Flash News

6/recent/ticker-posts

കരിപ്പൂർ വിമാനത്താവളം ചിറകേറ്റിയത് മാസം 2 ലക്ഷം പേരെ; 2020ൽ ഒരു മാസത്തെ യാത്രക്കാരുടെ എണ്ണം ശരാശരി 70,782; 2023ൽ 2 ലക്ഷം കടന്നു..!

Views

കരിപ്പൂർ: കുതിപ്പിന്റെ കണക്കുമായി പുതുവർഷത്തിലേക്കു പറക്കുകയാണു കരിപ്പൂർ വിമാനത്താവളം. കഴിഞ്ഞ 4 വർഷത്തിനിടെ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിലും രാജ്യാന്തര വിമാനങ്ങളുടെ പോക്കുവരവുകളുടെ കണക്കിലും വളർച്ച മാത്രമാണു കോഴിക്കോട് വിമാനത്താവളത്തിന്റെ അക്കൗണ്ടിലുള്ളത്.2020ൽ ഒരു മാസം ശരാശരി 484 രാജ്യാന്തര വിമാനങ്ങളുടെ പോക്കുവരവുകളാണ് ഉണ്ടായിരുന്നത്. 2023ൽ രാജ്യാന്തര വിമാന സർവീസുകളുടെ പോക്കുവരവുകൾ 1,334 ആയി. 2020ൽ ഒരു മാസത്തെ യാത്രക്കാരുടെ എണ്ണം ശരാശരി 70,782 ആയിരുന്നു. 2023ൽ 2 ലക്ഷം കടന്നു.

ഓരോ വർഷത്തെയും നവംബർ മാസം ആസ്പദമാക്കി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ തയാറാക്കിയ കണക്കാണ് ഇത്. വലിയ വിമാന സർവീസുകൾ ഇല്ലാതെയാണു കരിപ്പൂർ വിമാനത്താവളത്തിന്റെ ഈ നേട്ടം. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു കരിപ്പൂരിലെ വിമാനാപകടം. അതോടെ നിലവിൽ സർവീസ് നടത്തിയിരുന്ന ഇടത്തരം വിമാനങ്ങളുടെ സർവീസും കരിപ്പൂരിനു നഷ്ടമായി.

തുടർന്ന് ഇതുവരെ വലിയ വിമാനങ്ങളുടെ ‘ഇ’ ശ്രേണിയിൽപെട്ട ഒരുവിമാനംപോലും തിരിച്ചെത്തിയിട്ടില്ല. ചെറുവിമാനങ്ങളെ ആശ്രയിച്ചു മാത്രമാണ് ഓരോ മാസവും ശരാശരി 2 ലക്ഷം രാജ്യാന്തര യാത്രക്കാർ കരിപ്പൂർ വഴി പറക്കുന്നത്.

നേരത്തേ വലിയ വിമാനങ്ങളുടെ സർവീസ്  നടത്തിയിരുന്ന സൗദി എയർലൈൻസ്, എമിറേറ്റ്സ് വിമാനക്കമ്പനികൾ കരിപ്പൂരിലേക്കു തിരിച്ചെത്താൻ തയാറാണ്. വലിയ വിമാന സർവീസുകൾക്കായി റൺവേ അനുബന്ധ വികസനത്തിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ, പ്രവൃത്തി തീരുംവരെ കാത്തിരിക്കാതെ, ഉടൻ അനുമതി നൽകാൻ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാണ്.


Post a Comment

0 Comments