Flash News

6/recent/ticker-posts

യൂറോപ്പിന്റെ ജേതാവ് ആര് ?; യുവേഫ പ്ലെയർ ഓഫ് ദ ഇയർ അവാർഡ് ഇന്ന്

Views

മൊണാക്കോ: യൂറോപ്പിന്റെ ജേതാവ് ആരെന്ന് ഇന്നറിയാം. യുവേഫ പ്ലെയർ ഓഫ് ദ ഇയർ അവാർഡ് വിജയിയെ ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിക്കുന്നത്. മികച്ച താരമാകാൻ മത്സരിക്കുന്നത് മെസ്സി, ഹാളണ്ട്, ഡിബ്രൂയ്നെ എന്നിവരാണ്. സൗദി ലീ​ഗിലേക്ക് ചേക്കേറിയ നിലവിലത്തെ യുവേഫ ജേതാവ് കരീം ബെൻസീമ ഇത്തവണ മത്സരത്തിനില്ല. മികച്ച പരിശീലകരുടെ പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ​ഗ്വാർഡിയോള ആണ് മുന്നിലുള്ളത്. മികച്ച വനിത താരത്തിനായി നിലവിലത്തെ ജേതാവായ ഐറ്റാന ബോൺമതി ആണ് മുന്നിലുള്ളത്.

ലോകകപ്പ് വിജയിയായ ലയണൽ മെസ്സി മുമ്പ് രണ്ട് തവണ യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. ഇത്തവണയും പുരസ്കാരം നേടിയാൽ കൂടുതൽ തവണ യൂറോപ്പിന്റെ താരമെന്ന ബഹുമതിയിൽ മെസ്സി പോർച്ചു​ഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പമെത്തും. ക്രിസ്റ്റ്യാനോ മൂന്ന് തവണ യുവേഫയുടെ മികച്ച താരം ആയിട്ടുണ്ട്. ഫ്രഞ്ച് ലീ​ഗ് കിരീടം രണ്ടാം തവണയും പിഎസ്ജി നേടിയതും ലോകകപ്പ് ജയവുമാണ് മെസ്സിയെ പുരസ്കര വേദിയിലേക്ക് എത്തിക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റിയുടെ ട്രെബിൾ നേട്ടമാണ് എർലിങ് ഹാളണ്ടിനെ പുരസ്കാര വേദിയിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീ​ഗിൽ 35 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകള്‍ ഹാളണ്ട് നേടിയിരുന്നു. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഒരു സീസണിൽ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന ​ഗോൾവേട്ട ആണിത്. മാഞ്ചസ്റ്റർ സിറ്റി സഹ​താരമായ കെവിന്‍ ഡിബ്രൂയ്‌നെ ആണ് മത്സര രം​ഗത്തുള്ള മറ്റൊരു താരം.

മാഞ്ചസ്റ്റർ സിറ്റിക്ക് ട്രെബിൾ നേടിതന്ന പരിശീലകൻ പെപ് ​ഗ്വാർഡിയോള ആണ് മികച്ച പരിശീലകരുടെ പട്ടികയിൽ മുന്നിൽ. സിമോൺ ഇൻസാഗി, ലൂസിയാനോ സ്പല്ലേറ്റി എന്നിവരാണ് മത്സര രം​ഗത്തുള്ള മറ്റു രണ്ട് പേർ. ലാ ലീ​ഗയിലെ ബാഴ്സലോണയുടെ വിജയമാണ് ഐറ്റാന ബോൺമതിക്ക് മികച്ച വനിത താരങ്ങളുടെ പട്ടികയിലേക്ക് ഇടം നൽകിയത്. വനിത ലോകകപ്പിൽ സ്പെയിൻ മുത്തമിടുമ്പോൾ മികച്ച താരത്തിനുള്ള ​ഗോൾഡൻ ബോൾ സ്വന്തമാക്കിയത് ബോൺമതി ആയിരുന്നു.



Post a Comment

0 Comments