Flash News

6/recent/ticker-posts

13 പശുക്കളെ നഷ്ടപ്പെട്ട കുട്ടിക്കർഷകർക്ക് സഹായവുമായി മന്ത്രി ജെ ചിഞ്ചുറാണിയും നടൻ ജയറാമും വീട്ടിലെത്തി; മമ്മൂട്ടിയുടെ വക രണ്ടു പശുക്കൾ

Views

ഇടുക്കി : വെള്ളിയാമറ്റത്ത് സഹോദരങ്ങളായ രണ്ടു കുട്ടിക്കർഷകരുടെ 13 പശുക്കൾ ചത്ത സംഭവത്തിൽ കുടുംബത്തെ ആശ്വസിപ്പിക്കാനും സഹായവാ​ഗ്ദാനം അറിയിക്കാനും ക്ഷീരവികസന മന്ത്രി ജെ ചിന്തുറാണിയും നടൻ ജയറാമും ഇവരുടെ വീട്ടിലെത്തി. ജെ ചിഞ്ചുറാണിക്കൊപ്പം മന്ത്രി റോഷി അഗസ്റ്റിനുമുണ്ടായിരുന്നു.

കുടുംബത്തിന് അഞ്ച് പശുക്കളെ സൗജന്യമായി നൽകുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത ആഴ്ച ഈ പശുക്കളെ കൈമാറും. മാട്ടുപ്പെട്ടിയിൽനിന്ന് എത്തിക്കുന്ന നല്ലയിനം പശുക്കളെയാണ് നൽകുന്നത്. ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും സൗജന്യമായി നൽകും. ഇന്നുതന്നെ മിൽമ അടിയന്തര സഹായമായി 45,000 രൂപ ഇവർക്കു കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ ധനസഹായം നാളത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

പിന്നാലെ നടൻ ജയറാമും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘അബ്രാഹം ഓസ്‍ലറിന്റെ’ അണിയറപ്രവർത്തകരും സഹായവുമായി ഇവരുടെ വീട്ടിലെത്തി. സിനിമയുടെ ട്രെയിലർ ലോഞ്ച് അടക്കമുള്ള ചടങ്ങിനായി വകയിരുത്തിയ അഞ്ചുലക്ഷം രൂപയുടെ ചെക്ക് ജയറാം കുട്ടികൾക്കും കുടുംബത്തിനും കൈമാറി. വർഷങ്ങളായി ക്ഷീരകർഷകനായ തനിക്ക് 13 പശുക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ വിഷമം മനസ്സിലാവുമെന്നും ഇതിനാലാണ് സഹായവുമായി നേരിട്ടെത്തുന്നതെന്നും ജയറാം പറഞ്ഞു. രണ്ടു പശുക്കളെ വാങ്ങുന്നതിനായി മമ്മൂട്ടിയുടെ വക ഒരു ലക്ഷം രൂപ ഉടൻ കുടുംബത്തിനെത്തിച്ചു നൽകുമെന്നും ജയറാം പറഞ്ഞു.

വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു ബെന്നി (15) എന്ന പത്താംക്ലാസുകാരനും കുടുംബവും വളർത്തിയിരുന്ന കന്നുകാലികളാണ് കപ്പത്തൊലിയി കഴിച്ചതും മൂലം കൂട്ടത്തോടെ ചത്തുവീണത്. പിതാവിന്റെ മരണത്തെ തുടർന്നാണ് മാത്യു ബെന്നിയും സഹോദരൻ ജോർജും ചേർന്ന് ഏതാനും വർഷം മുമ്പ് പശുക്കളെ വളർത്തിത്തുടങ്ങിയത്. ഇരുവരുടെയും പശുവളർത്തലിന് അമ്മ ഷൈനിയുടെയും സഹോദരി റോസ് മേരിയുടെയും പൂർണപിന്തുണയുമുണ്ടായിരുന്നു. കുടുംബത്തിന്റെ ഏകവരുമാനമാർ​ഗമായിരുന്നു കന്നുകാലി വളർത്തൽ. ഇതിനു പുറമേ നിരവധി പേരാണ് കുടുംബത്തിന് സഹായഹസ്തം വാ​ഗ്ദാനം ചെയ്തിരിക്കുന്നത്.



Post a Comment

0 Comments