Flash News

6/recent/ticker-posts

ഇന്ന് മകരവിളക്ക്; ദര്‍ശന പുണ്യം കാത്ത് തീര്‍ഥാടക ലക്ഷങ്ങള്‍; 6 ജില്ലകളില്‍ ഇന്ന് സര്‍ക്കാര്‍ അവധി

Views


പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്സവം. മകരജ്യോതി ദര്‍ശനത്തിനായ സന്നിധാനം ഒരുങ്ങി. മകരവിളക്കിനോട് അനുബന്ധിച്ച മകര സംക്രമ പൂജകള്‍ പൂര്‍ത്തിയായി. പുലര്‍ച്ചെ 2.46ന് മകരസംക്രമ പൂജയോടെ മകരവിളക്ക് ചടങ്ങുകള്‍ക്ക് തുടക്കമായി. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നെത്തിച്ച നെയ്യ് കൊണ്ട് അഭിഷേകം നടത്തി. വൈകിട്ട് 6.15 ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തുക.

പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര ഇന്നു വൈകിട്ട് 5.30നു ശരംകുത്തിയില്‍ എത്തും. അവിടെനിന്നു ദേവസ്വം പ്രതിനിധികള്‍ ചേര്‍ന്നു സ്വീകരിച്ചു സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി പി.എന്‍.മഹേഷ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തിയുള്ള മഹാദീപാരാധന നടക്കും. അതിനു ശേഷമാണു പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയുക.

തുടര്‍ന്ന്, അയ്യപ്പവിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കും. തുടര്‍ന്നാണ് പുണ്യദര്‍ശനമായി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് കാണുക. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അടക്കം നിരവധി പ്രമുഖര്‍ മകരവിളക്ക് ദര്‍ശിക്കും. മകരവിളക്കിനോടനുബന്ധിച്ച് രാവിലെ 9ന് സന്നിധാനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ തമിഴ് പിന്നണി ഗായകന്‍ പി കെ വീരമണിദാസന് മന്ത്രി ഹരിവരാസനം പുരസ്‌കാരം സമ്മാനിക്കും.

അതേസമയം, തൈപ്പൊങ്കല്‍, മകരവിളക്ക് എന്നിവ പ്രമാണിച്ച് ഇന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. സര്‍ക്കാര്‍ കലണ്ടറില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.



Post a Comment

0 Comments