Flash News

6/recent/ticker-posts

മുസ്ലിം ലീഗ് ദേശീയ സമ്മേളനം സംസ്ഥാന തല രജിസ്ട്രേഷൻ സയ്യിദ് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്തു

Views
മലപ്പുറം :മാർച്ച് 9 ,10 തിയതികളിൽ ചെന്നൈയിൽ നടക്കുന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ കേരളത്തിൽ നിന്ന് പങ്കെടുക്കുന്ന പ്രതിനിധികളുടെ സംസ്ഥാന തല രജിസ്ട്രേഷൻ ഉത്ഘാടനം പാർട്ടി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.പ്രതിനിധി രജിസ്ട്രേഷനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഓൺലൈൻ ആപ്പ് മുഖേന പ്രതിനിധിയായി രജിസ്ട്രർ ചെയ്തു കൊണ്ടാണ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചത്. 'ഉത്തരവാദിത്വരാഷ്ട്രീയത്തിന്റെ എഴര പതിറ്റാണ്ടുകൾ ' എന്ന പ്രമേയം ഉയർത്തി നടക്കുന്ന പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ  ഭാഗമായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുക്കുക. മാർച്ച് 9  ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം വർത്തമാന കാല ഇന്ത്യയുടെ രഷ്ട്രീയത്തെ ആഴത്തിൽ വിശകലനം ചെയ്യുന്ന വിവിധ സെഷനുകൾ കൊണ്ട് സമ്പന്നമായിരിക്കും . മുസ്ലിം ലീഗ് ദേശീയ നേതാക്കളെ കൂടാതെ രാജ്യത്തെ പ്രമുഖ മാധ്യമ പ്രവർത്തകരും ആക്ടിവിസ്റ്റുകളും സാംസ്കാരിക നായകരും വിവിധ സെഷനുകളിൽ പ്രതിനിധികളോട് സംവദിക്കും. തുടർന്ന് മാർച്ച് 10 ന് രാവിലെ പാർട്ടി പിറവി കൊണ്ട ചരിത്രപ്രസിദ്ധമായ രാജാജി ഹാളിൽ  ദേശീയ കൗൺസിൽ മീറ്റിൽ ദേശീയ രാഷ്ട്രീയ പ്രമേയങ്ങൾക്ക് രൂപം നൽകും . തുടർന്ന് വൈകിട്ട് നാലുമണിമുതൽ ഖാഇദെ മില്ലത്ത് നഗറിൽ (കൊട്ടിവക്കം വൈ എം സി എ ഗ്രൗണ്ടിൽ)  നടക്കുന്ന മഹാറാലിയിൽ ലക്ഷക്കണക്കിന് പ്രവർത്തകർ അണിനിരക്കും. തമിൾ നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ റാലിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

മുസ്ലിം ലീഗ് ദേശീയ പ്രതിനിധി സമ്മേളനം
കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ

മുസ്ലിം ലീഗിൻ്റെ നിലവിലുള്ള സംസ്ഥാന ഭാരവാഹികൾ,പ്രവർത്തക സമിതി അംഗങ്ങൾ, യൂത്ത് ലീഗ്, എം എസ് എഫ് ,എ സ് റ്റി യു, വനിതാ ലീഗ്, കർഷക സംഘം ,ലോയേഴ്‌സ് ഫോറം, എ ഐ കെ എം സി സി ദേശീയ ഭാരവാഹികൾ, യൂത്ത് ലീഗ്, എസ് റ്റി യു, വനിതാ ലീഗ്, ദളിത് ലീഗ് കേരള സംസ്ഥാന ഭാരവാഹികൾ, യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ജനറൽ സെക്രട്ടറിമാർ എന്നിവരാണ് പ്രതിനിധികളായി രജിസ്റ്റർ ചെയ്യേണ്ടത്.ഇവരുടെ  രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനാവശ്യമായ പാസ്വേഡ് സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി  മുഖേന ലഭ്യമാകും. ഫെബ്രുവരി 20 നുള്ളിൽ രജിസ്ട്രേഷൻ  പൂർത്തിയാക്കണം. 

പാണക്കാട് ഹാദിയ സെന്ററിൽ  നടന്ന റജിസ്ട്രേഷൻ ഉദ്ഘാടന ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ ജന:സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി സമ്മേളന പരിപാടികൾ വിശദീകരിച്ചു.ദേശീയ അസി: സെക്രട്ടറി സി കെ സുബൈർ സ്വാഗതം പറഞ്ഞു . സംസ്ഥാന ജന:സെക്രട്ടറി ഇൻ ചാർജ് അഡ്വ: പി എം എ സലാം, മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ,യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, എം എൽ എ മാരായ കെ പി എ മജീദ്, ആബിദ് ഹുസൈൻ തങ്ങൾ, പി ഉബൈദുല്ല, കുറുക്കോളി മൊയ്തീൻ,സംസ്ഥാന വൈസ് പ്രസിഡണ്ട് എം സി മായിൻഹാജി, സെക്രട്ടറി അബ്ദുൾ റഹ്മാൻ രണ്ടത്താണി, യൂത്ത് ലീഗ് ദേശീയ ജന:സെക്രട്ടറി അഡ്വ: വി കെ ഫൈസൽ ബാബു, ഓർഗനൈസിംഗ് സെക്രട്ടറി റ്റി പി അഷ്റഫലി, വൈസ് പ്രസിഡണ്ട് ഷിബു മീരാൻ, സെക്രട്ടറി സാജിദ് നടുവന്നൂർ, എം എസ് എഫ് ദേശീയ പ്രസിഡണ്ട് പി വി അഹമ്മദ് സാജു, യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗം സി കെ ഷാക്കിർ എന്നിവർ സംസാരിച്ചു.



Post a Comment

0 Comments