Flash News

6/recent/ticker-posts

ആകാശത്ത് വിസ്മയം തീർക്കുന്ന ഡ്രോൺ ലൈറ്റ് ഷോ ആദ്യമായി കേരളത്തിൽ

Views

കോഴിക്കോട്: ആകാശത്ത് വിസ്മയം തീര്‍ക്കുന്ന ഡ്രോണ്‍ ലൈറ്റ് ഷോ ആദ്യമായി കേരളത്തില്‍. ബേപ്പൂര്‍ ഇന്‍റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് കേരളത്തില്‍ ആദ്യമായി ഡ്രോണ്‍ ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്.
നാളെ (ഡിസംബര്‍ 26) മുതലാണ് ബേപ്പൂര്‍ ഫെസ്റ്റ്.

മൈസൂര്‍ ദസറയിലും ദീപാവലി ആഘോഷത്തിലും ഐപിഎല്ലിലും നമ്മള്‍ അത്ഭുതത്തോടെ കണ്ട ഡ്രോണ്‍ ലൈറ്റ് ഷോയാണ് ബേപ്പൂരിലും എത്തുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേരള ടൂറിസത്തോടൊപ്പം ഈ വര്‍ഷത്തെ ക്രിസ്മസ്, പുതുവത്സരം ആഘോഷിക്കാന്‍ ക്ഷണിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ബേപ്പൂര്‍ രാജ്യാന്തര വാട്ടര്‍ ഫെസ്റ്റിന്റെ സീസണ്‍ 3 ആണ് ഡിസംബര്‍ 26ന് (നാളെ ) തുടങ്ങുക. ഡിസംബര്‍ 29 വരെ 4 ദിവസമായി നടക്കുന്ന മേളയില്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് ഇനങ്ങളും ഭക്ഷ്യമേളയും മറ്റു കലാപരിപാടികളും ഉണ്ടാകും. ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് വാട്ടര്‍ ഫെസ്റ്റും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്. ബേപ്പൂരില്‍ ചാലിയാര്‍ തീരത്തും മറീന ബീച്ചിലും ചാലിയം, നല്ലൂര്‍, കോഴിക്കോട് ബീച്ച്‌ എന്നിവിടങ്ങളിലുമാണ് ഫെസ്റ്റ്.

സിറ്റ് ഓണ്‍ ടോപ് കയാക്കിംഗ്, വൈറ്റ് വാട്ടര്‍ കയാക്കിംഗ്, ബാംബൂ റാഫ്റ്റിംഗ് തുടങ്ങിയ സാഹസിക ഇനങ്ങള്‍ക്ക് പുറമേ നാടൻ തോണികളുടെ തുഴച്ചില്‍ മത്സരങ്ങള്‍, വലവീശല്‍, ചൂണ്ടയിടല്‍ എന്നിവയും വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും.
അഞ്ച് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന കൈറ്റ് ഫെസ്റ്റ് മേളയുടെ പ്രധാന ആകര്‍ഷണമാണ്. ജല കായിക പരിപാടികള്‍ക്കൊപ്പം കലാ സംഗീത പരിപാടികളും ഉണ്ടാകും. നാളെ രാവിലെ ഏഴ് മണിക്ക് കോഴിക്കോട് ബീച്ചില്‍ നിന്ന് ബേപ്പൂര്‍ ബീച്ചിലേക്ക് നടക്കുന്ന സൈക്കിള്‍ റാലിയോടെ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് ഔപചാരികമായ തുടക്കമാകും. വൈകിട്ട് 6.30ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ബേപ്പൂര്‍ ബീച്ചില്‍ ഉദ്ഘാടനം ചെയ്യുക. നാളെ മുതല്‍ 29 വരെ കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും കപ്പല്‍ പൊതുജനങ്ങള്‍ക്ക് കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.



Post a Comment

0 Comments