Flash News

6/recent/ticker-posts

റോഡുമാർഗം 57 ദിവസങ്ങൾകൊണ്ട് 14 രാജ്യങ്ങൾ പിന്നിട്ട് അഞ്ചംഗ സംഘം;യാത്ര നടത്തിയത് മലപ്പുറത്തുകാർ

Views

കൽപറ്റ- ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് 2014ൽ കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക് നടത്തിയ യാത്രയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് ലണ്ടനിൽനിന്നു റോഡുമാർഗം കേരളത്തിലേക്ക് യാത്ര ചെയ്ത് അഞ്ചംഗ സംഘം. യു.കെയിൽ ജോലി ചെയ്യുന്ന കോട്ടയ്ക്കൽ എടരിക്കോട് നാറത്തടം പാറമ്മൽ മൊയ്തീൻ, കാടമ്പുഴ മാറാക്കര മേലേതിൽ സുബൈർ, കരേക്കാട് വടക്കേപീടിയക്കൽ മുസ്തഫ, ദുബായിൽ ജോലിയിലുള്ള കോട്ടയ്ക്കൽ കുറ്റിപ്പാല ഷാഫി തൈക്കാടൻ, ഹുസൈൻ കുന്നത്ത് എന്നിവരാണ് മെഴ്‌സിഡസ് വി ക്ലാസിൽ 57 ദിവസങ്ങൾകൊണ്ട് 14 രാജ്യങ്ങൾ പിന്നിട്ട് കേരളത്തിലെത്തിയത്. ഇവർക്ക് വെള്ളമുണ്ട അത്തിക്കൊല്ലി തറവാട്ടുമുറ്റത്ത് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ഷമീം വെട്ടൻ, കെ.എം. റാഫി, ദാരപ്പൻ മൂപ്പൻ, കേളു അത്തികൊല്ലി തുടങ്ങിയവരുടെ നേതൃത്വത്തിൽ അമ്പും വില്ലും കൈമാറി സ്വീകരണം നൽകി.
സെപ്റ്റംബർ 18നാണ് അഞ്ചംഗ സംഘം ലണ്ടനിൽനിന്നു യാത്രതിരിച്ചത്. ഫ്രാൻസ്, ലക്‌സൻബർഗ്, ജർമനി, ഓസ്ട്രിയ, സ്ലോവേനിയ, ക്രൊയേഷ്യ, സെർബിയ, ബൾഗേറിയ, ഗ്രീസ്, തുർക്കി, ഇറാൻ, പാക്കിസ്ഥാൻ വഴിയാണ് ഇന്ത്യയിൽ എത്തിയത്. ലണ്ടനിൽനിന്നു ഏറ്റവും കുറഞ്ഞ ദൂരത്തിൽ ഇന്ത്യയിൽ എത്തുന്ന പാതയാണ് യാത്രയ്ക്കു തെരഞ്ഞെടുത്തത്. പോർട്ടബിൾ ശൗചാലയവും പാചകത്തിനുള്ള സാമഗ്രികളും ടെന്റും മറ്റും വാഹനത്തിൽ കരുതിയായിരുന്നു യാത്ര. ഇറാനിൽനിന്നു പാക്കിസ്ഥാനിലേക്ക് കടന്നശേഷം ബലൂചിസ്ഥാൻ പ്രവിശ്യ മുതൽ കറാച്ചി വരെ പട്ടാള വാഹനങ്ങളുടെ സുരക്ഷയിലായിരുന്നു സഞ്ചാരം. വിസ നിഷേധിച്ചതിനാൽ സംഘത്തിലെ രണ്ടു പേർക്ക് പാക്കിസ്ഥാൻ സന്ദർശിക്കാനായില്ല. ഇറാനിൽനിന്ന് വിമാനമാർഗം പഞ്ചാബിലെത്തിയാണ് ഇവർ മേഴ്‌സിഡസിൽ യാത്ര തുടർന്നത്. വാഗ അതിർത്തിയിൽ ഇന്ത്യൻ സേന ഉജ്വല സ്വീകരണം നൽകിയതായി സംഘാംഗങ്ങൾ പറഞ്ഞു.



Post a Comment

0 Comments