Flash News

6/recent/ticker-posts

ഗാസയിലേക്ക് ദുരിതാശ്വാസ സഹായം നാളെയെത്തുമെന്ന് അമേരിക്ക

Views

കയ്‌റോ : ഈജിപ്ത് അതിര്‍ത്തിയായ റഫഹ് ചെക്ക് പോസ്റ്റ്  നാളെ (വെള്ളി) ഗാസയിലേക്കുള്ള ദുരിതാശ്വാസ സഹായ വിതരണത്തിനായി തുറക്കുമെന്നും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി ഇക്കാര്യം സമ്മതിച്ചതായും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ഇസ്രായേല്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങവെ വിമാനത്തില്‍ വെച്ച് സീസിയുമായി ടെലിഫോണില്‍ സംസാരിച്ചാണ് ഇതുസംബന്ധിച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആദ്യഘട്ടമെന്ന നിലയില്‍ 20 ട്രക്കുകളാണ് ഗാസയിലേക്ക് പോകുക. ഹമാസ് അത് പിടിച്ചെടുക്കുകയോ തടയുകയോ ചെയ്താല്‍ കാര്യങ്ങള്‍ക്ക് വിരാമമാകുമെന്ന് സീസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ബൈഡന്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ ബുധനാഴ്ച പ്രസിഡന്റ് ബൈഡനും അബ്ദുല്‍ ഫത്താഹ് സീസിയും തമ്മില്‍ ഗാസയിലേക്ക് ദുരിതാശ്വാസ സഹായമെത്തിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ലോക രാഷ്ട്രങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് ഈജിപ്ത് അതിര്‍ത്തി തുറക്കുന്നത്. മേഖലയില്‍ സമാധാനം തിരിച്ചുകൊണ്ടുവരാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു.
ഗാസയിലേക്കുള്ള മാനുഷിക സഹായം അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സീസിയും ബൈഡനും ചര്‍ച്ച ചെയ്തതായി ഈജിപ്ഷ്യന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ പ്രതിസന്ധി സാഹചര്യം നിയന്ത്രിക്കുന്നതിനും സമാധാനത്തിന്റെ പാത പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ യോജിച്ച ശ്രമങ്ങളുടെ പ്രാധാന്യം ഇരുവരും ഊന്നിപ്പറഞ്ഞു. 
ഈജിപ്തില്‍ നിന്ന് ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുളള കൂടിക്കാഴ്ചയില്‍ സമ്മതിച്ചായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 100 മില്യന്‍ ഡോളര്‍ ഫലസ്തീനികള്‍ക്ക് അമേരിക്ക സഹായധനം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.



Post a Comment

0 Comments