Flash News

6/recent/ticker-posts

പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസിലെ കാണാതായ വോട്ട്‌പെട്ടി കണ്ടെത്തി; വോട്ടെടുപ്പ് സാമഗ്രികള്‍ ഹൈക്കോടതിയിലേക്ക്; നജീബ് കാന്തപുരത്തിന് നിര്‍ണായകം

Views


പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസില്‍ കാണാതായ തപാല്‍വോട്ട് പെട്ടി കണ്ടെത്തി. ജില്ലാ സഹകരണ രജിസ്ട്രാറുടെ മലപ്പുറം ഓഫീസില്‍ നിന്നാണ് തപാല്‍വോട്ടുപെട്ടി കണ്ടെടുത്തത്. നജീബ് കാന്തപുരം എംഎല്‍എയുടെ വിജയത്തിനെതിരെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ഇടത് സ്വതന്ത്രന്‍ കെ പി എം മുസ്തഫ സമര്‍പ്പിച്ച ഹര്‍ജിയില്‍ വോട്ടുപെട്ടികള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ട്രഷറിയില്‍ പരിശോധിച്ചപ്പോഴാണ് വോട്ടുപെട്ടികള്‍ കാണാതിരുന്നത്. തുടര്‍ന്ന് ഇതു മാധ്യമ വാര്‍ത്തയായപ്പോള്‍ ജില്ലാ സഹകരണ രജിസ്ട്രാറുടെ മലപ്പുറം ഓഫീസില്‍ പെട്ടികള്‍ ഉണ്ടെന്ന് അറിയിപ്പ് ലഭിക്കുകയായിരുന്നു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ഉപയോഗിച്ച ബാലറ്റ് പേപ്പര്‍ അടക്കമുള്ള തിരഞ്ഞെടുപ്പ് സാമഗ്രികള്‍ ഇന്നു രാവിലെ ഹൈക്കോടതിയില്‍ എത്തിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നു. കേസ് നടത്തിപ്പിന്റെ സൗകര്യം കണക്കിലെടുത്ത് ഇവ ഹൈക്കോടതിയിലേക്കു മാറ്റാന്‍ രജിസ്ട്രാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. മാറ്റിവെച്ചതും അസാധുവായതും തപാല്‍ ബാലറ്റുകളും മുഴുവനായും, വോട്ടെണ്ണലിന്റെയും അനുബന്ധ പ്രക്രിയകളുടെയും വീഡിയോകളുമാണ് കൊണ്ടുപോകുക. നാളെയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.

2021 ഏപ്രില്‍ ആറിന് നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. എതിര്‍സ്ഥാനാര്‍ഥിയായിരുന്ന എല്‍.ഡി.എഫ്. സ്വതന്ത്രന്‍ കെ.പി.എം. മുസ്തഫയാണ് വിജയം ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 80-ന് മുകളിലുള്ളവരുടെയും അവശരായവരുടെയും വീടുകളിലെത്തി വോട്ട് ചെയ്യിപ്പിക്കാന്‍ ഈ തിരഞ്ഞെടുപ്പില്‍ ആദ്യമായി അവസരമൊരുക്കിയിരുന്നു. പ്രത്യേക തപാല്‍ വോട്ടുകളായാണ് ഇവ കണക്കാക്കുന്നത്. ഇങ്ങനെയുള്ള 348 വോട്ടുകള്‍ വോട്ടെണ്ണല്‍ വേളയില്‍ എണ്ണാതെ മാറ്റിവെച്ചിരുന്നു. ക്രമനമ്പര്‍, ഒപ്പ് എന്നിവ ഇല്ലാത്തതിന്റെ പേരിലാണ് മാറ്റിയത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി വിജയത്തിലേക്കടുത്തതോടെ ഈ വോട്ടുകള്‍ എണ്ണണമെന്ന് എല്‍.ഡി.എഫ്. രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും വരണാധികാരി അനുവദിച്ചില്ല. പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും അറിയിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്താണ് കെ.പി.എം. മുസ്തഫ കോടതിയെ സമീപിച്ചത്.

ഇക്കഴിഞ്ഞ നവംബറില്‍ കെ.പി.എം. മുസ്തഫയുടെ ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. എതിര്‍വാദമുണ്ടെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കാമെന്നും വിധിയില്‍ കോടതി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.



Post a Comment

0 Comments