Flash News

6/recent/ticker-posts

കാര്‍ മറിഞ്ഞ് പാറക്കെട്ടില്‍ തങ്ങി; ഉടുതുണി അഴിച്ച് വടമാക്കി സാഹസികമായി രക്ഷിച്ചു; മലപ്പുറത്തെ യുവാക്കള്‍ കൈയടി അര്‍ഹിക്കുന്നു

Views

തൊടുപുഴ: ഇടുക്കിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടവരെ  മലപ്പുറത്ത് നിന്ന് വിനോദയാത്രക്കെത്തിയ യുവാക്കൾ അതിസാഹസികമായി രക്ഷിച്ചു. മലപ്പുറം കൂട്ടിലങ്ങാടിയിലെ സുഹൃത്തുക്കളായ 14 പേരടങ്ങുന്ന സംഘം ഇടുക്കിയിലേക്ക് വിനോദയാത്ര പോയി മടങ്ങി വരവെയാണ് സംഭവം. ഇടുക്കി തൊടുപുഴ റൂട്ടില്‍ ഇടുക്കി ഡാമിനും കുളമാവ് ഡാമിനുമിടയില്‍ വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ ഒരു ഓട്ടോ ഡ്രൈവര്‍ ഇവരുടെ വാഹനം കൈ കാണിച്ച് നിർത്തിക്കുകയും കാര്‍ കൊക്കയിലേക്ക് മറിഞ്ഞ വിവരം അറിയിക്കുകയും ചെയ്തു.

അതുവഴി കടന്ന് പോയ പല വാഹനങ്ങളെയും വിവരം അറിയിച്ചെങ്കിലും ആരും നിര്‍ത്തിയില്ലെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. സംഘം വാന്‍ നിര്‍ത്തി നോക്കിയപ്പോള്‍ ഇരുവശവും കാടും കൊക്കയും..! ഇവിടെ 20 അടി താഴ്ചയില്‍ പാറയില്‍ തങ്ങി നില്‍ക്കുന്ന നിലയിലാണ് കാര്‍ കണ്ടത്. പൊലീസിനെയോ ഫയര്‍ സര്‍വീസിനെയോ വിവരം അറിയിക്കാന്‍ മൊബൈല്‍ ഫോണില്‍ റൈഞ്ചുമില്ല.


ഇതോടെ അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ യുവാക്കള്‍ തീരുമാനിച്ചു. സംഘത്തിലെ മൂന്ന് പേരുടെ ഉടുതുണി അഴിച്ച് കൂട്ടിക്കെട്ടി വടമാക്കി. സംഘത്തിലെ യൂനുസും ഹാരിസും സാഹസികമായി താഴെ ഇറങ്ങി മറ്റുള്ളവരുടെ സഹായത്തോടെ കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി റോഡിലേക്ക് കയറ്റുകയായിരുന്നു. രണ്ട് പുരുഷനും ഒരു സ്ത്രീയുമടങ്ങുന്ന കുടുംബമായിരുന്നു കാറിലുണ്ടായിരുന്നത്. ഇവരെ മറ്റൊരു വാഹനത്തില്‍ ഇടുക്കി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു.


പിന്നീട് അല്‍പ്പം കൂടി മുന്നോട്ട് നീങ്ങി കുളമാവ് ഡാമിന്റെ സുരക്ഷാ ജോലിക്കാരനോട് വിവരം പറഞ്ഞ് ഫോണ്‍ നമ്പറും നല്‍കിയാണ് സംഘം യാത്ര തുടര്‍ന്നത്. സുരക്ഷാ ജോലിക്കാരാണ് പിന്നീട് വിവരം പൊലീസിനെ അറിയിച്ചത്. കാറിലുണ്ടായിരുന്നവരുടെ വിലാസമോ മറ്റോ ഒന്നും മലപ്പുറത്ത് നിന്നെത്തിയവരും ശേഖരിച്ചിരുന്നില്ല. നാട്ടിലെത്തിയ ശേഷം പൊലീസിനെ വിളിച്ചപ്പോള്‍ പരിക്കേറ്റവര്‍ ആശുപത്രിയില്‍ എത്തിയെന്നും ഇവര്‍ സുഖം പ്രാപിച്ചു വരുന്നതായും പൊലീസ് പറഞ്ഞു.



Post a Comment

0 Comments