Flash News

6/recent/ticker-posts

നടു വേദന അനുഭവപെടുന്ന കുട്ടികളെ എണ്ണം വർദ്ധിക്കുന്നു: ബാഗ് കനം കുറക്കണമെന്ന ആവശ്യം ശക്തം

Views

നടുവേദന എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ അത് മുതിര്‍ന്നവരെ ബാധിക്കുന്നൊരു ആരോഗ്യപ്രശ്നമായാണ് നാം മനസിലാക്കാറ്.

മുമ്പെല്ലാം പ്രായമായവരെ ബാധിക്കുന്ന ആരോഗ്യപ്രശ്നമെന്ന നിലയിലാണ് നടുവേദന കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് അത് മാറി. ദീര്‍ഘസമയം ഇരുന്ന് ജോലി ചെയ്യുന്നവര്‍, വ്യായാമമില്ലാതെ തുടരുന്ന യുവാക്കള്‍ എന്നിവരിലെല്ലാം നടുവേദന പതിവാകുന്നത് നാം കണ്ടു.

ഇപ്പോഴിതാ നടുവേദന യുവാക്കളെയും കടന്ന് കുട്ടികളില്‍ കൂടി വ്യാപകമാകുന്ന കാഴ്ചയാണ് കാണാനാകുന്നതെന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഇതിന് കുട്ടികളുടെ ഭാരം കൂടിയ സ്കൂള്‍ ബാഗും വലിയൊരളവ് വരെ കാരണമാകുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുട്ടികളുടെ ജീവിതരീതികളും പാടെ മാറിയിരിക്കുന്നു. കുട്ടികള്‍ സ്കൂളിലും ട്യൂഷനിലുമായി ഏറെ സമയം ചിലവിടുന്നുണ്ട്. ദീര്‍ഘനേരം ഇരിക്കുമ്ബോള്‍ ശരീരത്തിന്‍റെ ഘടനയില്‍ വരുന്ന വ്യത്യാസം, അതുപോലെ സ്കൂള്‍ ബാഗിന്‍റെ ഭാരം പതിവായി ചുമക്കുന്നത്, തിരികെ വീട്ടിലെത്തിയാലും ഫോണില്‍ അധികസമയം ചിലവിടുന്നത് എല്ലാം കുട്ടികളിലെ നടുവേദനയ്ക്ക് കാരണമാകാം. 

ഇതില്‍ സ്കൂള്‍ ബാഗിന്‍റെ ഭാരത്തെ ചൊല്ലി ഇടയ്ക്കെല്ലാം ചര്‍ച്ചകള്‍ വരാറുണ്ടെങ്കിലും ഇതിനെ കുറിച്ച്‌ വ്യക്തതയില്ലാത്തവരാണ് ഇപ്പോഴും ഏറെ പേരും. സത്യത്തില്‍ ഓരോ പ്രായത്തിലുള്ള കുട്ടികളും ഉപയോഗിക്കേണ്ട ബാഗിന്‍റെ ഭാരത്തിന് കണക്കുണ്ട്. 

കുട്ടികളുടെ ശരീരഭാരത്തിന്‍റെ 15 ശതമാനത്തില്‍ അധികം ബാഗിന് ഭാരമാകാൻ പാടില്ല എന്നതാണ് കാര്യം. ഒന്നിലും രണ്ടിലും പഠിക്കുന്ന കുട്ടികളാണെങ്കില്‍ 1.5- 2 കിലോ വരെയാണ് പരമാവധി ഭാരമാകാവുന്നത്. 3-5 ക്ലാസ് വരെയുള്ള കുട്ടികളുടെ ബാഗിന്‍റെ ഭാരം 2-3 കിലോ വരെയാകാം. 6-8 വരെയുള്ള കുട്ടികള്‍ക്കാണെങ്കില്‍ 3-4 കിലോ വരെയും 9,10 ക്ലാസിലുള്ള കുട്ടികള്‍ക്കാണെങ്കില്‍ 5 കിലോ വരെയും ആകാം ഭാരം. 

ഇതില്‍ക്കൂടുതല്‍ ഭാരം പതിവായി കുട്ടികള്‍ എടുക്കുന്നത് നടുവേദനയിലേക്ക് നയിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. അതുപോലെ തന്നെ കുട്ടികളില്‍ സ്ട്രെച്ചിംഗ്- വ്യായാമം എന്നിവ പതിവാക്കുന്നതും, ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തുന്നതും, 8 മണിക്കൂര്‍ ഉറക്കം ഉറപ്പിക്കുന്നതുമെല്ലാം
നടുവേദനയ്ക്കുള്ള സാധ്യത കുറയ്ക്കും.


Post a Comment

0 Comments