Flash News

6/recent/ticker-posts

ഗവർണർ ഏറ്റുമുട്ടലിനില്ല, ഇനി സർക്കാർ പറയുന്നയാൾ വിസി

Views

തിരുവനന്തപുരം ∙ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനത്തിൽ സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന നിലപാടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതനുസരിച്ച് കുസാറ്റിൽ (കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി) താൽക്കാലിക വിസിയായി സർക്കാർ ശുപാ‍ർശ ചെയ്ത ഡോ.പി.ജി.ശങ്കരനെ ഗവർണർ നിയമിച്ചു. കുസാറ്റിൽ താൽക്കാലിക വിസിയെ നിയമിക്കാൻ സർക്കാരിന്റെ ശുപാ‍ർശ ആവശ്യമില്ലെങ്കിലും ഗവർണർ സർക്കാരിനോട് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. കുസാറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവിയും പ്രഫസറുമാണു ഡോ.ശങ്കരൻ.

കുസാറ്റ് വിസി വിരമിച്ച സാഹചര്യത്തിൽ ചുമതല നൽകുന്നതിന് എല്ലാ സർവകലാശാലകളിലെയും സീനിയർ പ്രഫസർമാരുടെ പാനൽ രാജ്ഭവൻ ശേഖരിച്ചിരുന്നു. എന്നാൽ സർക്കാർ നിർദേശം ഇല്ലാതെ ആർക്കെങ്കിലും ചുമതല നൽകുന്നതിനോടു ഗവർണർ യോജിച്ചില്ല. കാലാവധി അവസാനിക്കുന്നതിനു മുൻപു വിസിയും പിവിസിയും ഗവർണറെ സന്ദർശിക്കാൻ അനുമതി തേടിയെങ്കിലും നൽകിയില്ല. സുപ്രീംകോടതി വിധിയെ തുടർന്നു ഗവർണർ പിരിച്ചുവിടൽ നോട്ടിസ് നൽകിയവരിൽ കുസാറ്റ് വിസിയും ഉൾപ്പെട്ടിരുന്നു.

സാങ്കേതിക സർവകലാശാലയിൽ സർക്കാരിനെ അവഗണിച്ചു ഗവർണർ ചുമതല നൽകിയ ഡോ.സിസ തോമസിനെതിരെ സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചതു ഗവർണർക്കു തിരിച്ചടിയായിരുന്നു. ഇക്കാര്യത്തിൽ അദ്ദേഹം നിസ്സഹായനായി. ഈ സാഹചര്യത്തിലാണു കുസാറ്റിൽ സർക്കാരിന്റെ താൽപര്യം ഗവർണർ ആരാഞ്ഞത്.

എംജി വിസിയുടെ കാലാവധി അടുത്ത മാസം അവസാനിക്കും. മലയാളം വിസിയുടെ ചുമതലയും അദ്ദേഹം തന്നെയാണു വഹിക്കുന്നത്. രണ്ടു സർവകലാശാലകളിലും പകരം ആർക്കു ചുമതല നൽകണമെന്നു സർക്കാരിനോട് ആരായാൻ ഗവർണർ തീരുമാനിച്ചിട്ടുണ്ട്. ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി 2024 സെപ്റ്റംബറിൽ അവസാനിക്കുകയാണ്. അതുവരെ സർക്കാരിനു താൽപര്യമുള്ളവർക്കു വിസിയുടെ താൽക്കാലിക ചുമതല നൽകി മുന്നോട്ടു പോകും.

സംസ്ഥാനത്തെ എല്ലാ ഗവ. കോളജുകളിലും സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കാതെ താൽക്കാലിക ചുമതല നൽകിയിരിക്കുകയാണ്. സമാനമായി സർവകലാശാലകളിലും താൽക്കാലിക വിസിമാർ തുടരും. കേരള, സാങ്കേതിക, കാർഷിക, ഫിഷറീസ്, കലാമണ്ഡലം, നിയമം, കുസാറ്റ്, മലയാളം സർവകലാശാലകളിൽ ഇപ്പോൾ സ്ഥിരം വിസി ഇല്ല. എംജി വിസി അടുത്ത മാസം വിരമിക്കും. 

കണ്ണൂർ, കാലിക്കറ്റ്, സംസ്കൃത വിസിമാർക്കെതിരെയുള്ള ക്വോ വാറന്റോ ഹർജികൾ കോടതിയുടെ പരിഗണനയിലാണ്. ഈ വിസിമാർക്കും ഓപ്പൺ, ഡിജിറ്റൽ വിസിമാർക്കും ഗവർണർ നൽകിയ പിരിച്ചുവിടൽ നോട്ടിസ് കോടതി തടഞ്ഞിരിക്കുകയാണ്



Post a Comment

0 Comments