Flash News

6/recent/ticker-posts

പാണക്കാട് മുഈനലി തങ്ങള്‍ക്ക് വധഭീഷണി; പരാതിയില്‍ ലീഗ് പ്രവര്‍ത്തകനെതിരെ കേസ്; പ്രതി കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരന്‍

Views മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈനലി തങ്ങള്‍ക്ക് വധഭീഷണി അയച്ച സംഭവത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകനായ റാഫി പുതിയകടവിനെതിരെ കേസ്. മുഈനലി തങ്ങളുടെ പരാതിയില്‍ മലപ്പുറം ടൗണ്‍ പോലീസ് ആണ് കേസെടുത്തത്. കലാപാഹ്വാനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വാട്‌സാപ്പ് വഴിയാണ് പാണക്കാട് മുഈനലി തങ്ങള്‍ക്ക് ഭീഷണിസന്ദേശം ലഭിച്ചത്. പാര്‍ട്ടിനേതാക്കളെ വെല്ലുവിളിച്ച് പോകാനാണ് തീരുമാനമെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടിവരുമെന്നും ഇനി പുറത്തിറങ്ങാനാകില്ലെന്നുമായിരുന്നു ശബ്ദസന്ദേശത്തിലുണ്ടായിരുന്നത്.

‘തങ്ങളെ ഈ പോക്ക് പോകാണെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടിവരും. തങ്ങള്‍ കുടുംബത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ തങ്ങള്‍ക്ക് പുറത്തിറങ്ങാനാകില്ല. നേതൃത്വത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകാന്‍ അനുവദിക്കില്ല’ എന്നാണ് ലഭിച്ച ഭീഷണി സന്ദേശം. ഓഡിയോ സന്ദേശമടക്കമാണ് മുഈനലി തങ്ങള്‍ മലപ്പുറം പൊലീസില്‍ പരാതി നല്‍കിയത്.

അതേസമയം, ഭീഷണിക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്നകാര്യം പോലീസ് പരിശോധിക്കട്ടെ എന്നായിരുന്നു പരാതി നല്‍കിയശേഷം മുഈനലി തങ്ങളുടെ പ്രതികരണം. റാഫിയുടെ പശ്ചാത്തലമൊന്നും അറിയില്ല. ലീഗ് പ്രവര്‍ത്തകനാകണമെന്നുമില്ല. പാര്‍ട്ടി മനസ്സിലുണ്ടെങ്കില്‍ നേതാക്കന്മാരുമായും ബന്ധമുണ്ടാകുമല്ലോ. ഒരുപക്ഷേ, ഔദ്യോഗികമായി ബന്ധമുണ്ടാകണമെന്നില്ല. ഭീഷണിപ്പെടുത്തിയതിന്റെ കാരണം എന്താണെന്ന് അയാളോട് ചോദിച്ചാല്‍ മാത്രമേ അറിയാനാകൂ. സമസ്തയോ ലീഗോ പാണക്കാട് കുടുംബമോ തമ്മില്‍ വിഷയങ്ങളൊന്നുമില്ല. വളരെ ഊഷ്മളമായാണ് ആ ബന്ധവും ബഹുമാനവും എല്ലാവരും കൊണ്ടുപോകുന്നതെന്നും പാണക്കാട് മുഈനലി തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞദിവസം മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെയും അബ്ദുസ്സമദ് സമദാനി എം.പിയെയും മുഈനലി തങ്ങള്‍ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചെന്ന പേരില്‍ 2021ല്‍ ലീഗ് ഹൗസില്‍ വെച്ച് മുഈന്‍ അലി തങ്ങള്‍ക്കെതിരെ റാഫി, കടുത്ത ആക്ഷേപവാക്കുകള്‍ പരസ്യമായി ചൊരിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് റാഫിയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ലീഗുമായി ബന്ധപ്പെട്ട ചില അക്രമസംഭവങ്ങളിലും പ്രതിയാണ് റാഫി.



Post a Comment

0 Comments