Flash News

6/recent/ticker-posts

കേരളം സൗജന്യസുരക്ഷ നല്‍കി; കര്‍ണാടകാ പോലീസിന്റെ ഹോട്ടല്‍ ചെലവുകളും നല്‍കേണ്ടിവന്നു- മഅദനി കോടതിയിൽ

Views

കേരളത്തില്‍ തങ്ങിയ 12 ദിവസം കേരളാപോലീസ് തനിക്ക് സൗജന്യമായി സുരക്ഷ ഉറപ്പാക്കിയെന്ന് ബെംഗളൂരു സ്‌ഫോടന കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മഅദനി. അതേസമയം തന്നോടൊപ്പം കേരളത്തിലേക്ക് വന്ന കര്‍ണാടക പോലീസ് ഉദ്യോഗസ്ഥര്‍ സ്വകാര്യ ഹോട്ടലില്‍ താമസിച്ചതിന്റെ എല്ലാ ചെലവുകളും തനിക്ക് വഹിക്കേണ്ടി വന്നുവെന്നും
മഅദനി സുപ്രീംകോടതിയെ അറിയിച്ചു. സുരക്ഷയ്ക്കായി കര്‍ണാടകാപോലീസിന് നല്‍കിയ 6.76 ലക്ഷത്തിന് പുറമെയാണ് ഈ ചെലവെന്നും മഅദനി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അധിക സത്യവാങ്മൂലത്തില്‍ പറയുന്നു.

ജൂണ്‍ 26 മുതല്‍ ജൂലായ് ഏഴ് വരെ വരെയാണ് മഅദനി കേരളത്തില്‍ ഉണ്ടായിരുന്നത്. കേരളത്തിലെത്തിയ ജൂണ്‍ 26-ന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ കാലയളവില്‍ സുരക്ഷയ്ക്കായി പണം നല്‍കിയതിനൊപ്പം ഒപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ താമസം, ഭക്ഷണം എന്നിവയുടെ ചെലവ് തനിക്ക് വഹിക്കേണ്ടി വന്നു. തനിക്ക് സുരക്ഷ ഉറപ്പാക്കാന്‍ വന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്വകാര്യ ഹോട്ടലുകളിലാണ് താമസിച്ചത്.സുരക്ഷാചുമതലയ്ക്കും വാഹനച്ചെലവിനും നല്‍കിയ പണത്തിന് പുറമെയാണ് അനുഗമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ചെലവുകള്‍ക്ക് അധിക പണം നല്‍കേണ്ടി വന്നതെന്നാണ് മഅദനി സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കര്‍ണാടക പോലീസ് സുരക്ഷ നല്‍കിയതിന് പുറമെ കേരള പോലീസും തനിക്ക് സുരക്ഷ നല്‍കിയിരുന്നു. എന്നാല്‍ അത് തികച്ചും സൗജന്യം ആയിരുന്നുവെന്നും മഅദനി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അധിക സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തില്‍ എത്തിയ ദിവസം തന്നെ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചതിനാല്‍ പിതാവിനെ കാണാതെ മടങ്ങി. ഇതിന് പുറമെ വൃക്കമാറ്റിവെക്കല്‍ ഉള്‍പ്പടെ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ നാട്ടില്‍ ചികിത്സയ്ക്ക് വിധേയമാകാന്‍ അനുവദിക്കണം. എല്ലാ ബന്ധുക്കളും കേരളത്തിലാണുള്ളത്. അതിനാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നാണ് മഅദനിയുടെ ആവശ്യം. ഇനി പോകുമ്പോള്‍ സുരക്ഷാച്ചുമതല കേരളാപോലീസിന് നല്‍കണമെന്നും മഅദനി ആവശ്യപ്പെട്ടിട്ടുണ്ട്. മഅദനിയുടെ ആവശ്യം തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും.



Post a Comment

0 Comments