Flash News

6/recent/ticker-posts

കാന്തപുരത്തിന്റെ മനസ്സിന് ചാഞ്ചല്യം'; നൂറാം വാർഷികം ഒരുമിച്ച് ആഘോഷിക്കാമെന്ന് സമസ്ത നേതാവ്

Views
കോഴിക്കോട് - സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്കു ദീർഘകാലം നേതൃത്വം നൽകി സമൂഹത്തെ വിട്ടുപിരിഞ്ഞ പ്രമുഖ പണ്ഡിതൻ ഇ.കെ അബൂബക്കർ മുസ്‌ലിയാരുടെ ഖബറിടം സന്ദർശിച്ച കേരള മുസ്‌ലിം ജമാഅത്ത് നേതാവ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നടപടിയെ സ്വാഗതം ചെയ്ത് സമസ്ത നേതാവ് രംഗത്ത്. 
 കാന്തപുരം ഉസ്താദിന്റെ നടപടി വളരെ സ്വാഗതാർഹമാണെന്നും ഇനി സമസ്തയുടെ നൂറാംവാർഷികം വേറിട്ടു നടത്താതെ ഒന്നിച്ചു നടത്താൻ സാധിക്കണമെന്നും സമസ്തയുടെ യുവജന നേതാവ് അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ് ഒരു ശബ്ദസന്ദേശത്തിൽ ആഹ്വാനംചെയ്തു.

 അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവിന്റെ ശബ്ദസന്ദേശത്തിലെ പ്രധാനം ഭാഗം ഇങ്ങനെ:

