Flash News

6/recent/ticker-posts

റോഡില്‍ പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍ അബദ്ധത്തില്‍ ചവിട്ടി; 23 കാരിയും കൈക്കുഞ്ഞും ഷോക്കേറ്റ് മരിച്ചു

Views


ബെംഗളൂരു: പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍ അബദ്ധത്തില്‍ ചവിട്ടി യുവതിക്കും ഒമ്പത് മാസം പ്രായമുള്ള മകള്‍ക്കും ദാരുണാന്ത്യം. ബംഗളൂരു സ്വദേശിനിയായ യുവതിയും കുഞ്ഞുമാണ് ഷോക്കേറ്റ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. 23-കാരിയായ സൗന്ദര്യ, ഒന്‍പത് മാസം പ്രായമുള്ള മകള്‍ സുവിക്സ്ലിയ എന്നിവരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് ബെംഗളൂരുവിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

തമിഴ്‌നാട്ടില്‍ നിന്നും ട്രെയിവില്‍ ബെംഗളൂരുവിലെത്തിയ ഇരുവരും വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൈക്കുഞ്ഞുമായി നടന്ന് പോകവേ വൈറ്റ്ഫീല്‍ഡ് ഏരിയയില്‍ റോഡരികില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ അബദ്ധത്തില്‍ ചവിട്ടുകയായിരുന്നു. ഇരുട്ടായതിനാല്‍ യുവതി വൈദ്യുതി കമ്പി കാണാനാവാതെ ചവിട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമം.

സംഭവത്തില്‍ കടുഗോഡി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാംഗ്ലൂര്‍ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. രാവിലെ നടക്കാനിറങ്ങിയ പ്രദേശവാസികളാണ് വിവരം അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോള്‍ ഷോക്കേറ്റ് മരിച്ച് കിടക്കുന്ന അമ്മയെയും മകളെയുമാണ് കണ്ടത്. വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് വരികയാണ്. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വൈറ്റ്ഫീല്‍ഡ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശിവകുമാര്‍ ഗുണാരെ വ്യക്തമാക്കി.



Post a Comment

0 Comments