Flash News

6/recent/ticker-posts

പ്രവാസികളെ ശ്രദ്ധിക്കുക, സൗദിയിലേക്ക് തിരിച്ചുവരും മുമ്പ് ഇക്കാര്യങ്ങൾ പരിശോധിക്കുക

Views
ജിദ്ദ : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൗദിയിലെത്തുന്ന പ്രവാസികളിൽ ചിലർ വിമാനതാവളങ്ങളിൽ പോലീസിന്റെ പിടിയിലാകുന്നതായി വാർത്തകൾ വരുന്നുണ്ട്. ഏറെക്കാലം സൗദിയിൽ പ്രവാസ ജീവിതം നയിച്ച ശേഷം റീ എൻട്രി വിസയിൽ നാട്ടിലേക്ക് പോയി മടങ്ങുന്നവരിൽ ചിലരാണ് പിടിയിലാകുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയായ ഒരാളെ റിയാദ് പോലീസ് പിടികൂടി. കോഴിക്കോട് വിമാനതാവളത്തിൽനിന്ന് റിയാദ് വഴി അബഹയിലേക്ക് വരികയായിരുന്ന യുവാവിനെയാണ് റിയാദ് പോലീസ് പിടികൂടിയത്. ഇദ്ദേഹം നേരത്തെ ഏറെക്കാലം സൗദിയിൽ പ്രവാസിയായിരുന്നു. ബഖാലയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ ആ സമയത്ത് കേടു വന്ന സാധനം വിറ്റതിന് പോലീസ് പിടികൂടിയിരുന്നു. മറ്റൊരു അറബ് രാജ്യത്തെ പൗരൻ നൽകിയ പരാതിയിലായിരുന്നു ഇദ്ദേഹത്തിനും കട ഉടമക്കും എതിരെ കേസെടുത്തിരുന്നത്. കേസ് തീർപ്പാകുന്നതിന് മുമ്പ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങുകയും ഏറെക്കാലത്തിന് ശേഷം മടങ്ങിവരികയുമായിരുന്നു. എന്നാൽ, റിയാദ് വിമാനതാവളത്തിൽ ഇറങ്ങിയ ഉടൻ ഇദ്ദേഹത്തെ ജവാസാത്ത് വിഭാഗം പിടികൂടുകയും പോലീസ് കൈമാറുകയും ചെയ്തു. ഇദ്ദേഹത്തെ പറ്റി വിവരം ലഭിക്കാത്തതിനെ തുടർന്ന് റിയാദിലെ സാമൂഹ്യപ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ വിഷയത്തിൽ ഇടപെടുകയും വിമാനതാവളത്തിലെത്തി ഇയാളെ അന്വേഷിക്കുകയും ചെയ്തു. ഒടുവിലാണ് ഇദ്ദേഹം ജയിലിലാണ് എന്ന വിവരം ലഭിച്ചത്. നേരത്തെ ഇദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന കേസിനെ തുടർന്നായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഇദ്ദേഹത്തെ കോടതി അഞ്ചു ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. 
സൗദിയിൽ എന്തെങ്കിലും തരത്തിലുള്ള നിയമനപടികൾ തനിക്ക് നേരിടുന്നുണ്ടോ എന്നറിയാൻ ഒട്ടേറെ സംവിധാനങ്ങൾ നിലവിലുണ്ട്. അബ്ശിർ വഴിയാണ് ഒന്ന്. അബ്ശിറിൽ പ്രവേശിച്ചാൽ തനിക്ക് എതിരായ കേസുകളുടെ വിശദാംശങ്ങൾ ലഭിക്കും. നാജിസ് പോർട്ടൽ വഴിയും ഇത്തരത്തിൽ നേരിടുന്ന നിയമനടപടികളെ സംബന്ധിച്ചുള്ള വിവരം ലഭ്യമാണ്. ഇത് പരിശോധിക്കാതെ നേരിട്ട് സൗദിയിലെത്തിയാൽ നിയമനടപടി നേരിടേണ്ടി വരുമെന്നുറപ്പാണ്. ഏതെങ്കിലും തരത്തിലുള്ള നിയമ നടപടികളുണ്ടെങ്കിൽ തീർച്ചയായും അയാൾക്ക് സൗദിയിൽ വിമാനതാവളത്തിന് പുറത്തേക്ക് ഇറങ്ങാനാകില്ല. അതിനാൽ സൗദിയിലേക്ക് പുറപ്പെടുന്നതിന് മുമ്പു തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നത് നല്ലതായിരിക്കുമെന്ന് സാമൂഹ്യ പ്രവർത്തകർ പറയുന്നു.


Post a Comment

0 Comments