Flash News

6/recent/ticker-posts

രാജീവ് ചന്ദ്രശേഖർ വെറും വിഷമല്ല കൊടും വിഷം ; കടന്നാക്രമിച്ച് മുഖ്യമന്ത്രി

Views
കൊച്ചി: വാക് യുദ്ധം തുട‍ർന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും മുഖ്യമന്ത്രി പിണറായി വിജയനും. രാജീവ് ചന്ദ്രശേഖ‍ർ വെറും വിഷമല്ല, കൊടും വിഷമാണെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിഷമെന്നത് അദ്ദേഹം ആക്ഷേപമായല്ലല്ലോ അലങ്കാരമായല്ലേ കാണുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു വിടുവായൻ പറയുന്ന കാര്യമാണ് കേന്ദ്രമന്ത്രി പറഞ്ഞത്. മന്ത്രിയുടെ ഭാ​ഗത്തുനിന്ന് ഉണ്ടാകേണ്ടതല്ല ഇത്തരമൊരു പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. തന്നെ നുണയനെന്ന് വിളിച്ചതിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

കളമശേരി സ്ഫോടനത്തിന് പിന്നാലെയാണ് ഇരുവരും തമ്മിൽ വാ​ഗ്വാദം തുടങ്ങിയത്. കളമശേരി സംഭവത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി ഇന്നലെ രം​ഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി വർ​ഗീയ നിലപാട് സ്വീകരിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ഇതിനെതിരെ തന്നെ വര്‍ഗീയവാദിയാക്കാന്‍ മുഖ്യമന്ത്രിക്ക് എന്ത് അധികാരമെന്ന് രാജീവ് ചന്ദ്രശേഖറും തിരിച്ചടിച്ചിരുന്നു. എന്നാൽ ഇന്ന് ഇതിന് വീണ്ടും മറുപടി നൽകുകയായിരുന്നു

കേരളത്തിന്റേതായ തനിമ തക‍ർക്കൽ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. പിന്നീട് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഒരു മറയുമില്ലാതെ ഇതേകാര്യം തന്നെ പ്രചരിപ്പിച്ചു. ഒരു പ്രത്യേക വിഭാ​ഗത്തെ ലക്ഷ്യം വച്ചും താറടിക്കാനുമായിരുന്നു ശ്രമം. രാജീവ് ചന്ദ്രശേഖറും കൂട്ടാളികളും അത്തരമൊരു മാനസ്സികാവസ്ഥ വെച്ചുപുലർത്തുന്നവരാണ്. ഇതിൽ ഒട്ടും ആശ്ചര്യപ്പെടേണ്ടതില്ല.

വർ​ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപന‌മാണ് കേരളത്തിന്റേത്. അതുകൊണ്ടുതന്നെ മതനിരപേക്ഷത പുലരുന്ന സംസ്ഥാനമാണ് കേരളം.

ഇന്ത്യാ രാജ്യത്തുതന്നെ ഒരു തുരുത്തുപോലെയാണ് കേരളം. രാജ്യവും ലോകവും അത് അം​ഗീകരിച്ചതാണ്. ഇത് അദ്ദേഹത്തിന്റെ വികലമായ മനസ്സുകൊണ്ട് കാണാൻ സാധിക്കുന്നില്ല. അദ്ദേഹത്തിന് എൽഡിഎഫിനെ കുറ്റം പറയേണ്ടതുണ്ടാകും. സ‍ർക്കാരിനെ കുറ്റം പറയേണ്ടതുണ്ടാകും. വ്യക്തിപരമായി തന്നെ ആക്ഷേപിക്കേണ്ടതുണ്ടാകും. അതൊന്നും കേരളത്തിന്റെ തനിമയെ തകർക്കാൻ ഇടയാക്കില്ലെന്ന് മനസ്സിലാക്കിക്കോളണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'രാജീവ് ചന്ദ്രശേഖർ 
വെറും വിഷമല്ല കൊടും വിഷം'; കടന്നാക്രമിച്ച് മുഖ്യമന്ത്രി
ഹമാസ് നേതാവ് മലപ്പുറത്ത് സമ്മേളനത്തിൽ പങ്കെടുത്തുവെന്ന രാജീവ് ചന്ദ്രശേഖറിന്റെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ജമാ അത്തെ ഇസ്ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പലസ്തീൻ അനുകൂല പരിപാടിയിലാണ് പലസ്തീനിയൻ പോരാളി എന്ന് പറയുന്നയാൾ സംസാരിച്ചത്. ഇക്കാര്യത്തെ കുറിച്ച് കൂടുതൽ അറിയേണ്ടതുണ്ട്. പൊതുയോഗത്തിന് ജമായത്തെ ഇസ്ലാമിയെന്നല്ല ആര് അനുമതി ചോദിച്ചാലും നൽകാറുണ്ട്. അതാണ് അവിടെ സംഭവിച്ചത്. രാജീവ് ചന്ദ്രശേഖറും കൂട്ടാളികളും രാജ്യത്ത് സ്വീകരിക്കുന്ന നിലപാട് പലസ്തീൻ അനുകൂല പരിപാടികൾ നടക്കുമ്പോൾ അതിന്റെ ഭാഗമായി കേസെടുത്ത് അവരെ കുടുക്കാൻ നോക്കുക എന്നതാണ്. എന്നാൽ പലസ്തീന്റെ കൂടെയാണ് നമ്മൾ എല്ലാ കാലത്തും നിന്നിട്ടുള്ളത്. രാജ്യവും പലസ്തീന്റെ കൂടെയായിരുന്നു. അതിൽ നിന്ന് ഇപ്പോൾ മാറിയിട്ടുണ്ടെന്നത് വേറെ കാര്യം. ആ മാനസ്സികാവസ്ഥ വച്ചാണ് കേന്ദ്രമന്ത്രി സംഭവത്തെ വിലയിരുത്തുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.



Post a Comment

0 Comments