Flash News

6/recent/ticker-posts

പി.എസ്.സിയുടെ പേരില്‍ വ്യാജക്കത്ത്: സര്‍ട്ടിഫിക്കറ്റ് പരിശോധനയ്‌ക്ക് ഹാജരാകാന്‍ കത്ത് ലഭിച്ചത് നിരവധിപേര്‍ക്ക്; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

Views


തിരുവനന്തപുരം:സര്‍ട്ടിഫിക്കറ്റ് പരിശോധനയ്‌ക്ക് ഹാജരാകാന്‍ പിഎസ്‌സിയുടെ വ്യാജ ലെറ്റര്‍ ഹെഡില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കത്ത് ലഭിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപവല്‍ക്കരിച്ച് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉത്തരവായി.
സര്‍ട്ടിഫിക്കറ്റ് പരിശോധനയ്‌ക്ക് ഹാജരാകാനുള്ള കത്തുമായി തിങ്കളാഴ്ച പി.എസ്.സി ആസ്ഥാനത്ത് എത്തിയപ്പോഴാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തട്ടിപ്പ് ബോധ്യമായത്. വിജിലന്‍സ് അസിസ്റ്റന്റ് സെക്രട്ടറി എന്ന ഇല്ലാത്ത തസ്തികയുടെ പേരിലാണ് കത്തയച്ചത്. കത്ത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ പി.എസ്.സി വിജിലന്‍സ് സംഘം ഉദ്യോഗാര്‍ഥികളെ ചോദ്യം ചെയ്തു.
ഇതോടെയാണ് ‘മാഡം’ എന്ന് വിളിക്കുന്ന സ്ത്രീ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞത്. ഇതോടെയാണ് തിരുവനന്തപുരം സിറ്റി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കുന്നതിനാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

തിരുവനന്തപുരം സിറ്റി ക്രൈം ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ബിജി ജോര്‍ജ് ആണ് സംഘത്തലവന്‍. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സി.നാഗരാജുവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആയിരിക്കും സംഘത്തിന്റെ പ്രവര്‍ത്തനം.

സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ഡി.കെ പൃഥ്വിരാജ് അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരിക്കും. അടൂര്‍ ഡിവൈ.എസ്.പി ആര്‍ ജയരാജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.ഹരിലാല്‍, തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.പി. ഫര്‍ഷാദ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി.എല്‍ വിഷ്ണു എന്നിവരാണ് സംഘാംഗങ്ങള്‍.
പരിശോധനയ്‌ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ പിഎസ്.സിയുടെ ലെറ്റര്‍ ഹെഡില്‍ ഏതാനും ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നു. അവര്‍ ഈ കത്തും സര്‍ട്ടിഫിക്കറ്റുകളുമായി പി.എസ്.സിയില്‍ എത്തിയപ്പോഴാണ് നിര്‍ദ്ദേശം വ്യാജമാണെന്ന് മനസിലായത്.



Post a Comment

0 Comments