Flash News

6/recent/ticker-posts

മഅ്ദനിയുടെ നാട്ടിലേക്കുള്ള വരവ് അനിശ്ചിതത്വത്തില്‍; കര്‍ണാടക പോലീസ് മനപ്പൂര്‍വം വൈകിപ്പിക്കുന്നുവെന്ന് കുടുംബം

Views
കൊല്ലം: കേരളത്തിൽ വരാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ നാട്ടിലേക്കുള്ള യാത്രയിൽ അനിശ്ചിതത്വം തുടരുന്നു. നാളെ വരും എന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും വരവ് നീളുകയാണ്. ബംഗുളുരു പൊലീസ് കേരളത്തിലെ സുരക്ഷ വിലയിരുത്തിയ ശേഷമാകും യാത്രക്ക് അനുമതി നൽകുക. മഅ്ദനിയുടെ സുരക്ഷക്കായി അനുഗമിക്കേണ്ടത് ബംഗുളുരു പൊലീസിലെ റിസർവ് ബറ്റാലിയനാണ്. അകമ്പടിക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ അനുവദിക്കുന്നതിനനുസരിച്ചേ മഅ്ദനിക്ക് യാത്ര ചെയ്യാനാവൂ. ഇതിന്റെ നടപടിക്രമങ്ങൾ നീളുന്നതിനാലാണ് യാത്ര വൈകുന്നത്. കോടതി ഉത്തരവും യാത്രയുടെ വിശദാംശങ്ങളും അടക്കമുള്ള രേഖകൾ മഅ്ദനിയുടെ ബന്ധുക്കൾ ഇന്നലെ ബംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് സമർപ്പിച്ചിരുന്നു.

അതേസമയം യാത്ര മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് മഅ്ദനിയുടെ കുടുംബം രംഗത്തെത്തി. ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച മഅ്ദനി രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിലേക്ക് തിരിക്കുമെന്നായിരുന്നു ലഭിച്ച വിവരം. വിമാന മാർഗം മഅ്ദനിയെ കൊച്ചിയിലെത്തിക്കാനായിരുന്നു ശ്രമം. കൊച്ചിയിലെത്തുന്ന മഅ്ദനി ആദ്യം കൊല്ലം ശാസ്താംകോട്ടയിൽ കഴിയുന്ന രോഗശയ്യയിലുള്ള പിതാവ് അബ്ദുസ്സമദിനെ സന്ദർശിക്കും.

തിങ്കളാഴ്ച സുപ്രീം കോടതി ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയതോടെയാണ് ബെംഗളൂരുവിൽ കഴിയുന്ന മഅ്ദനി കേരളത്തിലേക്ക് എത്തുന്നത്. ആരോഗ്യ നില മോശമായ പിതാവിനെ സന്ദർശിക്കാനും, വൃക്ക തകരാറിലായതിനാൽ വിദഗ്ധ ചികിത്സ തേടാനുമാണ് മഅദനി കേരളത്തിലെത്തുന്നത്. വീട്ടിലെത്തിയ ശേഷമാകും ചികിത്സ എവിടെ വേണം എന്നതിൽ തീരുമാനമെടുക്കുക. അനുഗമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള ചെലവ് വഹിക്കേണ്ടത് മഅ്ദനിയാണെന്നാണ് കോടതിയുടെ നിർദേശം.

മൂന്നര വർഷത്തിന് ശേഷമം ജന്മനാട്ടിലേക്ക് വരുന്ന മഅ്ദനിയെ സ്വീകരിക്കാനായി ഒരുങ്ങിയിരിക്കുകയാണ് നാട്ടുകാരും മൈനാഗപ്പള്ളി തോട്ടുവാൽ മൻസിലും അൻവാർശേരിയും പിഡിപി പ്രവർത്തകരും.


Post a Comment

0 Comments