Flash News

6/recent/ticker-posts

ജിപേ ചെയ്തത് തുമ്പായി; നായക്കുട്ടിക്കായി കേരള പൊലീസ് സഞ്ചരിച്ചത് 465 കിലോമീറ്റർ

Views
ജിപേ ചെയ്തത് തുമ്പായി; നായക്കുട്ടിക്കായി കേരള പൊലീസ് സഞ്ചരിച്ചത് 465 കിലോമീറ്റർ


മൂന്ന് ദിവസം മുൻപാണ് കൊച്ചി നെട്ടൂരിലുള്ള പെറ്റ് ഷോപ്പിൽ നിന്ന് ഷിറ്റസു ഇനത്തിൽപ്പെട്ട നായയെ മോഷ്ടിച്ചത്. നായക്കുട്ടിയെ ഹെൽമറ്റിൽ കടത്തിക്കൊണ്ടുപോയത് എൻജിനിയറിങ്ങ് വിദ്യാർഥികളാണ്. ഇവരെ ഉഡുപ്പിയിൽ നിന്നാണ് പിടികൂടുന്നത്. നായകുട്ടിയെ കിട്ടാനായി 465 കിലോമീറ്ററാണ് പൊലീസ് സഞ്ചരിച്ചത്. കേസിനെക്കുറിച്ച് പനങ്ങാട് എസ്ഐ ജിൻസൺ ഡൊമിനിക്ക് സംസാരിക്കുന്നു. ഇതൊടൊപ്പം പെറ്റ് ഷോപ്പിന്റെ ഉടമ അബ്ദുൾ ബാസിത്തും സംഭവത്തെക്കുറിച്ച് മനോരമന്യൂസിനോട് പറയുന്നു.



എസ്ഐയുടെ വാക്കുകൾ : കേരള പൊലീസിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു നായ്ക്കുട്ടിയെ അന്വേഷിച്ച് ഇതരസംസ്ഥാനം വരെ പോകുന്നത്. കര്‍ണാടക സ്വദേശികളായ നിഖില്‍, ശ്രേയ എന്നീ എഞ്ചിനീയറിങ് വിദ്യാര്‍ഥികളാണ് പിടിയിലായത്. ഇതുവരെയുള്ള അന്വേഷണത്തിൽ ഇവർ ഒരു കൗതുകത്തിന്റെ പുറത്താണ് നായ്കുട്ടിയെ എടുത്തതെന്നാണ് മനസിലാകുന്നത്. അല്ലാതെ വേറെ ഉദ്ദേശമുള്ളതായി തോന്നുന്നില്ല.* 



അബ്ദുൾ ബാസിത്ത് പറയുന്നതിങ്ങനെ: സമാനസംഭവങ്ങൾ കൊച്ചിയിൽ തന്നെയുള്ള നിരവധി ഷോപ്പുകളിൽ നടന്നിട്ടുണ്ട്. പെറ്റ്സിനെ മാത്രമല്ല, കടയിൽ കയറി സാധനങ്ങൾ മോഷ്ടിച്ചിട്ട് കടന്നുകളയുന്ന സംഭവങ്ങൾ ഇപ്പോൾ പതിവാണ്. പലരും കേസ് കൊടുത്താലുണ്ടാകുന്ന നടപടി ക്രമങ്ങളും സമയനഷ്ടവുമൊക്കെ ആലോചിച്ചിട്ട് പരാതി കൊടുക്കാത്തതാണ്. ഞങ്ങളുടെ സംഭവത്തിന് ശേഷം ഒരുപാട് പെറ്റ്ഷോപ്പ് ഉടമകൾ വിളിച്ചിട്ട് അവർക്കും ഇതുപോലെ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. വൈറ്റിലയിൽ ഒരു കടയിൽ ഷിറ്റ്സുവിനെ തന്നെ മോഷ്ടിച്ചിട്ടുണ്ട്.



മോഷണം നടന്നതിന്റെ വിഡിയോ പെറ്റ്ഷോപ്പ് ഓണേഴ്സിന്റെ ഗ്രൂപ്പിലിട്ടപ്പോഴാണ് ഈ കുട്ടികൾ പെറ്റ് ഫുഡ് വിൽക്കുന്ന ഒരു കടയിലും വേറെ ഒരു കടയിലും കയറിയ വിവരം അറിയുന്നത്. ഇവർ കയറിയ ഒരു കടയിൽ മോഷണശ്രമം പാളിപ്പോയി. ഉടമ കണ്ടുപിടിച്ചതിനെത്തുടർന്ന് എടുത്ത സാധനത്തിന്റെ പണം ജി–പെ ചെയ്യേണ്ടി വന്നു. സത്യത്തിൽ അതാണ് ഞങ്ങൾക്ക് അനുഗ്രഹമായത്. ജി–പെ ചെയ്തപ്പോൾ യുപിഐ ഐഡി കിട്ടി. അതുവഴിയാണ് ഇവരുടെ വിവരങ്ങൾ ട്രാക്ക് ചെയ്യുന്നതും പിടികൂടുന്നതും. പൊലീസിന്റെ സമയോജിതമായ ഇടപെടലാണ് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ നായക്കുട്ടിയെ കണ്ടെത്താൻ സഹായിച്ചത്.



ഞങ്ങളെ സംബന്ധിച്ച് ഇത് ആദ്യത്തെ അനുഭവമാണ്. ആനിമൽ തെറാപ്പിയുടെ ഭാഗമായിട്ടൊക്കെ പലരും പെറ്റ്ഷോപ്പിൽ വരാറുണ്ട്. പക്ഷെ ഹെൽമറ്റിൽവെച്ച് ഒരു നായക്കുട്ടിയെ കടത്തിക്കൊണ്ട് പോയത് ആദ്യമായിട്ടാണ് നേരിട്ടറിയുന്നത്. ആ കുട്ടികളുടെ ഭാവി നശിപ്പിക്കണമെന്ന ഉദ്ദേശത്തോടെയല്ല കേസ് കൊടുത്തത്. ഈ പെറ്റ്ഷോപ്പ് ഞങ്ങളുടെ ജീവിതോപാധിയാണ്. ഇതുപോലെയൊരു തെറ്റ് ആ കുട്ടികളും ഇനി ആവർത്തിക്കാൻ പാടില്ല.– ബാസിത് പറഞ്ഞു.




Post a Comment

0 Comments