Flash News

6/recent/ticker-posts

കോയമ്പത്തൂർ സ്ഫോടന ഗൂഢാലോചനക്കേസ്: മഅ്ദനി ഉൾപ്പെടെ നാലുപേരെ കോടതി വെറുതെവിട്ടു

Views

കോഴിക്കോട്: കോയമ്പത്തൂർ
സ്ഫോടനക്കേസിന് ആധാരമായെന്ന് ആരോപിക്കപ്പെട്ട ഗൂഢാലോചനക്കേസിൽ പിഡിപി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി ഉൾപ്പെടെ നാലുപേരെ കോടതി വെറുതെവിട്ടു. കേസിലെ ഒന്നാം പ്രതി കോഴിക്കോട് മാറാട് ബീച്ച് റോഡിൽ വാട്ടർ ടാങ്കിനു സമീപം നടുവട്ടം കോബോളിപ്പറമ്പ് വീട്ടിൽ എ ടി മുഹമ്മദ് അശ്റഫ്, രണ്ടാം പ്രതി പയ്യാനക്കൽ പന്നിയങ്കര മുല്ലവീട്ടിൽ എം വി സുബൈർ, മൂന്നാം പ്രതി മലപ്പുറം നിലമ്പൂർ സ്വദേശി അയ്യപ്പൻ, നാലാംപ്രതി അബ്ദുന്നാസിർ മഅ്ദനി എന്നിവരെയാണ് കോഴിക്കോട് അഡീഷനൽ സെഷൻസ് കോടതി മൂന്ന് ജഡ്ജി മധു വെറുതെവിട്ടത്. അബ്ദുന്നാസിർ മഅ്ദനിക്കു വേണ്ടി അഡ്വ. എം അശോകനും മറ്റു മൂന്നുപേർക്കു വേണ്ടി അഡ്വ. കെ പി മുഹമ്മദ് ശരീഫുമാണ് ഹാജരായത്. കേസിൽ ആകെ അഞ്ചു പ്രതികളാണുള്ളത്. കോഴിക്കോട് സ്വദേശി നൂഹ് എന്ന മാങ്കാവ് റഷീദിനെതിരായ കേസ് നടപടികൾ കോടതിയുടെ പരിഗണനയിലാണ്.
സ്ഫോടന പരമ്പര നടത്താൻ ഗുഢാലോചന നടത്തിയെന്ന കേസിലാണ് 25 വർഷത്തിനു ശേഷം നാലുപേരെയും കോടതി കുറ്റവിമുക്തരാക്കുന്നത്.
സ്ഫോടനക്കേസ് പ്രതി ഊമ ബാബുവിന് അഭയം നൽകിയെന്നും ഒന്നാംപ്രതിയെ വിദേശത്തേക്ക് അയച്ച് ഭീകരപ്രവർത്തനത്തിന് പരിശീലനം നൽകാൻ ഒത്താശ ചെയ്തെന്നുമാണ് മഅ്ദനിക്കെതിരായ ആരോപണങ്ങൾ. കോഴിക്കോട് കസബ പോലിസ് രജിസ്റ്റർ ചെയ്ത കേസിൽ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ഐപിസിയിലെ 120(ബി), 153(എ), 124(എ) എന്നിവയെ കൂടാതെ ആയുധനിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിരുന്നു. 2007ൽ കോയമ്പത്തൂർ സ്ഫോടനക്കേസിൽ മഅ്ദനി ഉൾപ്പെടെയുള്ളവരെ കോടതി നിരപരാധിയാണെന്ന് കണ്ടെത്തി വെറുതെവിട്ടിരുന്നെങ്കിലും അതിന് ആധാരമായെന്ന് ആരോപിക്കപ്പെട്ട കോഴിക്കോട് ഗൂഢാലോചനക്കേസ് തീർപ്പാവാതെ കിടക്കുകയായിരുന്നു.
 


Post a Comment

0 Comments