Flash News

6/recent/ticker-posts

ക്യൂ നില്‍ക്കാതെ സര്‍ക്കാര്‍ ആശുപത്രി അപ്പോയ്മെന്‍റെടുക്കാം,509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജം

Views
തിരുവനന്തപുരം : സംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 16 ജില്ല, ജനറല്‍ ആശുപത്രികള്‍, 73 താലൂക്ക് ആശുപത്രികള്‍, 25 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 380 പ്രാഥമികാരോഗ്യ/കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 1 പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പിലാക്കിയത്. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഒരാള്‍ ആശുപത്രിയിലെത്തി മടങ്ങുന്നതുവരെ എല്ലാ ആരോഗ്യ സേവനങ്ങളും ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴില്‍ ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ കഴിയുന്നു. ഈ പദ്ധതിയിലൂടെ ഓണ്‍ലൈനായി വീട്ടിലിരുന്ന് തന്നെ ഒപി ടിക്കറ്റും ആശുപത്രി അപ്പോയ്‌മെന്റെടുക്കാനും സാധിക്കും. ഇ ഹെല്‍ത്ത് വഴി ഇതുവരെ 3.04 കോടി രജിസ്‌ട്രേഷനുകള്‍ നടന്നിട്ടുണ്ട്. 32.40 ലക്ഷം (10.64 ശതമാനം) പെര്‍മെനന്‍റ്   യുഎച്ച്‌ഐഡി രജിസ്‌ട്രേഷനും 2.72 കോടി (89.36 ശതമാനം) താത്ക്കാലിക രജിസ്‌ട്രേഷനും നടത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി ഒരു ലക്ഷത്തോളം പേര്‍ അഡ്വാന്‍സ്ഡ് അപ്പോയ്‌മെന്റ് എടുത്തിട്ടുണ്ട്.

'ഡിജിറ്റല്‍ ഹെല്‍ത്ത്' സമയബന്ധിതമായി സാക്ഷാത്ക്കരിക്കുക എന്ന ലക്ഷ്യവുമായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം ഒരുക്കുന്നതിലൂടെ ഓണ്‍ലൈന്‍ ഒപി ടിക്കറ്റും പേപ്പര്‍ രഹിത ആശുപത്രി സേവനവും യാഥാര്‍ത്ഥ്യമാക്കി. ലാബ് റിസള്‍ട്ട് എസ്.എം.എസ്. ആയി ലഭിക്കുന്ന സംവിധാനവും സജ്ജമാക്കി. ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലീ ആപ്പ് രൂപീകരിച്ചു. ഇതിലൂടെ 30 വയസിന് മുകളിലുള്ള 73 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. കാന്‍സര്‍ രോഗനിര്‍ണയത്തിനും കാന്‍സര്‍ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാന്‍സര്‍ ഗ്രിഡ്, കാന്‍സര്‍ കെയര്‍ സ്യൂട്ട് നടപ്പിലാക്കി. വിപുലമായ ഇ സഞ്ജീവനി സേവനം ഒരുക്കി. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ഇ ഓഫീസാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസുകളില്‍ ഇ ഓഫീസ് നടപ്പാക്കി വരുന്നു. ആരോഗ്യ വകുപ്പില്‍ പഞ്ചിംഗ് ആരംഭിച്ചു.



Post a Comment

0 Comments