Flash News

6/recent/ticker-posts

രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത പാക് ചാരന്‍ അറസ്റ്റില്‍; വലയിലായത് ഇന്ത്യയിലെത്തി പൗരത്വം നേടിയ ലാഭ്ശങ്കര്‍ മഹേശ്വരി

Views

ഗാന്ധിനഗര്‍: രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത പാക് ചാരന്‍ ഗുജറാത്തില്‍ അറസ്റ്റില്‍. വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ മറവില്‍ രാജ്യത്തെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതിന് ലാഭ്ശങ്കര്‍ മഹേശ്വരി എന്നയാളെ ഗുജറാത്ത് എ.ടി.എസ് ആണ് പിടികൂടിയത്. ഇയാള്‍ 1999 ലാണ് ഇന്ത്യയില്‍ എത്തിയതും ഇന്ത്യന്‍ പൗരത്വം സ്വന്തമാക്കിയതും.


ഇയാളുടെ ബന്ധുക്കളും കുടുംബവും പാകിസ്ഥാനിലാണുള്ളത്. രാജ്യത്തെ സൈനിക സ്‌കൂളുകളിലെ കുട്ടികളുടെയും സൈനികരുടെയും സൈനികരുടെ ബന്ധുക്കളുടെയും വാട്‌സ്ആപ്പില്‍ വ്യാജ ലിങ്ക് അയച്ചായിരുന്നു ചാര പ്രവര്‍ത്തനം. ‘ഹര്‍ ഖര്‍ തിരംഗ’ പ്രചാരണത്തിന്റെ ഭാഗമായി ദേശീയ പതാകയുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ അയക്കുമ്പോള്‍ സമ്മാനം ലഭിക്കുമെന്നായിരുന്നു പ്രചാരണം. തുടര്‍ന്ന് ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യുമ്പോള്‍ ഫോണ്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു രീതി. പാക് ചാര സംഘടനയായിരുന്നു വാട്‌സ് ആപ്പും അനുബന്ധ വ്യാജ ആപ്പും നിയന്ത്രിച്ചിരുന്നത്. ഇന്ത്യന്‍ സിം ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത്.


എയര്‍ഫോഴ്‌സ് ഇന്റലിജന്‍സിന്റെ സഹായത്തോടെ ഇത്തരമൊരു ഫോണ്‍ കണ്ടെത്തി ഗാന്ധിനഗറില്‍ ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചതോടെയാണ് പാക് തന്ത്രം കണ്ടെത്തിയത്. എത്ര ഫോണുകളില്‍ ആപ്പ് സ്ഥാപിച്ചെന്നും എന്തെല്ലാം രഹസ്യങ്ങള്‍ ചോര്‍ന്നെന്നും മിലിറ്ററി ഇന്റലിജന്‍സ് അന്വേഷിക്കുന്നുണ്ട്. ഇത്തരം ഫോണുകള്‍ ഫാക്ടറി റീസെറ്റിന് വിധേയമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

1999ല്‍ ഭാര്യക്കൊപ്പം വന്ധ്യതാചികിത്സയ്ക്ക് ഗുജറാത്തില്‍ എത്തിയ ഇയാള്‍ 2006ലാണ് ഇന്ത്യന്‍പൗരനായത്. ഗുജറാത്തിലെ താരാപ്പുരില്‍ ഭാര്യയുടെ മാതാപിതാക്കളുടെ ഒപ്പം താമസിച്ചിരുന്ന മഹേശ്വരി ഇവിടെ പലചരക്കുകടയും നടത്തിയിരുന്നു. എന്നാല്‍, പാകിസ്താനില്‍ സ്വന്തം ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ഇടയ്ക്ക് പോയിരുന്നു. ഇയാളെ പാക് ചാരസംഘടന രഹസ്യം ചോര്‍ത്താന്‍ ഉപയോഗിച്ചതായി പോലീസ് പറഞ്ഞു.



Post a Comment

0 Comments