Flash News

6/recent/ticker-posts

‘പ്രതിയുടെ ചിത്രമെടുക്കുന്നത് മാധ്യമപ്രവർത്തകന്റെ ജോലി; ക്യാമറയും ഫോണും പിടിച്ചെടുക്കുന്നത് തെറ്റ്’

Views

കൊച്ചി: അറസ്റ്റിലായ പ്രതിയുടെ ചിത്രം എടുക്കുന്നത് മാധ്യമപ്രവർത്തകന്റെ ജോലിയുടെ ഭാഗമാണെന്നും അതെങ്ങനെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തലാകുമെന്നും ഹൈക്കോടതിയുടെ വാക്കാലുള്ള ചോദ്യം. ദൃശ്യം പകർത്തിയെന്ന പേരിൽ ക്യാമറ ആവശ്യപ്പെടുന്നത് എന്തിനാണെന്നു ചോദിച്ച ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ മാധ്യമപ്രവർത്തകരുടെ മൊബൈൽഫോൺ പിടിച്ചെടുക്കുന്നതിനെയും വിമർശിച്ചു.

തിരിച്ചറിയൽ പരേഡ് നടത്തണമെങ്കിൽ പ്രതിയുടെ മുഖം മറച്ചുകൊണ്ടുവരണം. മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന വിവരങ്ങൾ കണ്ടെത്താൻ ഫോൺ പിടിച്ചെടുക്കുന്ന നടപടി തെറ്റാണ്. ഇത് ജനാധിപത്യത്തിലെ നാലാം തൂൺ എന്ന സങ്കൽപ്പത്തിന് വിരുദ്ധമാണെന്നും പറഞ്ഞു.

എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാറുഖ് സെയ്ഫിയുടെ ദൃശ്യം പകർത്തിയെന്ന പേരിൽ ‘മാതൃഭൂമി ന്യൂസ്’ പ്രതിനിധികൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തതിനെതിരെ മാതൃഭൂമി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി ഉൾപ്പെടെ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

പ്രതി ചേർക്കാതെ മാധ്യമ പ്രവർത്തകർക്കു നിരന്തരം നോട്ടിസ് നൽകി വിളിപ്പിക്കുന്നതെന്തിനാണെന്നും കോടതി ആരാഞ്ഞു. പ്രതികളല്ലാത്തതിനാൽ കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ കഴിയുന്നില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി കേസിൽ മാധ്യമപ്രവർത്തകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും നിർദേശിച്ചു.

പൊലീസിന്റെ ഭാഗത്തുനിന്ന് മാധ്യമപ്രവർത്തകർക്ക് ദ്രോഹം ഉണ്ടാകില്ലെന്നും അന്വേഷണം മാത്രമാണ് നടത്തുന്നതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. അന്വേഷണം നടക്കുകയാണെന്നും രേഖകൾ ഹാജരാക്കാൻ നോട്ടിസും സമൻസും അയയ്ക്കാൻ പൊലീസിന് അവകാശമുണ്ടെന്നും സർക്കാർ അറിയിച്ചു. 

സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതികൾ ഉടൻ പരിഗണിച്ച് ഹർജിക്കാരുടെ പ്രതിനിധിയെ കേട്ട് ഒരു മാസത്തിനുള്ളിൽ വേണ്ട നടപടിയെടുക്കാനും കോടതി നിർദേശിച്ചു. ഉപദ്രവിക്കുന്നില്ലെന്നും പൊലീസ് അവരുടെ ജോലി ചെയ്യുക മാത്രമാണു ചെയ്യുന്നതെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചത് കോടതി രേഖപ്പെടുത്തി.

പൊലീസിന് അന്വേഷണം തുടരാം, നിയമാനുസൃതം ഉചിത നടപടികൾ സ്വീകരിക്കാം. എഫ്ഐആറുമായി ബന്ധപ്പെട്ടു നോട്ടിസ് നൽകിയാൽ സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.



Post a Comment

0 Comments