 ഏറെ സന്തോഷകരമായ വാർത്ത കാണാൻ സാധിച്ചു. കാന്തപുരം എ.പി അബൂക്കർ മുസ്‌ലിയാർ നീണ്ട മൂന്നര പതിറ്റാണ്ടിനുശേഷം സമസ്ത കേരള ജംഇയ്യത്തുൽ ഉലയമുടെ സമുന്നതനും ദീർഘകാലത്തെ ജനറൽസെക്രട്ടറിയുമായിരുന്ന ഇ.കെ അബൂബക്കർ മുസ്‌ലിയാരുടെ മഖാം സന്ദർശിച്ച് പ്രാർത്ഥിച്ചിരിക്കുകയാണ്. ഇത് വളരെ സന്തോഷകരമായ കാര്യമാണ്. 
 കാരണം കഴിഞ്ഞ മൂന്ന്-നാല് പതിറ്റാണ്ടുകാലത്തെ വിവാദങ്ങളും പ്രശ്‌നങ്ങളും കുഴപ്പങ്ങളും സംഘട്ടനങ്ങളും അടിപിടികളുമൊക്കെ സുന്നികേരളം മറന്നുപോയിട്ടില്ല. ഇതിന്റെയെല്ലാം നിമിത്തം ഇ.കെ അബൂബക്കർ മുസ്‌ലിയാർ ജനറൽസെക്രട്ടറിയും കണ്ണിയത്ത് ഉസ്താദ് പ്രസിഡന്റുമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുമായി വിയോജിപ്പുണ്ടാവുകയും ബഹുമാന്യനായ കാന്തപുരത്തിന്റെ നേതൃത്വത്തിൽ ഏതാനും അംഗങ്ങൾ ഇറങ്ങി പോവുകയും സമാന്തര സംഘടന രൂപീകരിക്കുകയും ചെയ്തതാണ്. ഞാൻ ഇത് പറഞ്ഞ് പ്രശ്‌നമാക്കുകയല്ല. ഇതിന്റെ ദുരിതങ്ങളും ദുരന്തങ്ങളുമൊക്കെ മുസലിം ഉമ്മത്ത് ഇതിനകം അനുഭവിച്ചുകഴിഞ്ഞു. പിന്നീട് ചില ഐക്യചർച്ചകളിലൂടെ പരസ്പരം രഞ്ജിപ്പിൽ പോകാനും പുതിയ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനും പള്ളികളും മദ്രസകളുമൊക്കെ പിടിച്ചെടുക്കാതിരിക്കാനുമൊക്കെ ധാരണയുണ്ടാക്കുകയും ആ നല്ല അന്തരീക്ഷത്തിൽ സുന്നികേരളം മുന്നോട്ടു പോകുകയും ചെയ്യുന്ന ശുഭകരമായ മുഹൂർത്തമാണ് നിലവിലുള്ളത്. 
 പക്ഷേ, ഈയൊരു ഘട്ടത്തിലും ബഹുമാന്യനായ കാന്തപുരത്തിന്റെ നേതൃത്വത്തിൽ വേറിട്ട് ഒരു സമാന്തര സംഘടനയുമായി മുന്നോട്ടുപോകുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ വേറിട്ട് പോകുമ്പോഴും അദ്ദേഹത്തിന് ഒരിക്കലും ഇ.കെ അബൂബക്കർ മുസ്‌ലിയാരെയും കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരെയും ആദരിക്കാനും മാനിക്കാനും സാധിക്കുമായിരുന്നില്ല. എന്തുകൊണ്ടെന്നാൽ, കണ്ണിയത്ത് ഉസ്താദും ഇ.കെ ഉസ്താദും സമസ്തക്കു നേതൃത്വം നൽകി ശാന്തസുന്ദരമായി സമസ്ത മുന്നോട്ടു പോകുമ്പോൾ ആ സമസ്തയിൽനിന്ന് ഇറങ്ങിപ്പോരുകയും അവർ ജീവിച്ചിരിക്കെ തന്നെ വേറിട്ട് സമാന്തര സംഘടനയുണ്ടാക്കുകയും ചെയ്തത് ആ രണ്ട് മഹാത്മാക്കൾക്കും ഇഷ്ടമാകില്ലെന്നും അവർ വല്ലാതെ വേദനിച്ചിരുന്നുവെന്നതും സങ്കടപ്പെട്ടിരുന്നുവെന്നതും ഉറപ്പാണ്. ശംസുൽ ഉലമ മരിച്ചപ്പോൾ സ്ഥലത്ത് ഇല്ലാത്തതിനാൽ കാന്തപുരത്തിന് അദ്ദേഹത്തെ സന്ദർശിക്കാൻ സാധിച്ചിരുന്നില്ല. എന്നാലും സുന്നത്ത് ജമാഅത്തിന്റെ വിശ്വാസപ്രകാരം മരിച്ചുപോയ സാധാരണക്കാരെ പോലും നാം സന്ദർശിക്കാറുണ്ട്. (മരിച്ചുപോയ)അവർക്ക് സന്ദർശകരെ തിരിച്ചറിയാൻ സാധിക്കും. ശംസുൽ ഉലമയെ പോലുള്ള മഹാത്മാക്കളാകുമ്പോൾ തീർച്ചയായും കാന്തപുരം അവിടെ വന്നാൽ, ഒരു സലാം പറഞ്ഞാൽ, ഒന്ന് ദുആ ചെയ്താൽ, ഭവ്യതയോടുകൂടി നിൽക്കുന്നത് കണ്ടാൽ ശംസുൽ ഉലമക്ക് ഒരുപക്ഷേ മനംമാറ്റം വന്നെങ്കിലോ?  പക്ഷേ, അതിനുള്ള ധൈര്യം ഇത്രയും കാലം കാന്തപുരത്തിന് കിട്ടിയില്ല. കാരണം ഞാൻ ചെന്നാൽ, ഞാൻ ചെയ്ത ഗുരുതരമായ അച്ചടക്കരാഹിത്യം നിലനിൽക്കവേ ഞാൻ എങ്ങനെ മഹാനവർകളെുടെ അടുത്ത് ചെല്ലുമെന്ന മനസ്സാക്ഷിക്കുത്ത് അദ്ദേഹത്തിന് ഉണ്ടായിരിക്കാം.
