Flash News

6/recent/ticker-posts

തിരൂർ ടൗൺ റെയിൽവേ മേൽപ്പാലം 25-ന് താത്കാലികമായി തുറക്കും

Views
തിരൂർ: നിർമാണംപൂർത്തിയായ തിരൂർ സിറ്റി ജങ്ഷനിൽനിന്ന് സെൻട്രൽ ജങ്ഷനിലേക്കുള്ള റെയിൽവേ ടൗൺ മേൽപ്പാലം 25-ന് താത്കാലികമായി തുറന്നുകൊടുക്കും. നഗരത്തിലെ ഓണക്കാലത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് പാലം തുറക്കുന്നത്. ഓണംകഴിഞ്ഞാൽ ബാക്കി മിനുക്കുപണികൾ പൂർത്തിയാക്കി ഉദ്ഘാടനംചെയ്യും. പാലത്തിന്റെ സമീപനറോഡ് നിർമാണം പൂർത്തിയായിട്ടുണ്ട്.

തിരൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാൻ നിർമാണമാരംഭിച്ച് 2018-ൽ പണി പൂർത്തിയായ റെയിൽവേ മേൽപ്പാലത്തിന് സമീപനറോഡിന് ഫണ്ട് വകയിരുത്താത്തതിനാൽ നിർമാണം പൂർത്തിയായിട്ടും ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നില്ല. സംസ്ഥാനസർക്കാർ 9.60 കോടി റെയിൽവേക്ക്‌ കെട്ടിവെച്ച് റെയിൽവേയായിരുന്നു 30 മീറ്റർ നീളമുള്ള റെയിൽവേ മേൽപ്പാലം നിർമാണം പൂർത്തിയാക്കിയത്. എന്നാൽ ഇരു ഭാഗങ്ങളിലുമായി 350 മീറ്റർ സമീപന റോഡു നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് പണം വകയിരുത്തിയിരുന്നില്ല. പിന്നീട് സമീപനറോഡു നിർമാണത്തിനായി 3.28 കോടി രൂപയുടെ ഭരണാനുമതി നൽകുകയും സാങ്കേതികാനുമതി ലഭിച്ചു ടെൻഡർചെയ്യുകയുംചെയ്തു.

പഴയ മേൽപ്പാലത്തിന് മുകളിലൂടെ കടന്നുപോകുന്ന ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റാൻ സമയം വൈകിയതും സമീപന റോഡു നിർമാണത്തിന് തടസ്സമായിരുന്നു.

പദ്ധതിയുടെ നിർമാണപ്രവൃത്തികൾ 2022 മേയ് മാസത്തോടെയാണ് ആരംഭിച്ചത്. എന്നാൽ ജല അതോറിറ്റിയുടെ പൈപ്പ്‌ലൈൻ പൂർണമായും മാറ്റി പ്രവൃത്തി തുടരാൻ സാധിച്ചത് ഈ വർഷം ഫെബ്രുവരിയിലാണ്. കുറുക്കോളി മൊയ്തീൻ എം.എൽ.എ.യുടെ നിർദേശപ്രകാരമാണ് പാലം വെള്ളിയാഴ്ച തുറന്നുകൊടുക്കുന്നത്. പാലം തുറക്കുന്നതു സംബന്ധിച്ച് ചേർന്ന ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗത്തിൽ നഗരസഭാധ്യക്ഷ എ.പി. നസീമ അധ്യക്ഷതവഹിച്ചു. ഡിവൈ.എസ്.പി. കെ.എം. ബിജു, ട്രാഫിക്ക് എസ്.ഐ. മുരളീധരൻ, എ.എം.വി.ഐ. അബ്ദുൾ കരീം, പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും എൻജിനിയർമാർ എന്നിവർ പങ്കെടുത്തു.
 


Post a Comment

0 Comments