Flash News

6/recent/ticker-posts

161.30 കോടി രൂപയുടെ പദ്ധതി നിർദ്ദേശങ്ങളുമായി ജില്ലാ പഞ്ചായത്ത് വികസന സെമിനാർ

Views

മലപ്പുറം : 161.30  കോടി രൂപയുടെ പദ്ധതി നിർദ്ദേശങ്ങളുമായി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2024-25  സാമ്പത്തിക വാർഷത്തെ വികസന സെമിനാർ   ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ്‌ എം. കെ. റഫീഖ ഉത്ഘാടനം ചെയ്തു. വൈസ്  പ്രസിഡന്റ്  ഇസ്മായില്‍ മൂത്തേടം അധ്യക്ഷനായി.     

ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്‍ എന്‍.എ കരീം  കരട് പദ്ധതി രേഖ അവതരിപ്പിച്ചു.  
പൊതുവിഭാഗം സാധാരണ വിഹിതമായി 52.85 കോടി രൂപയും, പ്രത്യേക ഘടക പദ്ധതിക്കുള്ള വിഹിതമായി  23.26 കോടി രൂപയും, പട്ടിക വർഗ്ഗ വികസന ഫണ്ടായി 1.76 കോടി രൂപയും ധകാര്യ കമ്മിഷന്‍ അവാര്‍ഡ് തൂക ബേസിക്- 8.75 കോടിയും ടൈഡ് ഫണ്ട്- 13.12 കോടിയും ഉള്‍പ്പെടെ ആകെ 99.77 കോടി രൂപയാണ് വികസന ഫണ്ടിനത്തിൽ ജില്ലാ പഞ്ചായത്തിന് ലഭ്യമാകുക. കൂടാതെ മെയിന്റനൻസ് റോഡ്  ഫണ്ടിനത്തിൽ 23.33 കോടി രൂപയും മെയിന്റനൻസ് ഫണ്ട് റോഡിതരത്തിൽ 32.53 കോടി രൂപയും ഉൾപ്പെടെ ആകെ 55.86 കോടി രൂപയും ലഭ്യമാകും കൂടാതെ തനത് ഫണ്ട് 2.2 കോടി രൂപയും മറ്റുളള ഇനത്തില്‍  3.1 കോടി രൂപയും ഉള്‍പ്പെടെ  ആകെ 161.30 കോടി രൂപക്കുളള  പദ്ധതികളാണ് കരട് പദ്ധതി രേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 
   ഉത്പാദന മേഖലയിൽ കാർഷിക അഭിവൃദ്ധിയും വ്യവസായ പുരോഗതിയും ലക്ഷ്യം വെക്കുന്ന പദ്ധതികൾ, അടിസ്ഥാന സാമ്പത്തിക വികസനം, ഭവന  നിർമാണം, വിദ്യാഭ്യാസ രംഗത്തെ വിവിധ പദ്ധതികൾ, സ്കൂൾ നവീകരണം, പുതിയ സയൻസ് ലാബുകൾ, സമഗ്ര ആരോഗ്യ പരിപാടികൾ, വനിതാ ശിശു വികസനം, വയോജന ക്ഷേമം, ആശുപത്രികളുടെ നവീകരണം, ഭിന്ന ശേഷിക്കാർക്കായുള്ള വിവിധ പദ്ധതികൾ, ബഡ്‌സ് സ്കൂൾ നിർമാണം, കരൾ രോഗികൾക്ക് മരുന്ന്, റോഡ് വികസനം, മൃഗ സംരക്ഷണം, ക്ഷീര വികസനം, പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമ പദ്ധതികൾ, മത്സ്യ ബന്ധനം തുടങ്ങി വ്യത്യസ്ത മേഖലകളിൽ തുക ഉൾക്കൊള്ളിച്ചു കൊണ്ടാണ് കരട് പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്.
   
     ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, ആസൂത്രണ സമിതി അംഗം സലീം കുരുവംബലം, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ ആലിപ്പറ്റ ജമീല,  നസീബ അസീസ്സ്, സെക്രട്ടറി എസ്. ബിജു സംസാരിച്ചു.

       ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ ഗ്രൂപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകി.
    ജില്ലാ പഞ്ചായത്തിന് തനത് ഫണ്ട് ഇനത്തിൽ ലഭിക്കാനിടയുള്ള തുകയിൽ നിന്നും 2 കോടി രൂപയുടെ പദ്ധതി ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഫാമുകളുടെയും ജില്ലാ പഞ്ചായത്തിന് വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തിനായി നീക്കിവച്ചതായി പ്രസിഡന്റ്‌ എം. കെ. റഫീഖ പറഞ്ഞു.  വർക്കിംഗ്‌ ഗ്രൂപ്പുകളിൽ നിന്ന് ക്രോഡീകരിക്കുന്ന  നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച്   പദ്ധതികൾ അന്തിമമാക്കുമെന്ന് പ്രസിഡന്റ്‌ പറഞ്ഞു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ


Post a Comment

0 Comments