Flash News

6/recent/ticker-posts

വാഹനം വില്‍ക്കാന്‍ പോകുകയാണോ?, ഇക്കാര്യം മറക്കരുത്, കോടതി കയറിയിറങ്ങേണ്ടി വരാം!; മുന്നറിയിപ്പ് വീഡിയോയുമായി കേരള പൊലീസ്

Views
തിരുവനന്തപുരം: വാഹനം വില്‍ക്കുന്നതിന് മുന്‍പ് തന്നെ ഉടമസ്ഥാവകാശം മാറ്റാന്‍ മറക്കരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഉടമസ്ഥാവകാശം മാറ്റുന്നതിന് മുന്‍പ് വിറ്റ വാഹനം അപകടത്തില്‍പ്പെട്ടാലോ, കേസില്‍ ഉള്‍പ്പെട്ടാലോ, നിയമലംഘനം ക്യാമറയില്‍ കുടുങ്ങിയാലോ ഉടമസ്ഥാവകാശം എന്ന ഒറ്റ കാരണത്താല്‍ വാഹനം വിറ്റയാള്‍ കോടതിയില്‍ കയറിയിറങ്ങേണ്ടി വരാം. അതിനാല്‍ വാഹനം വില്‍ക്കുന്നതിന് മുന്‍പ് ഉടമസ്ഥാവകാശം മാറ്റാന്‍ മോട്ടോര്‍ വാഹനവകുപ്പില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്നും കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറയുന്നു.
വാങ്ങുന്നയാള്‍ ആര്‍സി ബുക്കിലെ പേര് മാറ്റിക്കൊള്ളും എന്ന ധാരണയില്‍ സ്വന്തം പേരിലുള്ള വാഹനം മറ്റൊരാള്‍ക്ക് വില്‍ക്കരുത്. അത് പിന്നീട് നിയമപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ഒരു വാഹനം കൈമാറിയാലും കരാര്‍ എഴുതിയാലും വാങ്ങുന്ന ആളുടെ പേരിലേക്ക് വാഹനം മാറ്റുന്നതിന് അപേക്ഷ സമര്‍പ്പിച്ച് ഉടമസ്ഥാവകാശം മാറ്റുന്നത് വരെ നിലവിലെ വാഹനത്തിന്റെ ഉടമയാണ് എല്ലാ കേസുകള്‍ക്കും ബാധ്യതകള്‍ക്കും ബാധ്യസ്ഥനാകുക. സ്വന്തം വാഹനം കൈമാറ്റം ചെയ്യുന്നതിന് മുന്‍പ് വാഹനത്തിന്റെ ഉടമസ്ഥത പുതിയ ആളിലേക്ക് മാറ്റേണ്ടത് വാഹനം വില്‍ക്കുന്നയാളുടെ ഉത്തരവാദിത്തമാണെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

മുന്‍പ് വാഹനം വാങ്ങുന്നയാളായിരുന്നു ഉടസ്ഥാവകാശം മാറ്റുന്നതിന് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. പലപ്പോഴും ചിലര്‍ ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിക്കാറില്ല. ഇതുമൂലം നിയമ പ്രശ്‌നങ്ങളില്‍ നിരവധി ഉടമസ്ഥരാണ് കുടുങ്ങിയിട്ടുള്ളത്. ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് വാഹനം വില്‍ക്കുന്നയാള്‍ക്കും വാഹനം വാങ്ങുന്നയാള്‍ക്കും വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് വേണ്ട സൗകര്യം മോട്ടോര്‍വാഹന വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാഹനം ആര്‍ക്കാണോ വില്‍ക്കുന്നത് അയാളുടെ അഡ്രസ് പ്രൂഫ് വാങ്ങി പരിവാഹന്‍ സേവ എന്ന വെബ്‌സൈറ്റില്‍ കയറി നിലവിലെ ഉടമസ്ഥന്റെയും വാങ്ങുന്നയാളുടെയും മൊബൈലില്‍ വരുന്ന ഒടിപി നല്‍കി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.തുടര്‍ന്ന് പ്രിന്റ് എടുത്ത് ഒപ്പിട്ട് ഒറിജിനല്‍ ആര്‍സി ബുക്കും മറ്റു രേഖകളും സഹിതം സ്വന്തം പരിധിയിലുള്ള ആര്‍ടി ഓഫീസില്‍ എത്തി സമര്‍പ്പിക്കണം. വാങ്ങുന്നയാളുടെ പേരിലേക്ക് വാഹനം മാറ്റിയ ശേഷം സ്പീഡ് പോസ്റ്റില്‍ പുതിയ ആര്‍സി ബുക്ക് അയച്ചുനല്‍കുന്നതാണെന്നും കേരള പൊലീസ് അറിയിച്ചു.



Post a Comment

0 Comments