Flash News

6/recent/ticker-posts

കോഴിക്കോട് എയർപോർട്ടിലെ റെസ ദീർഘിപ്പിക്കുന്ന പ്രവൃത്തിക്ക് ടെൻഡർ ക്ഷണിച്ചു

Views

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിലെ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) ദീർഘിപ്പിക്കുന്ന പ്രവൃത്തിക്ക് എയർപോർട്ട് അതോറിറ്റി ടെൻഡർ ക്ഷണിച്ചു. 402.18 കോടി രൂപയ്ക്കാണ് ഇ–ടെൻഡർ ക്ഷണിച്ചത്. 398.20 കോടി രൂപ നിർമാണച്ചെലവും 3.98 കോടി രൂപ അറ്റകുറ്റപ്പണിക്കും ഉൾപ്പെടുത്തിയാണു 402.18 കോടി രൂപ. റൺവേയുടെ രണ്ടറ്റത്തുമുള്ള സുരക്ഷാപ്രദേശമായ റെസ നീളംകൂട്ടുകയാണു ജോലി. 2860 മീറ്റർ റൺവേ കഴിഞ്ഞാൽ രണ്ടറ്റങ്ങളിലും 90 മീറ്റർ മാത്രമാണു സുരക്ഷാ മേഖലയുള്ളത്.

അത് 150 മീറ്റർകൂടി ദീർഘിപ്പിച്ച് 240 മീറ്റർ വീതമാക്കുകയാണ്. അതിനായി ഇരുഭാഗങ്ങളിലും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നുണ്ട്. നെടിയിരുപ്പ്, പള്ളിക്കൽ വില്ലേജുകളിൽനിന്നായി 14.5 ഏക്കർ ഏറ്റെടുക്കുന്നതിനുള്ള സർവേ നടപടി പൂർത്തിയായി. സെപ്റ്റംബർ 15നകം സ്ഥലം ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിയെ ഏൽപിക്കാമെന്നാണു സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിട്ടുള്ളത്. ഏറ്റെടുത്തുനൽകുന്ന സ്ഥലം മണ്ണിട്ടുയർത്തി റെസ ദീർഘിപ്പിക്കണം.

റൺവേ അനുബന്ധ വികസന ജോലികൾ 19 മാസത്തിനുള്ളിൽ പൂർത്തീകരിക്കണ മെന്നാണു ടെൻഡർ കരാറിൽ ആവശ്യപ്പെട്ടിട്ടുള്ളത്. മൺസൂൺ സീസണിൽ 3 മാസത്തെ മഴ ഉൾപ്പെടെയാണ് ഈ കാലാവധി. 10 വർഷത്തെ അറ്റകുറ്റപ്പണിയാണു ടെൻഡറിൽ കാണിച്ചിട്ടുള്ളത്. 2020 ഓഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകടത്തെത്തുടർന്നു നിർത്തിവച്ചതാണു കോഴിക്കോട് വിമാനത്താവളത്തിലെ വലിയ വിമാന സർവീസ്. റൺവേ അനുബന്ധ വികസനം യാഥാർഥ്യമാക്കിയാലേ വലിയ വിമാനങ്ങളുടെ കാര്യത്തിൽ നടപടിയെടുക്കാനാകൂ എന്നാണു കേന്ദ്രം നേരത്തേ അറിയിച്ചിട്ടുള്ളത്. 
 


Post a Comment

0 Comments