Flash News

6/recent/ticker-posts

സൗദി സ്ഥാപക ദിനം ഇന്ന്; ആഘോഷ നിറവില്‍ രാജ്യം, അഭിമാനത്തോടെ രാജാവും ജനങ്ങളും

Views
ജിദ്ദ: ഭരണാധികാരികളും പൗരന്മാരും തമ്മിലുള്ള ശക്തമായ ബന്ധം ഊട്ടിയുറപ്പിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ഭരണനേതൃത്വത്തില്‍ സൗദി അറേബ്യ സ്ഥാപകദിനാഘോഷ നിറവില്‍.

ഹിജ്‌റ 1139 മധ്യത്തില്‍ (1727 ഫെബ്രുവരിയില്‍) ആണ് ഇമാം മുഹമ്മദ് ബിന്‍ സൗദിന്റെ കരങ്ങളാല്‍ സൗദി അറേബ്യ സ്ഥാപിതമായത്. മൂന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ദിര്‍ഇയ തലസ്ഥാനമായും വിശുദ്ധ ഖുര്‍ആനും നബിചര്യയും ഭരണഘടനയുമായി സ്ഥാപിതമായ സൗദി അറേബ്യ ഇന്നും അടിസ്ഥാന മൂല്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പരിഷ്‌കാരങ്ങളുടെയും പുരോഗതിയുടെയും അഭിവൃദ്ധിയുടെയും പടവുകള്‍ അനുസ്യൂതം താണ്ടുന്നു.
ഇമാം മുഹമ്മദ് ബിന്‍ സൗദ് സ്ഥാപിച്ച മഹത്തായ ചരിത്ര പൈതൃകത്തില്‍ രാജ്യത്തെ ജനങ്ങള്‍ അഭിമാനിക്കുന്നു. ഇമാം മുഹമ്മദ് ബിന്‍ സൗദ് സ്ഥാപിച്ച സൗദി ഭരണത്തിനു കീഴില്‍ അറേബ്യന്‍ ഉപദ്വീപിലെ അക്കാലത്തെ ജനങ്ങള്‍ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക സമ്പന്നതോടെയാണ് ജീവിച്ചത്. രണ്ടാം സൗദി ഭരണത്തിന് ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ സൗദ് തുടക്കം കുറിച്ചു. ആധുനിക സൗദി അറേബ്യയുടെ ശില്‍പി കൂടിയായ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഫൈസല്‍ അല്‍സൗദ് രാജാവാണ് ഐക്യസൗദി അറേബ്യ സ്ഥാപിച്ചത്.

യുഗാന്തരങ്ങളില്‍ വികസനത്തിന്റെയും വളര്‍ച്ചയുടെയും പുരോഗതിയുടെയും പടവുകള്‍ ചവിട്ടിക്കയറിയാണ് ഇന്ന് കാണുന്ന അഭിവൃദ്ധിയും ആഗോള തലത്തില്‍ മികച്ച സ്ഥാനവും രാജ്യം കൈവരിച്ചത്. സൗദി രാഷ്ട്ര സ്ഥാപനത്തിന്റെ അടയാളങ്ങള്‍ അറേബ്യന്‍ ഉപദ്വീപിലെങ്ങും പ്രകടമായി.

സൗദി രാഷ്ട്രം സ്ഥാപിതമായതു മുതല്‍ മൂന്നു നൂറ്റാണ്ടിന്റെ ഓര്‍മകളും അനശ്വര സംഭവങ്ങളും നിലപാടുകളും സ്മരിക്കാനുള്ള അവസരമാണ് സ്ഥാപകദിനാഘോഷം.  ഒരു നിമിഷത്തില്‍ നിന്ന് പിറവിയെടുത്ത രാജ്യമായിരുന്നില്ല സൗദി അറേബ്യ. മറിച്ച്, നൂറ്റാണ്ടുകളിലൂടെയാണ് രാജ്യം രൂപപ്പെട്ടതും സമൂഹത്തിന്റെ സുരക്ഷക്കും ഇരു ഹറമുകളുടെയും പരിചരണത്തിനും ജനക്ഷേമത്തിനും മുന്‍ഗണ നല്‍കുന്ന ഒരു യോജിച്ച ഭരണകൂടത്തിന്റെ അടിത്തറ ഉറപ്പിച്ചതും. നിരവധി വെല്ലുവിളികള്‍ക്കിടെയും ദേശീയ ഐക്യത്തിന്റെ ആഴവും ശക്തിയും മൂന്നു നൂറ്റാണ്ടായി രാജ്യത്തിന്റെ തുടര്‍ച്ചക്ക് സഹായിച്ചു. വൈദേശിക ആക്രമണങ്ങളെ സൗദി അറേബ്യ ചെറുക്കുകയും സാമൂഹിക ഐക്യം തകര്‍ക്കാനുള്ള ശ്രമങ്ങളെ തോല്‍പിക്കുകയും ചെയ്തു. മുന്‍കാലങ്ങളില്‍ കടന്നുപോയ വിഷമകരമായ സാഹചര്യങ്ങള്‍ തരണം ചെയ്ത് രാജ്യം ശുഭകരമായ യുഗത്തിലെത്തി.
സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് ഭരണാധികാരികളോടുള്ള കൂറും സ്‌നേഹവും പ്രകടിപ്പിക്കുകയും ഗതകാല ചരിത്രം അനുസ്മരിക്കുകയും ചെയ്യുന്ന വൈവിധ്യമാര്‍ന്ന സാംസ്‌കാരിക, കലാ പരിപാടികള്‍ രാജ്യത്തെങ്ങും നടക്കും.

സ്ഥാപകദിനത്തിന് സര്‍ക്കാര്‍, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ ഒരു ദിവസമാണ് അവധി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  നാളെയും മറ്റന്നാളും അവധിയാണ്. വാരാന്ത്യ അവധി കൂടി കണക്കിലെടുത്താല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലു ദിവസം അവധിയായിരിക്കും.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം മൂന്നു നൂറ്റാണ്ടുകള്‍ പിന്നിലേക്ക് നീളുന്ന ഈ അനുഗ്രഹീത രാജ്യത്തിന്റെ ഉറച്ച വേരുകളിലുള്ള അഭിമാനം പ്രകടിപ്പിച്ചു. സുസ്ഥിരത, നീതികൈവരിക്കല്‍, പൗരന്മാരുടെ ഐക്യം, വെല്ലുവിളികള്‍ നേരിടുന്നതിലെ ദൃഢത, വളര്‍ച്ചയും പുരോഗതിയുമുള്ള ശോഭനമായ ഭാവിക്കായുള്ള അഭിലാഷം, എല്ലാ മേഖലകളിലും ലോക രാഷ്ട്രങ്ങള്‍ക്കും ജനങ്ങള്‍ക്കും ഇടയില്‍ മുന്‍നിര സ്ഥാനം ശക്തിപ്പെടുത്തല്‍ എന്നിവയില്‍ ഊന്നിയാണ് രാജ്യം സ്ഥാപിതമായതെന്നും മന്ത്രിസഭാ യോഗം പറഞ്ഞു.Post a Comment

0 Comments