Flash News

6/recent/ticker-posts

സർക്കാർ ഓഫിസുകളിൽ നാളെ മുതൽ ബയോമെട്രിക് പഞ്ചിങ്

Views
തിരുവനന്തപുരം :സർക്കാർ ഓഫിസുകളിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം പുതുവർഷത്തിലെ ആദ്യ പ്രവൃത്തി ദിനമായ നാളെ മുതൽ നിലവിൽ വരും. ഇതിനായി ഓഫിസുകളിൽ നടപടികൾ പൂർത്തിയായി. ചില സ്ഥലങ്ങളിൽ നേരത്തേ തന്നെ പഞ്ചിങ് മെഷീൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സാങ്കേതികവിദ്യ പരിഷ്കരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 

കലക്ടറേറ്റുകൾ, ഡയറക്ടറേറ്റുകൾ, വകുപ്പു മേധാവികളുടെ ഓഫിസുകൾ എന്നിവിടങ്ങളിൽ ജനുവരി ഒന്നിനു മുൻപായി ഈ സംവിധാനം നടപ്പാക്കി ഹാജർനില ശമ്പള സോഫ്റ്റ്‍വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കണമെന്നു ചീഫ് സെക്രട്ടറി വി.പി.ജോയി രണ്ടാഴ്ച മുൻപ് ഉത്തരവിറക്കിയിരുന്നു. അർധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എല്ലാം മാർച്ച് 31നു മുൻപായി ഇതു പൂർണതോതിൽ നടപ്പാക്കും. ജോലിസമയത്തു ജീവനക്കാർ മുങ്ങുന്നതു തടയാൻ സ്പാർക്കുമായി ബന്ധിപ്പിച്ചു ഹാജർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്തണമെന്ന് പല തവണ നിർദേശിച്ചിട്ടും സർവീസ് സംഘടനകളുടെ തടസ്സവാദങ്ങൾ മൂലം നടപ്പായിരുന്നില്ല. സെക്രട്ടേറിയറ്റിൽ മാത്രമാണ് ഇപ്പോൾ ഈ സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നത്. 

സെക്രട്ടേറിയറ്റ് ജീവനക്കാരുടെയും സന്ദർശകരുടെയും നീക്കം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആക്സസ് കൺട്രോൾ സംവിധാനവും ഈയാഴ്ച മുതൽ നടപ്പാക്കും. ഡിജിറ്റൽ വാതിലുകളിൽ കാർഡ് സ്വൈപ് ചെയ്താൽ മാത്രം ഓഫിസിൽ കയറാനും ഇറങ്ങാനും കഴിയുന്ന സംവിധാനമാണിത്. ബീമാപള്ളി ഉറൂസ് പ്രമാണിച്ച് തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ നാളെയും അവധിയായതിനാൽ നഗരത്തിലെ സർക്കാർ ഓഫിസുകളിൽ ഈ മാസം 4 മുതൽ മാത്രമേ പഞ്ചിങ് സംവിധാനം നടപ്പിൽ വരൂ. 



Post a Comment

0 Comments