Flash News

6/recent/ticker-posts

ലണ്ടൻ റ്റു കേരള യാത്ര നടത്തിയ സംഘം പാണക്കാട് തങ്ങളുടെ വസതിയിലെത്തി

Views
മലപ്പുറം : അൻപത്തി ഏഴ് ദിവസം കൊണ്ട് 13 രാജ്യങ്ങള്‍ സന്ദർശിച്ച അഞ്ചംഗ സംഘം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി.

ലണ്ടനില്‍നിന്ന് റോഡ് മാര്‍ഗം 28,000 കിലോമീറ്ററുകള്‍ താണ്ടി കേരളത്തിലേക്കുള്ള യാത്രയില്‍ അമ്പതാം ദിവസം ഡല്‍ഹിയിലെത്തിയ അഞ്ചു മലയാളി സുഹൃത്തുക്കളാണ് ഇന്ന് രാവിലെ പാണക്കാടെത്തിയത്. മൂന്നുപേര്‍ യു.കെ.പൗരന്മാര്‍, രണ്ടുപേര്‍ ദുബായിയില്‍ ജോലിചെയ്യുന്നവര്‍.
യു.കെ. പൗരന്മാരായ  കോട്ടയ്ക്കല്‍ എടരിക്കോട് നാറത്തടം,പാറമ്മൽ  മോയ്തീന്‍, കാടമ്പുഴ മാറാക്കര മേലേതിൽ  സുബൈര്‍, കരേക്കാട്  വടക്കേപീടിയേക്കല്‍ മുസ്തഫ, ദുബായില്‍ ജോലിചെയ്യുന്ന കോട്ടയ്ക്കല്‍ കുറ്റിപ്പാല ഷാഫി തൈക്കാടന്‍, ഹുസൈന്‍ കുന്നത്ത് എന്നിവരാണ് പാകിസ്താന്‍ ഉള്‍പ്പടെ ചുറ്റിസഞ്ചരിച്ച് ഇന്ത്യയിലെത്തിയിരിക്കുന്നത്.കൊച്ചിയില്‍നിന്ന് ലണ്ടനിലേക്ക് സംവിധായകന്‍ ലാല്‍ജോസ് 2014-ല്‍ നടത്തിയ യാത്രയില്‍ നിന്നാണ് അഞ്ചുസുഹൃത്തുക്കളുടെ യാത്രയുടെ തുടക്കം. അഞ്ചുലക്ഷം രൂപയാണ് ആളൊന്നിനു യാത്രക്കായി വകയിരുത്തിയത്. ദുബായില്‍ ജോലിചെയ്യുന്ന രണ്ടുപേര്‍ കൂടി ലണ്ടനിലെത്തിയതോടെ സെപ്റ്റംബര്‍ 18-ന് യാത്ര ലണ്ടനില്‍നിന്ന് കിക്ക് ഓഫ് ചെയ്തു.

ലണ്ടനില്‍നിന്ന് തുടങ്ങി, ഫ്രാന്‍സ്, ലക്സന്‍ബര്‍ഗ്, ജര്‍മനി, ഓസ്ട്രിയ, സ്ലോവീനിയ, ക്രോയേഷ്യ, സെര്‍ബിയ, ബള്‍ഗേറിയ, ഗ്രീസ്, തുര്‍ക്കി, ഇറാന്‍, പാകിസ്താന്‍ വഴി ഇന്ത്യയിലേക്ക്. ലണ്ടനില്‍നിന്ന് ഏറ്റവും കുറഞ്ഞദിവസം കൊണ്ട് ഇന്ത്യയിലേക്ക് എത്തുന്ന പാതയാണ് തിരഞ്ഞെടുത്തതെന്ന് അഞ്ചംഗ സംഘം പറയുന്നു. മെഴ്സിഡസ് വി-ക്ലാസ് വാഹനമാണ് തിരഞ്ഞെടുത്ത്. പോര്‍ട്ടബിള്‍ ശൗചാലയവും പാചകത്തിനുള്ള സാമഗ്രികളും ടെന്‍ഡും ഉള്‍പ്പടെ സകലതും വാഹനത്തിനുള്ളില്‍ തയാറാക്കി.

