയാഫ്ര പരാജയം സമ്മതിച്ചതോടെയാണു നൈജീരിയയിൽ യുദ്ധം അവസാനിച്ചത്.

‘‘യൂറോപ്പിലേക്കു പോയാൽ താങ്കൾക്കു ചാംപ്യൻഷിപ്പുകൾ അനായാസം ജയിക്കാം. എന്നാൽ ഞങ്ങൾക്കൊപ്പം വന്നാൽ താങ്കൾക്ക് ഒരു രാജ്യം തന്നെ ജയിക്കാം, തീരുമാനം താങ്കളുടേതാണ്’’– യുഎസ് ഫുട്ബോൾ ക്ലബ് കോസ്മോസിന്റെ മുൻ മാനേജർ ടോയെ 1974ൽ പെലെയോട് ഇങ്ങനെ പറഞ്ഞു.

18 വർഷത്തെ ക്ലബ് കരിയറിനു വിരാമമിട്ട്, ബ്രസീൽ ക്ലബ് സാന്റോസിനോടു പെലെ വിടപറഞ്ഞു നിൽക്കുന്ന സമയമാണ്. വിരമിക്കൽ തീരുമാനം പുനപ്പരിശോധിപ്പിച്ചു പെലെയെ വീണ്ടും കളത്തിലിറക്കാൻ അക്ഷീണ പരിശ്രമം നടത്തുകയാണ് യൂറോപ്പിലെ ഒരു പിടി ക്ലബ്ബുകൾ. ഇറ്റാലിയൻ വമ്പൻമാരായ യുവെന്റസും പണത്തൂക്കത്തിൽ ഒരു പവൻ മുന്നിൽ നിൽക്കുന്ന റയൽ മഡ്രിഡും 34 കാരനായ പെലെയെ യൂറോപ്പിലെത്തിക്കാൻ മുൻപന്തിയിലുണ്ട്.

ജമൈക്കയിലും ഫ്രാങ്ക്ഫുർട്ടിലും പാരിസിലും റോമിലും വിടാതെ പിന്തുടർന്ന ടോയെയുമായി പെലെ റിയോയിലും സാവോ പോളോയിലും വച്ചു വീണ്ടും ചർച്ചകൾ നടത്തി. ഒടുവിൽ യൂറോപ്പിലെ മുൻനിര ക്ലബുകളെ ഞെട്ടിച്ചുകൊണ്ട് കോസ്മോസുമായി 3 വർഷത്തെ കരാർ ഒപ്പിട്ടു. അന്നത്തെ 40 ലക്ഷം യുഎസ് ഡോളറായിരുന്നു (ഇന്ന് ഏകദേശം 20 ദശലക്ഷം യുഎസ് ഡോളർ) കരാർത്തുക. കരാർ നിലവിൽ വന്നതോടെ പെലെ ഭൂമിയിലെ ഏറ്റവും സമ്പന്നനായ കായിക താരമായി.

ഒരു വർഷത്തിനു ശേഷം, 1975 ജൂണ്‍ 10നു മൻഹാറ്റനിൽവച്ചു കോസ്മോസ് അധികൃതർ പെലെയ്ക്കു ക്ലബ് ജഴ്സി കൈമാറി. പെലെയുമായി കരാർ ഒപ്പിടുമ്പോൾ ശരാശരിയിൽ താഴെ മാത്രം നിലവാരമുള്ള ക്ലബാണു കോസ്മോസ്. പ്രഫഷനലിസം തൊട്ടുതീണ്ടിയിട്ടില്ലാത്ത ക്ലബ്. വിദ്യാർഥികളും ശരാശരി നിലവാരമുള്ളവരുമാണു കളിക്കാർ. ചെളി നിറഞ്ഞ മൈതാനമാണു ഹോം ഗ്രൗണ്ട്. അഞ്ചു ദിവസങ്ങൾക്കു ശേഷം, ജൂലൈ 15നു ഡാലസ് ടൊർണാഡോയ്ക്കെതിരായ സൗഹൃദ മത്സരത്തിലായിരുന്നു അരങ്ങേറ്റം. കോസ്മോസിന്റെ ഹോം ഗ്രൗണ്ടിൽ പ്രിയതാരത്തെ കാണാനെത്തിയ 21,000 ആരാധകരെ ഗോൾ നേട്ടത്തോടെ പെലെ വിരുന്നൂട്ടി, മത്സരം 2–2 സമനിലയിലാണു പിരിഞ്ഞത്.

