Flash News

6/recent/ticker-posts

സൂപ്പർ കപ്പ് ഫൈനൽ റൗണ്ടിലെ പയ്യനാട്ടെ മൽസരങ്ങൾക്ക് ഇന്ന്‌ തുടക്കം

Views
മലപ്പുറം: കാൽപ്പന്തുകളിയുടെ കണ്ണും കാതും ഇനി പയ്യനാട് സ്റ്റേഡിയത്തിലേക്ക് ചുരുങ്ങും. അവിടെ സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക്‌ ഞായറാഴ്ച വൈകീട്ട് അഞ്ചിനു തുടക്കം. ആദ്യ കളിയിൽ ഹൈദരാബാദ് എഫ്.സി.യും ഐസോൾ എഫ്.സി.യും ഏറ്റുമുട്ടും. രാത്രി 8.30-നുള്ള രണ്ടാമത്തെ കളി ഒഡിഷ എഫ്.സി.യും ഈസ്റ്റ് ബംഗാൾ എഫ്.സി.യും തമ്മിലാണ്.

പയ്യനാടിനു പുറമേ കോഴിക്കോട് ഇ.എം.എസ്. സ്റ്റേഡിയത്തിലും മത്സരങ്ങളുണ്ട്. ശനിയാഴ്ച കോഴിക്കോടുള്ള ഫൈനൽ റൗണ്ടിനു തുടക്കമായി. ഗ്രൂപ്പ് ബി, ഡി മത്സരങ്ങളാണ് മഞ്ചേരിയിൽ.

യോഗ്യതാ മത്സരങ്ങൾക്ക് ശേഷമാണ് പയ്യനാട് സൂപ്പർ റൗണ്ട് ആവേശത്തിലേക്ക് കടക്കുന്നത്. 16 ടീമുകളാണ് ഫൈനൽ റൗണ്ടിൽ കളിക്കാനിറങ്ങുന്നത്. ഇതിൽ 11 ടീമുകൾ ഇന്ത്യൻ സൂപ്പർ ലീഗിലെ ടീമുകളാണ്. ഇവർ നേരത്തേതന്നെ യോഗ്യത നേടി. ഐ-ലീഗ് ചാമ്പ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബും നേരത്തെ യോഗ്യത നേടിയവരുടെ കൂട്ടത്തിലാണ്.

ബാക്കിയുള്ള നാലു ടീമുകളെ യോഗ്യതാ മത്സരത്തിലൂടെയാണ് തിരഞ്ഞെടുത്തത്. ശ്രീനിധി ഡെക്കാൻ എഫ്.സി., ഗോകുലം കേരള എഫ്.സി., ഐസോൾ എഫ്.സി., ചർച്ചിൽ ബ്രദേഴ്‌സ് എന്നിവരാണ് 10 ഐ-ലീഗ് ക്ലബ്ബുകൾ പങ്കെടുത്ത യോഗ്യതാ മത്സരത്തിൽനിന്ന് സൂപ്പർ കപ്പിന് അർഹരായത്.

പയ്യനാടിലെ ആദ്യകളിയിൽ ഐസോൾ എഫ്.സി.യും ഹൈദരാബാദ് എഫ്.സി.യും ഏറ്റുമുട്ടും. ഐ ലീഗിൽ ഏഴാം സ്ഥാനത്തായാണ് ഐസോൾ ഫിനിഷ് ചെയ്തത്. 22 കളിയിൽ ആറു ജയം മാത്രമാണ് അവർക്കുള്ളത്. യോഗ്യതാമത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്‌ ട്രാവു എഫ്.സി.യെ കീഴടക്കിയാണ് ഫൈനൽ റൗണ്ട് പ്രവേശനം. ബുവാങ്ക, അകിറ്റോ, ലാൽച്ചങ്കിമ, ലാൽറംസങ്ക, ഇവാൻ തുടങ്ങിയവർ ഐസോളിനായി കളിക്കും.

ഐ.എസ്.എൽ. മുൻചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സി. ഇത്തവണ പോയിന്റ് ടേബിളിൽ രണ്ടാംസ്ഥാനത്തായിരുന്നു. കോച്ച് മാന്വൽ മാർക്കസിനു കീഴിൽ കഴിഞ്ഞ മൂന്നു വർഷമായി മികച്ച പ്രകടനം നടത്തുന്നവരാണ് മഞ്ഞക്കുപ്പായക്കാർ. ഗുർമീത് സിങ്‌, ആകാശ് മിശ്ര, ഹോലിചരൻ നർസാരി, ഒഗ്ബച്ചേ തുടങ്ങിയവർ ഹൈദരാബാദിനായി കളിക്കും.

8.30-ന് നടക്കുന്ന ഒഡിഷ എഫ്.സി.-ഈസ്റ്റ് ബംഗാൾ പോരാട്ടവും ആരാധകർ കാത്തിരിക്കുന്ന വിരുന്നാണ്. ഐ.എസ്.എൽ. ടേബിളിൽ ആറാംസ്ഥാനത്താണ് ഒഡിഷ സീസൺ അവസാനിപ്പിച്ചതെങ്കിൽ ഒൻപതാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ. ഐ.എസ്.എല്ലിൽ ഇതുവരെ കാര്യമായ മുന്നേറ്റം നടത്താൻ ഏറെ ആരാധകരുള്ള ഈസ്റ്റ് ബംഗാളിനു സാധിച്ചിട്ടില്ല. സീസണിൽ ആറു ജയം മാത്രമാണുള്ളത്. സൂപ്പർ കപ്പിൽ മികച്ച പ്രകടനം നടത്തി ചീത്തപ്പേര് അവസാനിപ്പിക്കാനുള്ള ശ്രമത്തിലാകും കൊൽക്കത്ത ക്ലബ്ബ്. മുഹമ്മദ് റാകിപ്, ഇവാൻ ഗോൻസാൽവസ്, അതുൽ ഉണ്ണികൃഷ്ണൻ, സൗവിക് ചക്രവർത്തി, വി.പി. സുഹൈർ എന്നിവർ ഈസ്റ്റ് ബംഗാൾ സ്‌ക്വാഡിലുണ്ടാകും.

ഒൻപതു ജയത്തോടെയാണ് ഒഡിഷ സീസൺ അവസാനിപ്പിച്ചത്. അമരീന്ദർ സിങ്‌, നിഖിൽ പ്രഭു, ലാൽറുത്താര, അക്ഷുന്ന ത്യാഗി എന്നിവർ ഒഡിഷയുടെ സ്‌ക്വാഡിലുണ്ടാകും.
 


Post a Comment

0 Comments