Flash News

6/recent/ticker-posts

താമിര്‍ജിഫ്രി കസ്റ്റഡി കൊല; പൊലീസ് അട്ടിമറിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Views

താനൂർ: താമിര്‍ ജിഫ്രി കസ്റ്റഡി കൊലപാതക കേസ് അട്ടിമറിക്കാൻ പൊലീസ് നടത്തിയ ഗൂഢ നീക്കങ്ങളുടെ തെളിവ് പുറത്ത്.
മരണം സംഭവിച്ച സ്ഥലം രേഖകളില്‍ നിന്ന് മറച്ചുവക്കാൻ പൊലീസ് നടത്തിയ നീക്കങ്ങളുടെ തെളിവുകള്‍ ലഭിച്ചു. വ്യാജ വിവരങ്ങള്‍ നല്‍കി തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് തെറ്റായ മരണ രേഖയുണ്ടാക്കാനാണ് പൊലീസ് ശ്രമിച്ചത്. വ്യാജ വിവരങ്ങള്‍ നല്‍കി മൂന്ന് തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് മരണ സര്‍ട്ടിഫിക്കറ്റുണ്ടാക്കാൻ പൊലീസ് ശ്രമിച്ചു. 

മലപ്പുറം എസ് പിയുടെ കീഴിലുള്ള പ്രത്യേക സംഘമായ താനൂരിലെ ഡാൻസാഫിന്റെ താമസ സ്ഥലത്തുവച്ചാണ് താമിര്‍ ജിഫ്രി കസ്റ്റഡി മര്‍ദനത്തിനിരയായി കൊല്ലപ്പെടുന്നത്. ആഗസ്റ്റ് ഒന്നിനായരുന്നു സംഭവം. കൊല നടന്ന ശേഷം മൃതദേഹം താനാളൂര്‍ പഞ്ചായത്തിലെ മൂലക്കലിലെ അജിനോറ ആശുപത്രിയിലെത്തിച്ചു. പിന്നീട് മരണ സര്‍ട്ടിഫിക്കറ്റിനായി താനാളൂര്‍ പഞ്ചായത്ത് ഓഫീസില്‍ പൊലീസ് അപേക്ഷ നല്‍കി. മരണം സംഭവിച്ചത് അജിനോറ ആശുപത്രിയില്‍ വച്ചാണെന്നായിരുന്നു ഈ അപേക്ഷയില്‍ പൊലീസ് നല്‍കിയ വിവരം.

ആശുപത്രിയില്‍ മരണം സംഭവിച്ചാല്‍ സേവന ആപ് വഴി ആശുപത്രി അധികൃതര്‍ തന്നെ മരണം രേഖപെടുത്തും. എന്നാല്‍ താമിര്‍ ജിഫ്രിയുടെ മരണം ആശുത്രിയില്‍ വച്ച്‌ അല്ലാത്തതിനാല്‍ സേവന ആപില്‍ അങ്ങിനെ രേഖപ്പെടുത്തിയിരുന്നില്ല. ഇത് കണ്ടെത്തിയ താനാളൂര്‍ ഗ്രാമ പഞ്ചായത്ത് പൊലീസിന്റെ അപേക്ഷ നിരസിച്ചു. നിയമ വിരുദ്ധമായി മരണ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാൻ കഴിയാത്തതിനാല്‍ അപേക്ഷ സ്വീകരിക്കുക പോലും ചെയ്യാതെ താനാളൂര്‍ പഞ്ചായത്ത് അത് തിരിച്ചു നല്‍കി.

പിന്നീട് ഓഗസ്റ്റ് 9 ന് പൊലീസ് രണ്ടാമത്തെ അപേക്ഷ നല്‍കി. ഇത് താനൂര്‍ നഗരസഭയിലായിരുന്നു. ഇതിലും അജിനോറ ആശുപത്രിയില്‍ വച്ച്‌ മരിച്ചു എന്നാണ് രേഖപെടുത്തിയത്. നഗരസഭക്ക് പുറത്തുള്ള ആശുപത്രിയുടെ പേരിലാണ് പൊലീസ് രണ്ടാം അപേക്ഷ നല്‍കിയത്. സേവന വഴി മരണ വിവരം ആശുപത്രി നിലനില്‍ക്കുന്ന തദ്ദേശ സ്ഥാപനത്തിന് ലഭിക്കണമെന്ന നിയമം മറികടക്കാനായിരുന്നു പൊലീസിന്റെ ഈ നീക്കം. എന്നാല്‍ അതും പരാജയപ്പെട്ടു. 

ആശുപത്രി തങ്ങളുടെ പരിധിയില്‍ അല്ലെന്ന് നഗരസഭ മറുപടി നല്‍കിയപ്പോള്‍ മരണ സ്ഥലം പൊലീസ് മാറ്റി. ആശുപത്രിയിലേക്ക് കണ്ടുപോകുന്നതിനിടെ യാത്രാമധ്യേ മരിച്ചുവെന്ന് പൊലീസ് നഗരസഭക്ക് വിശദീകരണം നല്‍കി. ഇതും നഗരസഭ അംഗീകരിച്ചില്ല. 

ഇതോടെ പൊലീസ് മൂന്നാമത്തെ തദ്ദേശ സ്ഥാപനത്തെ സമീപിച്ചു. താമിര്‍ ജിഫ്രിയുടെ താമസ സ്ഥലവും ,ഖബറടക്കം നടത്തിയ പള്ളിയും ഉള്‍പെടുന്ന അബ്ദുറഹ്മാൻ നഗര്‍ പഞ്ചായത്തിലാണ് മൂന്നാമത്തെ അപേക്ഷ നല്‍കിയത്. ഇതില്‍ മരണ സ്ഥലം എവിടെയെന്ന് രേഖപ്പെടുത്തിയില്ല. അതിനാല്‍ അവരും തള്ളി. 

മരണം സംഭവിച്ചാല്‍ 20 ദിവസത്തിനകം മരണ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കണം. ഇല്ലെങ്കില്‍ അടുത്ത 7 ദിവസത്തിനകം പിഴ നല്‍കി അപേക്ഷിക്കാം. പിഴ നല്‍കി അപേക്ഷികാനുള്ള അവസാന ദിവസമാണ് പൊലീസ് എ ആര്‍ നഗറില്‍ അപേക്ഷ നല്‍കിയത്. കേസ് അട്ടിമറിക്കാൻ സാധ്യമായ എല്ലാ വഴികളിലും അവസാന സമയം വരെ പൊലീസ് ശ്രമം നടത്തിയെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. മൂന്ന് അപേക്ഷയിലും മരണകാരണം രേഖപെടുത്തിയിരുന്നുമില്ല.




Post a Comment

0 Comments