Flash News

6/recent/ticker-posts

വീഡിയോകൾ ഇനി മാതൃഭാഷയിൽ കാണാം; ഡബ്ബിങ് ഫീച്ചറുമായി യൂട്യൂബ്

Views

ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകരുള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം ആണ് യൂട്യൂബ്. ഇന്ത്യയിലും യൂട്യൂബിന് കോടിക്കണക്കിന് ആരാധകരുണ്ട്. ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ഭാഷയിലേക്ക് വീഡിയോയുടെ ഭാഷ മാറ്റാനുള്ള ഫീച്ചർ കൊണ്ടുവരാൻ യൂട്യൂബ് തയ്യറെടുക്കുന്നുവെന്നാണ് പുതിയ വാർത്ത. ആദ്യ ഘട്ടത്തിൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടാണ് ഈ ഫീച്ചർ അവതരിപ്പിക്കുക. ആരോഗ്യ വിവരങ്ങൾ എല്ലാവർക്കും ഒരു പോലെ ലഭിക്കാനും മനസ്സിലാക്കാനുമാണ് തങ്ങൾ ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗൂഗിൾ പ്രതികരിച്ചു.

ഗൂഗിൾ ഫോർ ഇന്ത്യ സമ്മേളനത്തിലാണ് ഗൂഗിൾ ഇതു സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. ‘കൂടാതെ, ആരോഗ്യപരിപാലനരംഗത്തെ വിദഗ്ധരുമായി ചേർന്ന് വിവിധ ഭാഷകളിലുള്ള വീഡിയോകൾ സൃഷ്ടിക്കാൻ തങ്ങൾ ശ്രമിക്കുകയാണെന്നും അവ ഫലപ്രദമായി മനസിലാക്കാൻ എല്ലാ ആളുകളെയും സഹായിക്കുന്ന സാങ്കേതിക വിദ്യക്കായി പണം മുടക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഗൂഗിൾ അറിയിച്ചു. പ്ലാറ്റ്ഫോമിനായി ആധികാരിക ആരോഗ്യ ഉള്ളടക്കം സൃഷ്ടിക്കാൻ കമ്പനി കഴിഞ്ഞ വർഷം തുടക്കമിട്ടിരുന്നു.

തിരഞ്ഞെടുത്ത ആരോഗ്യ സംബന്ധിയായ വീഡിയോകൾക്കായാണ് അദ്യഘട്ടത്തിൽ യൂട്യൂബ് അതിന്റെ അലൗഡ് ഫീച്ചറിന്റെ സഹായത്തോടെ ഓട്ടോ-ഡബ്ബിങ് കൊണ്ടുവരുന്നത്. മെഷീൻ ലേണിംഗും AI-യും നൽകുന്ന ഒരു പുതിയ ഗൂഗിൾ ഓട്ടോ-ഡബ്ബിംഗ് സേവനമാണ് അലൗഡ്, ഒറിജിനൽ ഉള്ളടക്കം നിരവധി ഭാഷകളിലേക്ക് പകർത്താനും വിവർത്തനം ചെയ്യാനും ഡബ്ബ് ചെയ്യാനും എലൗഡ് സഹായിക്കും. ‘ആരോഗ്യ സംരക്ഷണ ദാതാക്കളുടെ ഒരു ചെറിയ ഗ്രൂപ്പിന്’ മാത്രമേ ഈ ഉപകരണം തുടക്കത്തിൽ ലഭ്യമാകൂ എന്ന് കമ്പനി വ്യക്തമാക്കി.

ഡോക്ടറുടെ കുറിപ്പടി വായിക്കാൻ ബുദ്ധിമുട്ടണ്ട, ഗൂഗിൾ വഴിയൊരുക്കും

ഡോക്ടർമാരുടെ കുറിപ്പടി വായിക്കാൻ ഇനി ആരും കഷ്ടപ്പെടേണ്ട. നിങ്ങളെ സഹായിക്കാൻ ഇതാ ഗൂഗിൾ വരുന്നു. ഡോക്ടർമാരുടെ കുറിപ്പടി വായിച്ച് മരുന്നുകൾ കണ്ടെത്താൻ സഹായിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനിരിക്കുകയാണ് ഗൂഗിൾ.കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ഗൂഗിൾ പരിപാടിയിൽ അവതരിപ്പിച്ച പുതിയ ഫീച്ചറുകളുടെ കൂട്ടത്തിലാണ് ഡോക്ടർമാരുടെ ദുർഗ്രാഹ്യമായ കൈയക്ഷരം വായിക്കാനുള്ള സാങ്കേതികവിദ്യയും അവതരിപ്പിക്കുന്നത്. ഇതിനായി പ്രത്യേക ആപ്പ് തയാറാക്കുന്നുണ്ടെന്നാണ് വിവരം. ഗൂഗിൾ ലെൻസ് വഴിയാകും ആപ്പ് ഡോക്ടർമാരുടെ കുറിപ്പടി വായിക്കുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും(എ.ഐ) മെഷീൻ ലേണിങ്ങിന്റെയും സഹായത്തോടെ കുറിപ്പടി വായിച്ച് മരുന്നുകൾ കണ്ടെത്തി നൽകുകയും ചെയ്യും.

ഡോക്ടറുടെ കുറിപ്പടി മൊബൈൽ കാമറയിൽ പകർത്തി ഫോട്ടോ ലൈബ്രറിയിൽ സേവ് ചെയ്യുകയാണ് വേണ്ടത്. ഈ ചിത്രം ഉടൻ തന്നെ ആപ്പ് തിരിച്ചറിഞ്ഞ് കുറിപ്പടിയിലുള്ള മരുന്നുകൾ കണ്ടെത്തും. ആപ്പിന്റെ കൂടുതൽ വിശേഷങ്ങൾ ഗൂഗിൾ പുറത്തുവിട്ടിട്ടില്ല. പുതിയ ഫീച്ചർ എന്ന് അവതരിപ്പിക്കുമെന്നും എല്ലാവർക്കും ലഭ്യമാകുമോ എന്ന കാര്യവും വ്യക്തമല്ല. ഫാർമസിസ്റ്റുകളുമായി ചേർന്നാണ് ആപ്പ് രൂപകൽപന ചെയ്തത്. ഫാർമസിസ്റ്റുകൾക്കു ജോലി എളുപ്പമാക്കുക എന്ന ലക്ഷ്യംകൂടി ഈ ആപ്പ് വികസിപ്പിക്കുന്നതിനു പിന്നിലുണ്ട്.വേറെയും നിരവധി ഫീച്ചറുകൾ ഗൂഗിൾ പുതുതായി അവതരിപ്പിക്കുന്നുണ്ട്. ഗൂഗിൾ സെർച്ചിലെ മാറ്റങ്ങൾ, ഗൂഗിൾ പേയിലെ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടും. ഗൂഗിൾ പേ വഴിയുള്ള തട്ടിപ്പുശ്രമങ്ങൾ അതിവേഗം കണ്ടെത്തി ഉപയോക്താവിന് മുന്നറിയിപ്പ് നൽകുന്നതാണ് പുതിയ ഫീച്ചർ. വിഷ്വൽ സെർച്ചിങ് കൂടുതൽ മെച്ചപ്പെടുത്താനും നീക്കമുണ്ട്.



Post a Comment

0 Comments