 എന്തായാലും പഴയ കാര്യങ്ങൾ പറഞ്ഞ് മുറിവേൽപ്പിക്കേണ്ടതില്ല. ഇന്നദ്ദേഹം ചെയ്തത് വളരെ മാതൃകാപരമായ കാര്യമാണ്. അദ്ദേഹം വരക്കൽ തങ്ങളുടെ, അതിന് തൊട്ടപ്പുറത്തുള്ള മഹാനവർകളുടെ ഖബർ സിയാറത്ത് ചെയ്തശേഷം ഇ.കെ ഉസ്താദിന്റെ ഖബറിടം സന്ദർശിക്കാൻ അദ്ദേഹം തന്നെയാണ് സ്വമേധയാ മുന്നോട്ടുവന്നത്. അതോടെ കൂടെയുള്ളവരും അതിന് നിർബന്ധിതരായി. അദ്ദേഹം അവിടെ ഇരുന്ന്, ശാന്തമായി സലാം ചൊല്ലി, സൂറത്തുകൾ ഓതി ദുആ ചെയ്ത്, വളരെ സന്തോഷത്തോടെ തിരിച്ചുപോയിരിക്കുന്നു.
 മൂന്നരപതിറ്റാണ്ടുകാലം ഇതിന് തയ്യാറാകാത്ത കാന്തപുരം ഉസ്താദ് ഇപ്പോഴതിന് തയ്യാറായത് സ്വാഗതാർഹവും ശുഭകരവും മാത്രമല്ല, അദ്ദേഹത്തിന്റെ മനസ്സിന് ചാഞ്ചല്യം വന്നിട്ടുണ്ട് എന്നാണ് നാം മനസ്സിലാക്കേണ്ടത്. അദ്ദേഹം തീർച്ചയായും ആലോചിക്കണം. ഒരു ഘട്ടത്തിൽ താൻ ഒരുപാട് സേവനം ചെയ്ത സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ താൻ വേറിട്ടു നിൽക്കേണ്ട ആളല്ല, താൻ സമസ്തയോടൊപ്പം ചേർന്നു നിൽക്കേണ്ട ആളാണെന്ന്. നൂറാംവാർഷികം ആഘോഷിക്കുന്നത് സംബന്ധിച്ച് അദ്ദേഹമൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. കാന്തപുരം ഉസ്താദ് വേറിട്ടു നടത്തുന്നതിനു പകരം യഥാർത്ഥ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ബാംഗ്ലൂരുവിൽ നൂറാം വാർഷികം നടത്തുമ്പോൾ തീർച്ചയായും അതിൽ നേരിട്ട് പങ്കാളികളായിക്കൊണ്ട് നമുക്ക് ഒരുമിച്ച് നൂറാം വാർഷികം നടത്താമെന്നതാണ്. ഈ മനസ്സ്, ഈ മാറ്റം ആത്മാർത്ഥമായിരിക്കട്ടെ. അതനുസരിച്ചുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനാവട്ടെ. ഇനി വേറിട്ട് നിൽക്കാതെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽസെക്രട്ടറിയെ അപ്രകാരം അംഗീകരിച്ച് ആ പശ്ചാത്താപ മനോഭാവം അല്ലാഹു സ്വീകരിക്കുകയും അത് മനസാവാചാ കർമണാ പ്രാവർത്തികമാക്കുകയും ചെയ്ത് സമസ്തയെ ഒറ്റക്കെട്ടായി നയിക്കാനും സമസ്തയോട് ഒപ്പം സുന്നത്ത് ജമാഅത്തിന്റെ അണികൾക്കൊപ്പം ഒരുമിച്ച് അണിനിരക്കാനുമുള്ള സാഹചര്യം ഒരുക്കാൻ അങ്ങ് തയ്യാറാകുമെന്ന ഒരു ശുഭാപ്തിവിശ്വാസമാണുള്ളത്. സുന്നത്ത് ജമാഅത്തിന് കരുത്ത് നൽകി, എല്ലാ തെറ്റുകളും തിരുത്തി, മറക്കേണ്ടത് മറന്ന് പരസ്പരം ഒന്നിച്ച് പ്രവർത്തിക്കാം. നൂറാം വാർഷികത്തിന് ബാംഗ്ലൂരുവിലേക്ക് ജനുവരി 28ന് നമുക്ക് ഒരുമിച്ച് മാർച്ച് ചെയ്യാം. അല്ലാഹു അനുഗ്രഹിക്കട്ടെ.


Post a Comment

0 Comments