Flash News

6/recent/ticker-posts

കരിപ്പൂരിൽ നിന്നും എയർ ഇന്ത്യ സർവ്വീസ് നിർത്താനുള്ള നീക്കത്തിനെതിരെഎം.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്.

Views
കോഴിക്കോട്:പ്രവാസികളെ ഏറെ ബാധിക്കുന്നതും കോഴിക്കോട് വിമാനത്താവളത്തെ തകർക്കുന്നതുമായ രീതിയിൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ദുബൈ,ഷാർജ എന്നിവിടങ്ങളിലേക്കും തിരിച്ചും സർവ്വീസ് നടത്തുന്ന എയർ ഇന്ത്യാ വിമാന സർവ്വീസ് നിർത്താനുള്ള അധികൃതരുടെ തീരുമാനത്തിനെതിരെയും പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട് പ്രവാസികൾക്കും ക്ഷേമനിധിയിൽ അംഗങ്ങളായവർക്കുമുള്ള ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഫെബ്രുവരി 20ന് കോഴിക്കോട്ട് പ്രതിഷേധ സംഗമം നടക്കുമെന്നും മലബാർ ഡെവലപ്മെന്റ് ഫോറം(എം.ഡി.എഫ്) ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
    മാർച്ച് മാസം മുതൽ കോഴിക്കോട്-ദുബൈ-ഷാർജ സെക്ടറുകളിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യാ സർവ്വീസുകളുടെ ബുക്കിംഗ് നിർത്തിവെച്ചിരിക്കുകയാണ്.ഇനി മുതൽ സർവ്വീസ് ഉണ്ടാവില്ലെന്ന് ട്രാവൽസുകളെ എയർ ഇന്ത്യ അറിയിച്ചിരിക്കുകയാണ്.കോഴിക്കോട് നിന്നും ദുബൈയിലേക്കുള്ള എ.ഐ.937 ,ദുബൈയിൽ നിന്നും കോഴിക്കോട്ടേക്കുള്ള എ.ഐ.938,കോഴിക്കോട് നിന്നും ഷാർജയിലേക്കുള്ള എ.ഐ 997 ,ഷാർജയിൽ നിന്നും കോഴിക്കോട്ടേക്കുള്ള എ.ഐ.998 എന്നീ സർവ്വീസുകളാണ് എയർ ഇന്ത്യ നിർത്തലാക്കുന്നത്.
    കരിപ്പൂരിൽ നിന്നും വലിയ വിമാനങ്ങൾക്ക് സർവ്വീസ് നടത്താൻ അനുമതി ഇല്ലാത്ത സാഹചര്യത്തിൽ ഈ സെക്ടറുകളിൽ എയർ ഇന്ത്യ സർവ്വീസ് നിർത്തുന്നത് പ്രവാസി യാത്രക്കാർക്ക് മറ്റു എയർലൈസുകളെയും വിമാനത്താവളങ്ങളെയും ആശ്രയിക്കേണ്ടി വരും.ഇത് മൂലം പ്രവാസി യാത്രക്കാർ ഭാരിച്ച ചെലവ് വഹിക്കേണ്ടി  വരുമെന്നും ഇതോടെ കരിപ്പൂർ എയർപോട്ടിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം കുറയുന്നതോടെ വിമാനത്താവളത്തെ തന്നെ തകർച്ചയുടെ വക്കിലെത്തിക്കുമെന്നും എം.ഡി.എഫ്.ഭാരവാഹികൾ പറഞ്ഞു.കോഴിക്കോട്ടു നിന്നും നേരിട്ട് വിമാന സർവ്വീസ് ഇല്ലാത്ത യൂറോപ്പിലേക്കടക്കമുള്ള യാത്രക്കാർ ദുബൈ,ഷാർജ വഴിയാണ് യാത്ര പോവാറ്.
കരിപ്പൂർ  വിമാനത്താവളത്തിൽ നിന്നും അന്താരാഷ്ട്ര സർവ്വീസ് ആരംഭിച്ച ആദ്യഘട്ടം മുതൽ ഉള്ളതാണ് എയർ ഇന്ത്യാ സർവ്വീസ്.ഈ സർവ്വീസ് നിർത്തൽ ചെയ്യുന്നതോടെ മലബാറിൽ നിന്നുള്ള ചരക്ക് കയറ്റുമതിയെയും ഇത് സാരമായി ബാധിക്കും.മാത്രമല്ല കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന എയർ ഇന്ത്യയുടെ ഓഫീസ് തന്നെ ഇവിടെ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.ഇത് യാത്രക്കാരെ സ്വകാര്യ ട്രാവൽസുകാർക്ക് ചൂഷണം ചെയ്യുന്നതിന് ആക്കം കൂട്ടും.എയർ ഇന്ത്യാ ഓഫീസ് കോഴിക്കോട്ട് പുന:സ്ഥാപിക്കുവാനും കോഴിക്കോട് ദുബൈ ഷാർജ സർവ്വീസുകൾ തുടരുന്നതിനും ആവശ്യമായ നടപടികൾ ബന്ധപ്പെട്ടവർ അടിയന്തിരമായി സ്വീകരിക്കേണ്ടിയിരിക്കുന്നു.
       പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുത്ത അംഗങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്നും ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രവാസികളുടെ ആശങ്കയകറ്റണമെന്നും സർക്കാരിനോട് എം.ഡി.എഫ്.ആവശ്യപ്പെടുന്നു. പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുത്ത അംഗങ്ങൾക്ക് ജോലി നഷ്ടപ്പെടുകയോ മറ്റു കാരണങ്ങളാലോ പൈസ അടക്കുന്നത് മുടങ്ങികഴിഞ്ഞാൽ ഭീമമായ സംഖ്യ കുടിശികയായി ഈടാക്കുന്നുണ്ടെന്നും ഇത് ക്ഷേമനിധി അംഗങ്ങൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും കുടിശിക ഈടാക്കുന്നത് ഒഴിവാക്കി പണം അടക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം.60 വയസ്സ് കഴിഞ്ഞ നിരവധി ആളുകൾ ഇപ്പോഴും പ്രവാസത്തിലുണ്ട്.അത്തരം ആളുകൾക്ക് ഒറ്റ തവണ പേമെന്റ് സംവിധാനത്തിലൂടെ ക്ഷേമനിധിയിൽ ചേരാനുള്ള സംവിധാനം ഒരുക്കണം.പ്രവാസി പെൻഷൻ തുക വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം.നോർക്കയിൽ നിന്നും ക്ഷേമനിധിയിൽ നിന്നും നൽകി വരുന്ന വിവാഹം,ചികിൽസ എന്നിവക്കുള്ള ധനസഹായ തുക വർധിപ്പിക്കണമെന്നും ഈ പ്രക്ഷോഭത്തിലൂടെ MDF ആവശ്യപ്പെടുന്നു.
   തിരുന്നാവായ -ഗുരുവായൂർ റെയിൽ പാതയുടെ നിർമ്മാണത്തിന് സാങ്കേതികാനുമതി ലാഭിച്ചിട്ടുണ്ടെങ്കിലും  ഇന്നും അത് യാഥാർത്ഥ്യമായിട്ടില്ല.ഇത് യാഥാർത്ഥ്യമായാൽ തീരദേശമേഖലയിലെ യാത്രാ ദുരിതത്തിന് ഏറെ പരിഹാരം കാണാൻ സാധിക്കുമെന്നും ഇത് വേഗത്തിൽ പൂർത്തിയാക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തിര നടപടി വേണമെന്നും എം.ഡി.എഫ്.ആവശ്യപ്പെടുന്നു.
         ഫെബ്രുവരി 20 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് മൊഫ്യൂസ്യൽ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന പ്രതിഷേധ സംഗമം എം.കെ.രാഘവൻ എം.പി.ഉൽഘാടനം ചെയ്യും.മുൻ മന്ത്രി എം.കെ.മുനീർ എം.എൽ.എ,ലോക കേരള സഭാംഗം യു.എ.നസീർ ,സി.ചാക്കുണ്ണി തുടങ്ങി വിവിധ സാംസ്കാരിക സംഘടനാ നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും.

വാർത്താ സമ്മേളനത്തിൽ എം.ഡി.എഫ്.പ്രസിഡണ്ട് എസ്.എ.അബൂബക്കർ,ചെയർമാൻ യു.എ.നസീർ,രക്ഷാധികാരികളായ ഗുലാം ഹുസൈൻ കൊളക്കാടൻ,സഹദ് പുറക്കാട്,ഭാരവാഹികളായ അഷ്റഫ് കളത്തിങ്ങൽ പാറ,നിസ്താർ ചെറുവണ്ണൂർ,കരീം വളാഞ്ചേരി,ഫ്രീഡാ പോൾ എന്നിവർ സംബന്ധിച്ചു.


Post a Comment

0 Comments