Flash News

6/recent/ticker-posts

വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ തമിഴ്നാട് സ്വദേശികള്‍ക്ക് രക്ഷകനായി യുവാവ്

Views
വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ തമിഴ്നാട് സ്വദേശികള്‍ക്ക് രക്ഷകനായി യുവാവ്


കരുവാരക്കുണ്ട്:
കേരളാംകുണ്ട് വെള്ളച്ചാട്ടത്തില്‍  അൻപതടിയിലേറെ താഴ്ചയിൽ ജീവനുവേണ്ടി പിടയുന്ന സുഹൃത്തിനെ നോക്കി അലമുറയിടാനേ കൂടെയുണ്ടായിരുന്നവർക്ക് കഴിഞ്ഞുള്ളൂ. നിസ്സഹായതയുടെ കാണാക്കയത്തിൽ രക്ഷകനായി ഫസലുദ്ദീനെത്തി. കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലിറങ്ങി അവശനായ തമിഴ്നാട് സ്വദേശി വിജേഷിനെ കാളികാവ് പുറ്റമണ്ണ സ്വദേശി പുളിക്കൽ ഫസലുദ്ദീൻ സ്വന്തം ജീവൻ അവഗണിച്ച് രക്ഷപ്പെടുത്തി.


തമിഴ്നാട്ടിൽനിന്നുള്ള അഞ്ചംഗസംഘം തിങ്കളാഴ്ച ഉച്ചയോടെയാണ് വെള്ളച്ചാട്ടത്തിലിറങ്ങിയത്. നീന്തലറിയാത്ത വിജേഷ് ആഴമില്ലാത്ത ഭാഗത്തേക്കിറങ്ങി. തെന്നിനീങ്ങി ആഴമുള്ള ഭാഗത്തെത്തിയതോടെ മുങ്ങിത്താഴ്ന്നു.

 സുഹൃത്തുക്കൾ ഒരുവിധം വലിച്ച് കരയ്ക്കടുപ്പിച്ചെങ്കിലും ക്ഷീണിതനായ വിജേഷിനെ കുത്തനെയുള്ള പാറക്കെട്ടുകൾക്കിടയിലൂടെ മുകളിലേക്കെത്തിക്കാൻ അവർക്കായില്ല. ആരോഗ്യനില വഷളായ വിജേഷിനെ രക്ഷിക്കാൻ മാർഗമില്ലാതെ സുഹൃത്തുക്കൾ അലമുറയിട്ടു. സുരക്ഷാജീവനക്കാർ ഉൾപ്പെടെയുള്ളവർ ശ്രമിച്ചെങ്കിലും മുകളിലേക്ക് കയറ്റാൻ കഴിഞ്ഞില്ല.

ഇതിനിടയിലേക്കാണ് നജാത്തിലെ ബസ് ഡ്രൈവർ ഫസലുദ്ദീൻ മുന്നോട്ടുവന്നത്. 

ആളെ ചുമലിൽ കെട്ടി മുകളിലേക്ക് കയറിൽ തൂങ്ങി കയറാൻ കഴിയുമെന്ന് ഫസലുദ്ദീൻ പറഞ്ഞു. അസാധ്യമെന്ന് പറഞ്ഞ് കൂടെയുള്ളവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സമയം പാഴാക്കാതെ ഫസലുദ്ദീൻ കെട്ടിത്തൂക്കിയ കയറിലൂടെ താഴേക്കിറങ്ങി.

 ക്ഷീണിതനായ വിജേഷിനെ ചുമലിൽ കെട്ടി മുറുക്കിപാറക്കെട്ടുകളിലൂടെ ശ്രദ്ധയോടെ ചുവടുവെച്ച് കയറിൽ തൂങ്ങി മുകളിലെത്തിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്നവർ ചേർന്ന് പ്രഥമശുശ്രൂഷ നൽകി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കിണർ കുഴിച്ചുള്ള പരിചയമാണ് കയറിൽ തൂങ്ങി കയറാനുള്ള ധൈര്യം നൽകിയതെന്ന് ഫസലുദ്ദീൻ പറഞ്ഞു. വീട്ടിലെ കിണർ ഫസലുദ്ദീൻ സ്വന്തമായി കുഴിച്ചതാണ്.

 ചെങ്കുത്തായ പാറക്കെട്ടുകൾക്കിടയിലൂടെ കയറിൽ പിടിച്ച് കയറുന്നത് ആദ്യമായിട്ടാണ്. ഒരാളുടെ ജീവനുവേണ്ടി യാചിക്കുന്നത് കണ്ടപ്പോൾ മറ്റൊന്നും ആലോചിച്ചില്ലെന്നും കൂടെയുള്ളവരിൽ വിശ്വാസമർപ്പിച്ച് സാഹസിക കൃത്യത്തിന് മുതിരുകയായിരുന്നുവെന്നും ഹസലുദ്ദീൻ പറഞ്ഞു.

ജീവൻ തിരിച്ചുകിട്ടിയ വിജേഷും കൂട്ടുകാരും ഫസലുദ്ദീനോടുള്ള നന്ദിയും കടപ്പാടും തീർക്കാനാവില്ലെന്ന് പറഞ്ഞാണ് നാട്ടിലേക്ക് മടങ്ങിയത്.

 പുറ്റമണ്ണയിലെ പുളിക്കൽ ചേക്കുണ്ണി-ആയിശ ദമ്പതിമാരുടെ മകനാണ് ഫസലുദ്ദീൻ. ഭാര്യ ജു ഷെറിൻ. ഫിസ മെഹ്റിൻ മകളും. നാട്ടുകാരും സുരക്ഷാ ജീവനക്കാരും ഫസലുദ്ദീനെ അഭിനന്ദിച്ചു.


Post a Comment

0 Comments