Flash News

6/recent/ticker-posts

രാവിലെ ആറിനും വൈകുന്നേരം ആറിനും; മില്‍മ പാല്‍ ശേഖരണ സമയം പുനഃക്രമീകരിക്കും: മന്ത്രി

Views
തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ ഉത്പാദനം കൂട്ടാനും കറവയുടെ ഇടവേള ദൈര്‍ഘ്യം കൂട്ടാനുമായി മില്‍മയുടെ പാല്‍ ശേഖരണ സമയം മാറ്റുന്നത് ആലോചനയിലുണ്ടെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കറവയുടെ ഇടവേള കൂട്ടുന്നത് പശുക്കളിലെ ഉത്പാദനക്ഷമത കൂട്ടാനും അകിട് വീക്കം പോലുള്ള രോഗബാധകള്‍ കുറയ്ക്കാനും സാധിക്കും. ഇതനുസരിച്ച് രാവിലെ ആറിനും വൈകിട്ട് ആറിനും എന്ന ക്രമത്തില്‍ പാല്‍ ശേഖരണ സമയം പുനഃക്രമീകരിച്ചാല്‍ കറവയ്ക്കിടയില്‍ 12 മണിക്കൂര്‍ ഇടവേള നല്‍കാനാകുമെന്നും അതുവഴി കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

ഇതിലൂടെ ലക്ഷ്യം വെക്കുന്നത് പശുക്കളുടെ ആരോഗ്യം മാത്രമല്ല, തൊഴിലുറപ്പ് പോലുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്ഷീരകര്‍ഷകര്‍ക്കെല്ലാം അവരുടെ പാല്‍ പാഴാക്കാതെ സൊസൈറ്റികളില്‍ നല്‍കാനാകുമെന്നും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെയും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും കീഴിലുള്ള ചെറ്റച്ചല്‍ ജഴ്‌സി ഫാമില്‍ നവീന രീതിയില്‍ പണികഴിപ്പിച്ച കിടാരി ഷെഡിന്റെയും ആട് ഷെഡിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.


2021-22 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 49.7 ലക്ഷം രൂപ ചെലവഴിച്ചാണ് കിടാരി ഷെഡ് അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ചിരിക്കുന്നത്. 61.63 ലക്ഷം രൂപ ചെലവഴിച്ചാണ് നിലവിലുള്ള ആടുകളെ പാര്‍പ്പിച്ചിരിക്കുന്ന ഷെഡിനോട് ചേര്‍ന്ന് 100 ആടുകളെ കൂടി പാര്‍പ്പിക്കാനുള്ള സൗകര്യത്തോടുകൂടിയ ആട് ഷെഡ് നിര്‍മ്മിച്ചിരിക്കുന്നത്.

കര്‍ഷകര്‍ക്ക് ആവശ്യാനുസരണം ആട്ടിന്‍കുട്ടികളെ ലഭ്യമാക്കുന്ന സാഹചര്യം ഇതോടുകൂടി സാധ്യമാകും. 77 ലക്ഷം രൂപ പദ്ധതി വിഹിതം ഉപയോഗിച്ച്  ഓട്ടോമാറ്റിക് വാട്ടറിംഗ് സിസ്റ്റം അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഹൈടെക് ഷെഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടുകൂടി ഏറ്റവും മികച്ച നിലവാരമുള്ള ഫാമുകളില്‍ ഒന്നായി ചെറ്റച്ചല്‍ ജേഴ്‌സിഫാം മാറും എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ചെറ്റച്ചല്‍ ഫാമില്‍ നിന്നും ഇറക്കുന്ന ' ഗ്രീന്‍ മില്‍ക്ക് ' കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി മില്‍മ മോഡല്‍ ശീതീകരണ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഫാമുകളുടെ പ്രവര്‍ത്തനം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും മുന്നോട്ടു കൊണ്ടുപോകാനുമായുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉറപ്പാക്കും. അതിനായി കൂടുതല്‍ ഫണ്ട് വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം 50 പശുക്കളെ പാര്‍പ്പിക്കാനാകുന്ന ഓട്ടോമാറ്റിക് വാട്ടറിങ് സിസ്റ്റം അടക്കമുള്ള ഹൈടെക് ഷെഡിന്റെ ശിലാസ്ഥാപനവും മന്ത്രി  നിര്‍വഹിച്ചു



Post a Comment

0 Comments