Flash News

6/recent/ticker-posts

ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമിക്ക് അഭിമാന നേട്ടം: രണ്ടു പേർക്ക് സിവിൽ സർവീസ്!

Views


തിരുവനന്തപുരം: നജീബ് കാന്തപുരം എം.എൽ.എ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിക്ക് അഭിമാന നേട്ടം. ഈ വർഷത്തെ യുപിഎസ്സി പരീക്ഷയെഴുതിയ  അക്കാദമിയുടെ ഭാഗമായ രണ്ടു പേർക്ക് തിളക്കമാർന്ന വിജയം.

കാസർഗോഡ് സ്വദേശിനിയായ കാജൽ രാജു 910-ആം റാങ്കും, വയനാട് സ്വദേശിനി  ഷെറിൻ ഷഹാന 913-ാം റാങ്കും നേടി. ഇക്കഴിഞ്ഞ ജനുവരി 24, 25 തീയതികളിൽ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ ഹൈദരലി ശിഹാബ് തങ്ങൾ അക്കാഡമി ഫോർ സിവിൽ സർവീസസ് സംഘടിപ്പിച്ച പേഴ്സണാലിറ്റി ടെസ്റ്റിൽ പങ്കെടുത്തവരാണ് ഇരുവരും. ഇന്റർവ്യൂ കഴിയുന്നതുവരെ  ഇവർക്ക് ആവശ്യമായ പരിശീലനങ്ങളും നിർദ്ദേശങ്ങളും അക്കാദമി നൽകിയിരുന്നു.

പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വ്വീസ് അക്കാദമി പൂര്‍ണ്ണമായും സൗജന്യമായാണ് സിവില്‍ സര്‍വ്വീസ് തല്‍പ്പരരായ കുട്ടികള്‍ക്ക് റസിഡന്‍ഷ്യല്‍ സൗകര്യങ്ങളോടെയുള്ള പരിശീലനം നല്‍കുന്നത്. കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ഏഴു ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ‍ അക്കാദമിയില്‍ പഠിക്കുന്നത്. ഈ മാസം 28-ന് നടക്കുന്ന യു പി എസ് സി പരീക്ഷയിൽ  നിലവിലെ ബാച്ചിലെ 100 പേർ  പരീക്ഷ എഴുതാൻ ഒരുങ്ങുകയാണ്.

ഇപ്പോൾ സിവിൽ സർവീസ് പരീക്ഷ പാസായ കാജൽ രാജുവും ഷെറിൻ ഷഹാനയും ഉൾപ്പെടുന്ന  ഉദ്യോഗാർത്ഥികൾക്കായി തിരുവനന്തപുരത്ത് ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസസ് അക്കാദമി സംഘടിപ്പിച്ച പേഴ്സണാലിറ്റി ടെസ്റ്റിൽ മുൻ ചീഫ് സെക്രട്ടറിയും കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഡയറക്ടറും മുന്‍ യു.പി.എസ്.സി അംഗവുമായ കെ. ജയകുമാര്‍, കേന്ദ്ര സാംസ്ക്കാരിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും കാശ്മീരില്‍ നിന്നുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനുമായ ഷാ ഫൈസല്‍ ഐ.എ.എസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ‍ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്, നാഷണല്‍ അക്കാദമി ഫോര്‍ ഇന്ത്യന്‍ റെയില്‍വെസ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മോഹന്‍ മേനോന്‍ ഐ.ആര്‍.പി.എസ്, വിഘ്നേശ്വരി ഐഎഎസ്, കെ എസ് അഞ്ജു ഐഎഎസ്  തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

പെരിന്തൽമണ്ണയിലെ സിവിൽ സർവീസ് അക്കാദമിയെ  സംബന്ധിച്ചിടത്തോളം ഇത് അഭിമാന മുഹൂർത്തമാണെന്നും, നിലവിലെ റിസൾട്ട്  മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജം പകരുന്നതായും നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. വാഹനാപകടത്തെ തുടർന്ന് പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രിയിൽ ചികിത്സയിലുള്ള ഷെറിൻ ഷഹാനയെ  അക്കാദമി എക്സിക്യൂട്ടീവ് അംഗം ഡോക്ടർ ഖലീൽ, അക്കാദമി കോഡിനേറ്റർ  ഇർഷാദ് അലി എന്നിവർ ബൊക്കെ നൽകി അനുമോദിച്ചു. കാജൽ രാജുവിന്റെ വിജയം നജീബ് കാന്തപുരം എംഎൽഎ തിരുവനന്തപുരത്ത് കാജലിനൊപ്പം കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. അടുത്ത ബാച്ചിലേക്കുള്ള അപേക്ഷ ഓൺലൈനായി ക്ഷണിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് http://www.kreaprojects.com ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യാം.



Post a Comment

0 Comments