1977ൽ തന്റെ അവസാന ക്ലബ് മത്സരത്തിൽ അതേ കോസ്മോസിനെ യുഎസ് സൂപ്പർ ബൗൾ ചാംപ്യന്‍മാരാക്കിയതിനു ശേഷമാണു പെലെ അമേരിക്കൻ ഫുട്ബോളിനോടു വിട പറഞ്ഞത്. ‘‘3 ലോകകപ്പുകൾ, ഇപ്പോൾ ദാ, ഇതും ഇനി എനിക്കു മതിയാക്കാം. ഒരു ചാംപ്യനായി എനിക്കു മരിക്കാം. ഫുട്ബോളിൽനിന്നു നേടാനാകുന്നതെല്ലാം ഞാൻ നേടിയിരിക്കുന്നു’’– കോസ്മോസിന്റെ കിരീട നേട്ടത്തിനു ശേഷം പെലെ പറഞ്ഞത് ഇങ്ങനെ.

ഒരു മാസത്തിനു ശേഷം സ്വപ്നസമാനമായ മറ്റൊരു പ്രദർശന മത്സരത്തോടെ 1977 ഒക്ടോബർ ഒന്നിനു പെലെ ഫുട്ബോൾ മൈതാനത്തുനിന്നു പടിയിറങ്ങി. 18 വർഷക്കാലം പെലെ കളിച്ച സാന്റോസും 2 വർഷം പെലെ കളിച്ച കോസ്മോസും തമ്മിലായിരുന്നു ആ മത്സരം. ഇതിഹാസ താരം കളമൊഴിയുമ്പോൾ, അതിന് ഐതിഹാസിക മത്സരം തന്നെ കൂടിയല്ലേ തീരൂ!

തീർന്നില്ല, യുഎസിലെ ജയന്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു പകുതികളിലായി പെലെ രണ്ടു ടീമുകൾക്കു വേണ്ടിയും കളിച്ചു. കോസ്മോസിനായി ഗോൾ പോസ്റ്റിനു 30 വാര അകലെനിന്നുള്ള ഫ്രീ കിക്ക് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. കോസ്മോസ് 2–1നു ജയിച്ച മത്സരം പെലെയുടെ അവസാനത്തെതായിരുന്നു.

ആദ്യ പകുതിക്കു ശേഷം പെലെ, ഗാലറിയിൽ കളി കാണുകയായിരുന്ന തന്റെ അച്ഛന് കോസ്മോസ് ക്ലബിന്റെ വിഖ്യാതമായ 10–ാം നമ്പർ ജഴ്സി കൈമാറി. സാന്റോസിനായി 2–ാം പകുതിയിൽ ഇറങ്ങിയ പെലെ, 5 ഷോട്ടുകൾ ഉതിർത്തെങ്കിലും വീണ്ടും ലക്ഷ്യം കാണാനായില്ല. അങ്ങനെ, ഗോൾ നേട്ടത്തോടെ വിടവാങ്ങൽ മത്സരവും അവിസ്മരണീയമാക്കി പെലെ ബൂട്ടഴിച്ചു. മുൻ ക്ലബ് സാന്റോസിനെതിരെ ‘അര’ മത്സരം മാത്രം കളിച്ചിട്ടുള്ള പെലെ നേടിയ ഒരേയൊരു ഗോളും ഇതുതന്നെ. ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി, മുൻ ഇംഗ്ലണ്ട് നായകൻ ബോബി മൂർ, മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിഞ്ജർ അടക്കമുള്ള പ്രമുഖർ പെലെയുടെ വിടവാങ്ങൽ മത്സരത്തിനു സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ തകർത്തു പെയ്ത മഴയെ കണ്ണീരിനോട് ഉപമിച്ച് പിറ്റേ ദിവസം ബ്രസീലിലെ ഒരു ദിനപത്രം പെലെയുടെ അവസാന മത്സരത്തിന് ഇങ്ങനെ തലക്കെട്ടു നൽകി, ‘ ആകാശം പോലും വിതുമ്പുകയായിരുന്നു’!


Post a Comment

0 Comments