Flash News

6/recent/ticker-posts

ലാന്‍ഡറില്‍നിന്ന് പുറത്തുകടന്ന റോവര്‍ നടന്നുതുടങ്ങി; അടുത്ത കടമ്പയും കടന്നു

Views


ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയതോടെ അടുത്ത കടമ്പയും വിജയം. ചന്ദ്രയാന്‍ ലാന്‍ഡറിന്റെ വാതില്‍ തുറക്കുകയും അതിനുള്ളിലെ പ്രഗ്യാന്‍ റോവര്‍ പുറത്ത് വരികയും ചന്ദ്രോപരിതലത്തിലൂടെ നടക്കുകയും ചെയ്തു.

ലാന്‍ഡറിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങിയതോടെ ചാന്ദ്ര പര്യവേഷണത്തിന്റെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടത്തിനും തുടക്കമായി. റോവര്‍ നല്‍കുന്ന നിര്‍ണായക വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്ന് നേരത്തെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും എക്‌സില്‍ പങ്കുവച്ചിരുന്നു. ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതായും രാഷ്ട്രപതി കുറിച്ചു. രാഷ്ട്രപതിയുടെ എക്‌സിലെ പ്രതികരണം ഐസ്ആര്‍ഒ പങ്കുവച്ചിരുന്നു.

അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ ചിഹ്നവും ചന്ദ്രോപരിതലത്തില്‍ പതിപ്പിച്ചാണ് റോവറിന്റെ യാത്ര. ആറ് ചക്രമുള്ള റോബോട്ടിക് വാഹനമായ പ്രഗ്യാന്‍ റോവറിന് ഒരു ചാന്ദ്രദിനം അഥവാ ഭൂമിയിലെ 14 ദിവസങ്ങളാണ് ആയുസുള്ളത്. 26 കിലോഗ്രാം ഭാരമുള്ള പ്രഗ്യാന്‍ റോവറില്‍ രണ്ട് പരീക്ഷണ ഉപകരണങ്ങളാണ് ഉള്ളത്. എല്‍.ഐ.ബി.എസ് ആണ് ഒരു പേലോഡ്. ചന്ദ്രനിലെ മണ്ണിന്റെയും പാറകളുടെയും ഘടകങ്ങളെക്കുറിച്ച് വിവരം ഈ പേലോഡ് നല്‍കും. എ.പി.എക്‌സ്.എസ് ആണ് രണ്ടാമത്തെ പേലോഡ്. ചന്ദ്രോപരിതലത്തിലെ രാസപദാര്‍ഥങ്ങളുടെയും ഖനിജദ്രവ്യങ്ങളുടെയും സങ്കലനം സംബന്ധിച്ച പരീക്ഷണമായിരിക്കും നടത്തുക.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡ് ചെയ്ത വിക്രം ലാന്‍ഡറിന് ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് വിക്രം സാരാഭായിയുടെ സ്മരാണര്‍ത്ഥമാണ് ആ പേര് നല്‍കിയത്. 1749.86 കിലോഗ്രാമാണ് വിക്രം ലാന്‍ഡറിന്റെ ഭാരം. ചന്ദ്രയാന്‍ 2വിന്റെ ഓര്‍ബിറ്ററുമായാണ് ലാന്‍ഡര്‍ ആശയവിനിമയം നടത്തുക. നാല് പരീക്ഷണ ഉപകരണങ്ങളാണ് ലാന്‍ഡറിലുള്ളത്.



Post a Comment

0 Comments