യാത്രയുടെ തയാറെടുപ്പുകള്‍ക്കും യാത്രയിലുടനീളവും ഗൂഗിളായിരുന്നു പ്രധാന സഹായി. സംഘത്തില്‍ മൂന്നുപേര്‍ ഡ്രൈവിങ് മേഖലയില്‍ ജോലിചെയ്യുന്നവരായതിനാല്‍തന്നെ യാത്ര കൂടുതല്‍ സുഗമമായി. താമസമെല്ലാം എത്തിപ്പെടുന്ന രാജ്യങ്ങളിലെ ഹോട്ടലുകളിലായിരുന്നു. യു.കെ പൗരന്മാരായ മൂന്നുപേര്‍ക്കും വിസ ആവശ്യമായി വന്നത് ഇറാനിലും പാകിസ്താനിലും മാത്രമാണ്. മറ്റുരണ്ടുപേര്‍ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള പ്രത്യേക വിസ കൂടി വേണ്ടിവന്നു യാത്രക്കായി. 
സംഘം യാത്രയില്‍ ഏറ്റവും അധികം ദിനം (10 ദിവസം) ചെലവഴിച്ചത് പാകിസ്താനിലായിരുന്നു. ഏറെ സ്നേഹത്തോടെയാണ് പാകിസ്താന്‍ വരവേറ്റതെന്നും ഇന്ത്യക്കാരാണെന്ന് അറിഞ്ഞതോടെ ഹോട്ടലുകളില്‍ ഭക്ഷണത്തിന് പോലും കാശ് വാങ്ങാതെ നല്‍കിയെന്നും സംഘം പറയുന്നു. എന്നാല്‍ കൂട്ടത്തില്‍ ഇന്ത്യന്‍ പൗരന്മാരായ രണ്ടുപേര്‍ക്ക് പാകിസ്താന്‍ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇവര്‍ക്ക് പാകിസ്താന്‍ സന്ദര്‍ശിക്കാനായില്ല. ഇറാനില്‍നിന്ന് വിമാനമാര്‍ഗം പഞ്ചാബിലെത്തിയാണ് തുടര്‍യാത്രയുടെ ഭാഗമായത്. പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്ക് കടന്ന വാഗാഅതിര്‍ത്തിയില്‍ ഇന്ത്യന്‍ പട്ടാളം നല്‍കിയ ഗംഭീര വരവേല്‍പ്പും സംഘം സ്മരിക്കുന്നു.

ഇറാനില്‍നിന്ന് പാകിസ്താനിലേക്ക് കടന്നശേഷം ബലൂചിസ്താന്‍ പ്രവശ്യ മുതല്‍ കറാച്ചി വരെ പ്രത്യേക പട്ടാള വാഹനങ്ങളുടെ സുരക്ഷയിലായിരുന്നു യാത്ര. ഇറാനില്‍ വാഹനത്തില്‍ ഇന്ധനം നിറയ്ക്കാനും മറ്റും വലഞ്ഞ തൊഴിച്ചാല്‍ യാത്ര ഗംഭീരമായിരുന്നുവെന്നും സംഘം പറയുന്നു. ഇറാനിലൂടെ റോഡ് മാര്‍ഗം യാത്രചെയ്യുമ്പോള്‍ ഡീസല്‍ ഉറപ്പാക്കാന്‍ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ പ്രതിവിധി കണ്ടെത്തണമെന്ന് സംഘം പറയുന്നു. യാത്രയില്‍ ഇറാന്‍ കറസിയും കൈയില്‍ കരുതണമെന്നും സംഘം പറയുന്നു.
 യാത്രക്കവർ ഉപയോഗിച്ച വാഹനം മുനവ്വറലി തങ്ങൾ പരിശോധിക്കുകയും അവരുമായി കുശലാന്വേഷണം നടത്തുകയും ചെയ്തു.


Post a Comment

0 Comments